spot_img

റംസാന്‍ വ്രതവും പ്രമേഹവും

കേരളം പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഇവിടുത്തെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം മുസ്ലിംകളുണ്ട്. അതില്‍ത്തന്നെ പതിവായി നോമ്പെടുക്കുന്ന പ്രമേഹ രോഗികളും വളരെയേറെയുണ്ട്.

ഡോക്ടറെന്ന നിലയില്‍, പല ഇസ്ലാം മത വിശ്വാസികളും എന്നോടു ചോദിക്കാറുണ്ട് എന്താണ് നോമ്പെടുത്താല്‍ പ്രശ്നമെന്ന്. നോമ്പെടുക്കാന്‍ പാടില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു, വിശ്വാസം അല്ലേ എല്ലാം എന്നൊക്കെ. ഇതിന് ഉത്തരം പറയുമ്പോള്‍ ലോകമാകെയുള്ള മുസ്ലിം സമൂഹം എന്താണ് പാലിക്കുന്നതെന്ന് അറിയുന്നത് നന്നായിരിക്കും.

1.4 ബില്യണ്‍ മുസ്ലിംകളുണ്ട് ലോകമാകെ ഇതില്‍ 0.5 മില്യണ്‍ പേര്‍ എല്ലാ ദിവസവും നോമ്പെടുക്കുന്ന പ്രമേഹ രോഗികളാണ്. 13 രാജ്യങ്ങളിലെ 67 ശതമാനം പ്രമേഹമുള്ള മുസ്ലിംകളും എല്ലാ ദിവസവും നോമ്പെടുക്കുന്നുണ്ട് എന്നാണ്. ഇതു കൊണ്ടൊക്കെ, നോമ്പെടുക്കുന്നതു കൊണ്ട് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും അര്‍ഥമില്ല.

പല മതങ്ങളിലും പല വിധത്തിലായി നിലവിലുള്ള അനുഷ്ഠാനമാണ് നോമ്പ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് നോമ്പെടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അഭിപ്രായമുണ്ടായിരുന്നയാളാണ്. ആയുര്‍വേദ ആചാര്യന്‍മാരും നോമ്പിന്റെ ശാരീരികവും മനസികവുമായ ഗുണങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

സെമിറ്റിക് മതങ്ങളിലും ഹിന്ദു മതത്തിലുമുള്ള നോമ്പുകളില്‍ നിന്ന് ഇസ്ലാം മതത്തിലെ നോമ്പിന് വ്യത്യാസങ്ങളുമുണ്ട്. പുലര്‍ച്ചെ നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ 12-14 മണിക്കൂര്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള രീതിയാണത്. ഒരു പ്രമേഹ രോഗി ഇത് എടുക്കുന്നെന്നിരിക്കട്ടെ, രോഗത്തിന്റെ ഭാഗമായി ദാഹമുണ്ടായേക്കാം, നിര്‍ജലീകരണമുണ്ടായേക്കാം. ഹൈപ്പര്‍ ടെന്‍ഷന്‍, രക്താതി സമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയുള്ള രോഗിയാണെങ്കില്‍ കാര്യങ്ങള്‍ വഷളായേക്കാം.

പ്രമേഹ രോഗികള്‍ വ്രതം ഒഴിവാക്കുകയാണ് ഉചിതം

പ്രമേഹ രോഗികള്‍ നോമ്പ് ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. ഇന്റര്‍നാഷനല്‍ ഡയബറ്റിക് ഫെഡറേഷന്‍ മത പണ്ഡിതരുടെയും മറ്റും പങ്കാളിത്തത്തോടെ 2016ല്‍ ഉണ്ടാക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

മൂന്നു തരക്കാരായ പ്രമേഹ രോഗികളുണ്ട്. 1. വെരി ഹൈ റിസ്‌ക്, 2. ഹൈ റിസ്‌ക്, 3, മോഡറേറ്റ് റിസ്‌ക്. ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗക്കാരോട് ഡോക്ടര്‍മാര്‍ നോമ്പ് ഒഴിവാക്കാന്‍ പറഞ്ഞേക്കാം. മറ്റു രോഗാവസ്ഥകളും കൂടി പരിഗണിച്ചാകും ഇത്. വ്യായാമം കൊണ്ടും മറ്റും നിയന്ത്രിച്ചു നിര്‍ത്താവുന്ന മൂന്നാമത്തെ വിഭാഗക്കാരോട് നോമ്പെടുക്കാം എന്നാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്.

ഇത്രയെല്ലാം മാര്‍ഗ നിര്‍ദേശങ്ങള്‍ കൊടുത്താലും നോമ്പെടുക്കണമെന്ന കടുത്ത നിര്‍ബന്ധവുമായി വരുന്ന രോഗികളുണ്ട്. ഹൈ റിസ്‌ക് രോഗികള്‍ നോമ്പെടുക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറഞ്ഞേക്കാം. മറ്റൊന്ന് പഞ്ചസാരയുടെ അളവ് അമിതമായി കൂടുന്ന അവസ്ഥ. ഹൈപ്പര്‍ ഗ്ലൈസീമിയ. നോമ്പിന്റെ സമയത്ത് മരുന്നൊന്നും ആവശ്യത്തിന് എടുക്കാതെ തുറക്കുമ്പോള്‍ ഒന്നിച്ച് കഴിക്കുന്നതു കൊണ്ട് ഇതു വരാം. മൂന്നാമത്തേത് രക്തത്തില്‍ കീറ്റോണ്‍ എന്ന ഘടകത്തിന്റെ അളവ് വളരെയേറെ കൂടുമ്പോള്‍ ഉണ്ടാകുന്ന ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണതയാണ്.

നാലാമത്തേത് നിര്‍ജലീകരണം. ശരീരം ജലാംശമില്ലാതെ വലിയ തോതില്‍ നിര്‍ജ്ജലീകരണത്തിന് വിധേയമാകുന്നത് രോഗങ്ങളുള്ളവരുടെ സ്ഥിതി വഷളാക്കിയേക്കും. അഞ്ചാമത്തേത് ത്രോംബോസിസ്- രക്തം കട്ടപിടിക്കുന്ന അവസ്ഥ.

ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകാം എന്ന വ്യക്തമായ ധാരണയോടെയാകണം വിശ്വാസി നോമ്പെടുക്കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണ രോഗിക്കു മാത്രമല്ല, കുടുംബത്തിനാകെ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

https://www.facebook.com/healthytv.in/videos/2039384293035412/

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.