spot_img

പ്രമേഹ ബാധിതരുടെ നോമ്പ് കാലത്തെ ഭക്ഷണ ക്രമീകരണം

വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും പുണ്യദിനങ്ങൾ ആണ് റംസാൻ കാലം. ഒട്ടു മിക്ക വീടുകളിലും ഒരു പ്രമേഹരോഗി എങ്കിലും ഉണ്ടായിരിക്കും. എല്ലാവരിലും സംശയം ഉണ്ടാകുന്ന ഒരു കാര്യമാണ് പ്രമേഹരോഗികൾക്ക് നോമ്പ് അനുവദനീയമാണോ അല്ലയോ എന്നുള്ളത്. നമ്മുടെ വീട്ടിലുള്ള പ്രമേഹരോഗിക്ക് നോമ്പ് എടുക്കാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളത് നിങ്ങൾ ചികിത്സിക്കുന്ന ഡോക്ടറുമായി വിദഗ്ധോപദേശം തേടേണ്ടതാണ്. ചില ആളുകൾക്ക് നോമ്പ് എടുക്കാൻ പറ്റും, ചില ആളുകൾക്ക് നോമ്പ് എടുക്കാൻ പറ്റില്ല. വിശുദ്ധ ഖുറാൻ അൽബക്കറ 183 – 185 സൂക്തം പറയുന്നത് ഗുരുതര രോഗമുള്ളവർ നോമ്പിനു പകരം നന്മ പ്രവർത്തിച്ചാൽ മതി എന്നാണ്.

നോമ്പ് എടുക്കാൻ പറ്റില്ല എന്ന് പറയുന്ന രോഗികൾ നോമ്പ് തുടരുകയാണെങ്കിൽ അതിന്റെതായ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ അവർക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ പ്രമേഹരോഗിക്ക് നോമ്പ് അനുവദനീയമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ കഴിക്കുന്ന ഗുളിക ആണെങ്കിലും ഇൻസുലിൻ ആണെങ്കിലും അതിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെ നോമ്പ് എടുത്തോളാൻ ഡോക്ടർ പറയുകയാണെങ്കിൽ സ്വാഭാവികമായുംഅവർക്ക് വരുന്ന അടുത്ത സംശയമാണ് നോമ്പുകാലത്ത് പ്രമേഹബാധിതർക്ക് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നുള്ളത്.

സാധാരണയായി നോമ്പെടുക്കുന്ന ഒരാൾ രാവിലെ സുബ്ഹി നിസ്കാരത്തിന് മുന്നേ എടുക്കുന്ന ഭക്ഷണമാണ് അത്താഴം അല്ലെങ്കിൽ ഇടൈത്താഴം എന്നുള്ളത്. പല ആളുകളും രാവിലെ എണീക്കാനുള്ള മടികൊണ്ട് പലപ്പോഴും അത്താഴം കഴിക്കാതെ നോമ്പ് എടുക്കാറുണ്ട്. അങ്ങനെ ചെയ്യരുത്. ചായ കാപ്പി തുടങ്ങിയ ഡൈയൂററ്റിക്സ് ഭക്ഷണപാനീയങ്ങൾ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറക്കുന്നതിനാൽ നിർജലീകരണത്തിന് സാധ്യത കൂടുതലാണ്.
ചോറ് കഴിക്കാൻ ഇഷ്ടമുള്ളവർ തവിടോടു കൂടിയ മട്ട അരിയുടെ ചോറ് കഴിക്കുക. പ്രോട്ടീൻ ലഭ്യതക്ക് മീനോ ചിക്കനോ കറിയായോ അല്ലെങ്കിൽ മുട്ടയുടെ വെള്ളയോ ഉപയോഗിക്കാം. ഒപ്പം ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. നന്നായി വെള്ളം കുടിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക. ഗോതമ്പിന്റെ മാത്രം ഭക്ഷണം കഴിച്ചാൽ ദാഹം കൂടുമെന്നതിനാൽ ഗോതമ്പിന്റെ കൂടെ അരിയും മറ്റും കൂട്ടി ഉപയോഗിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ മില്ലെറ്റ് ദോശയോ ഓട്സോ ഉപയോഗിക്കാവുന്നതാണ്.

നോമ്പ് തുറക്കായി കാരക്കയോ ഈത്തപ്പഴമോ (1-2) ഉപയോഗിക്കാം. ജ്യൂസുകൾ മധുരമില്ലാതെ ഉപയോകിക്കുക. പഴങ്ങളിൽ ചക്ക, മാങ്ങ, നേന്ത്രപഴം എന്നിവ അന്നജം കൂടുതലുള്ളതായതിനാൽ ഒഴിവാക്കുക. എണ്ണക്കടികൾ ഒഴിവാക്കി പകരം ആവിയിൽ വേവിച്ച ഭക്ഷണപാനീയങ്ങൾ എടുക്കാൻ ശ്രദ്ധിക്കണം. ഡോക്ടറുടെ മരുന്നുകൾ നാം കഴിക്കുന്ന പ്രധാന ഭക്ഷണത്തിനനുസരിച്ച് ക്രമീകരിക്കുക (മുൻപോ ശേഷമോ). തരികഞ്ഞി ഉപയോഗിക്കുന്നവർ മധുരമില്ലാതെയും സൂചി റവ ഉപയോഗിച്ചും ഉണ്ടാക്കുക.

നോമ്പ് തുറന്നു കഴിഞ്ഞാൽ ഇടക്കിടക്ക് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. തറാവീഹ് നിസ്കാരം ചെയ്യുന്നവർക്ക് നോമ്പ് സമയത്ത് വേറെ വ്യായാമത്തിന്റെ ആവശ്യമില്ല, എന്നാൽ തറാവീഹ് നിസ്ക്കാരം ചെയ്യാത്തവർ രാത്രി ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറെങ്കിലും നടക്കാൻ ശ്രദ്ധിക്കുക.

നോമ്പിനിടയിൽ ഷീണമോ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ ഷുഗർ നോക്കി 70mg/dl നു താഴെയോ 300mg/dl നു മുകളിലോ ആണെങ്കിൽ നോമ്പ് മുറിക്കേണ്ടതാണ്. (നോമ്പിനിടയിൽ ഷുഗർ നോക്കിയെന്നു കരുതി നോമ്പ് മുറിയില്ല ☺️).

ചികിൽസിക്കുന്ന ഡോക്ടറുടെ സമ്മതത്തോടെയും, അവരുടെ നിർദ്ദേശപ്രകാരമുള്ള പ്രമേഹ മരുന്നുകളുടെ ഡോസ് വ്യത്യാസത്തോടെയും, സമീകൃത ആഹാരത്തോടെയും പ്രമേഹ ബാധിതർ നോമ്പ് നോൽക്കുകയാണെങ്കിൽ തീർച്ചയായും നല്ല രീതിയിൽ തന്നെ നോമ്പ് എടുക്കാനും നോമ്പിനു ശേഷവും ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും.

തയാറാക്കിയത്

Sudha Sreejesh
Dietitian, Diabetes Educator & Insulin Pump Trainer
Endodiab Center, Perinthalmanna.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.