ഗര്‍ഭിണികള്‍ക്ക് സാധാരണ കണ്ടു വരാറുള്ളതാണ് ദഹനപ്രശ്നങ്ങള്‍. ആഹാരം നന്നായി കഴിയ്ക്കാന്‍ തോന്നി കഴിച്ചതിന് ശേഷം വയറ്റിലും നെഞ്ചിലും എരിച്ചില്‍ ഉണ്ടാകുന്നതെല്ലാം ഇന്ന് പല സ്ത്രീകളിലും കണ്ടുവരുന്നതാണ്. ഏകദേശം 80 ശതമാനത്തോളം ഗര്‍ഭിണികളും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഗര്‍ഭിണി ആയതിന്റെ 27ാം ആഴ്ച മുതല്‍ പല സ്ത്രീകളിലും ദഹനപ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് പ്രസവസമയം അടുക്കുന്നതോടെ കൂടുകയും ചെയ്യും. എന്നാല്‍ ഇവ ഒഴിവാക്കാനും ചില മാര്‍ഗങ്ങളുണ്ട്. ആദ്യമായി വേദനയും നെഞ്ചെരിച്ചിലും അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ വിവരം അരിയിക്കുകയും പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യുക. ദഹനപ്രശ്നങ്ങളാണ് എന്ന് ഉറപ്പാക്കിയാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടു പോകാവുന്നതാണ്.
ചെറിയ അളവില്‍ ഭക്ഷണം ഇടയ്ക്കിടെ കഴിയ്ക്കുക
ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് വിശക്കുകയും നന്നായി ഭക്ഷണം കഴിയ്ക്കാനും ആഗ്രഹമുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ കിട്ടുന്നത് മുഴുവന്‍ ഒറ്റയിരുപ്പിന് തിന്ന് തീര്‍ക്കാതെ കുറച്ചുകുറച്ചായി കഴിയ്ക്കുക. ചെറിയ ഇടവേളകള്‍ എടുത്ത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കുകയാണ് ഈ സാഹചര്യങ്ങളില്‍ ശീലിക്കേണ്ടത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് 2 മണിക്കൂര്‍ കഴിഞ്ഞ് പിന്നെ ഭക്ഷണം കഴിയ്ക്കാം. ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യദായകവും പോഷകസമ്പുഷ്ടവുമായവയ്ക്ക് തന്നെ പ്രാധാന്യം നല്‍കുക.
നിവര്‍ന്നിരുന്ന് കഴിയ്ക്കുക
ഭക്ഷണം എല്ലായ്പ്പോഴും നിവര്‍ന്നിരുന്ന് കഴിയ്ക്കാന്‍ ശീലിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ വയറിലേക്ക് അധികം പ്രഷര്‍ ഉണ്ടാകില്ല. കിടക്കുമ്പോള്‍ തോളും തലയും ക്യത്യമായ പോസിഷനില്വെച്ച് കിടക്കുക. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്നേ അത്താഴം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജിഞ്ചര്‍ ടീ കുടിയ്ക്കുക
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇഞ്ചി ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് ജിഞ്ചര്‍ ടീ കുടിയ്ക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഭക്ഷണങ്ങളില്‍ ഇഞ്ചി ഉപയോഗിക്കുന്നത് സ്വാദ് കൂടാനും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായകരമാണ്.
പഴം കഴിയ്ക്കുക
പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകള്‍ ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം പഴം കഴിയ്ക്കുകയാണ് വേണ്ടത്. പണ്ട് കാലങ്ങളില്‍ ഭക്ഷണത്തിന് ശേഷം പഴം കഴിയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. ദഹനം എളുപ്പമാക്കുന്നതിനൊപ്പം തന്നെ മലബന്ധം ഒഴിവാക്കാനും പഴം സഹായകരമാണ്. അതിനാല്‍ ഗര്‍ഭിണികള്‍ പഴം കഴിയ്ക്കുന്നതുകൊണ്ട് പലതാണ് ഗുണങ്ങള്‍.
എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുക
ഗര്ഭിണികളായതു കൊണ്ട് ആഗ്രഹിക്കുന്നത് എന്തും കഴിയ്ക്കാം എന്ന് കരുതരുത്. അങ്ങനെ ചിന്തിക്കുമ്പോഴാണ് ദഹനപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ തലപൊക്കുന്നത്. പോഷകമൂല്യമുള്ള എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുക. പ്രോബയോട്ടിക് യോഗര്‍ട്ട്, ഫൈബര്‍ സമ്പുഷ്ടമായ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ക്യത്യമായ ആഹാരക്രമം പാലിക്കുക.