spot_img

ഗര്‍ഭിണികളിലെ പ്രമേഹം, ജാഗ്രത വേണം

ഇന്ത്യയില്‍ 3.8% മുതല്‍ 21%വരെ ഗര്‍ഭിണികളില്‍ പ്രമേഹം കാണപ്പെടുന്നു. രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് പ്രമേഹം.

സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് ആഹാരത്തിന് മുമ്പ് 100 mg/dl ല്‍ താഴെയും ആഹാരത്തിന് ശേഷം 140 mg/dl-ല്‍ താഴെയും ആയിരിക്കണം.

നാം ഭക്ഷണം കഴിക്കുമ്പോള്‍ അന്നനാളത്തിലെത്തുന്ന ആഹാരം ദഹന പ്രക്രിയക്ക് ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അങ്ങനെ രക്തത്തിലെത്തുന്ന ഗ്ലൂക്കോസ് ശരീരത്തിലെ വിവിധ കലകളിലേക്ക് രക്തത്തിലൂടെ സഞ്ചരിക്കുന്നു. ഈ ഗ്ലൂക്കോസിന് കോശങ്ങള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റ സാന്നിദ്ധ്യം ആവശ്യമാണ്. കോശങ്ങള്‍ക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് കടന്നാല്‍ മാത്രമേ ശരീരത്തിന് വേണ്ടുന്ന ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ സാദ്ധ്യമാകൂ. ഇന്‍സുലിന്റെ അഭാവത്തില്‍ കോശങ്ങള്‍ക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് കടക്കാതിരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് പ്രമേഹം. അതായത് രക്തത്തിലെ ഗ്ലൂക്കോസ് കൂടുതലായിരിക്കുകയും എന്നാല്‍ ശരീരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ ഊര്‍ജ്ജോല്‍പാദന പ്രവര്‍ത്തനങ്ങളോ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഗര്‍ഭാവസ്ഥയിലെ പ്രത്യേകത ഇന്‍സുലിന് എതിരായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ മറുപിള്ളയില്‍(placenta) നിന്ന് പുറത്തു വരുന്നു എന്നതാണ്. തല്‍ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായ ക്രമത്തില്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നു. പ്രമേഹം വരാന്‍ ചെറിയ സാദ്ധ്യത എങ്കിലും ഉള്ളവരില്‍ ഗര്‍ഭ കാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം ഇതാണ്. അതു പോലെ തന്നെ ഗര്‍ഭ കാലയളവില്‍ ആഹാരത്തിന് മുന്‍പുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയില്‍ നിന്ന് കുറയുകയും ആഹാരത്തിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കൂടുകയും ചെയ്യുന്നു. മാത്രവുമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയില്‍ ആയിരിക്കുമ്പോള്‍ തന്നെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഗര്‍ഭാവസ്ഥയില്‍ മൂത്രത്തില്‍ പഞ്ചസാരയുടെ സാന്നിദ്ധ്യം കണ്ടു എന്നതു കൊണ്ടു മാത്രം ഒരാള്‍ക്ക് പ്രമേഹം ഉള്ളതായി പറയാന്‍ കഴിയില്ല.

ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹം രണ്ടു തരത്തിലാകാം. ഒന്ന് ഗര്‍ഭ ധാരണം നടന്നതിനു ശേഷം ഉണ്ടാകുന്ന പ്രമേഹം (gestational diabetes ) . രണ്ടാമത്തേത് ഗര്‍ഭ ധാരണത്തിന് മുന്‍പു തന്നെ സ്ത്രീ പ്രമേഹ ബാധിതയായിരിക്കുന്ന അവസ്ഥയാണ്.

ഗര്‍ഭ കാലയളവില്‍ പ്രമേഹം ഉള്ള സ്ത്രീകളില്‍ ശരീര ഭാരം അമിതമായി വര്‍ദ്ധിക്കുന്നതായി കാണപ്പെടുന്നു. പലപ്പോഴും രക്താതി സമ്മര്‍ദ്ദവും ഇതോടൊപ്പം ഉണ്ടാകാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം അസാധാരണമായി വര്‍ദ്ധിക്കുന്നതു കൊണ്ട് പ്രസവ സമയത്ത് അമ്മയുടെ ഗര്‍ഭാശയ മുഖത്തും യോനീ നാളിയിലും മുറിവുകളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഒപ്പം സിസ്സേറിയന്‍ നിരക്ക് കൂടാനും ഇത് കാരണമാകുന്നു. ശിശുവിന്റെ തോളുകള്‍ തലയെ അപേക്ഷിച്ച് കൂടുതല്‍ വളരുന്നതു കൊണ്ട് പ്രസവ സമയത്ത് തല പുറത്തു വന്നതിനു ശേഷം തോളുകള്‍ പുറത്തു വരാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. വലുപ്പം കൂടിയ തോളുകള്‍ പുറത്തേക്ക് വലിച്ചെടുക്കുമ്പോള്‍ കുഞ്ഞിന് പല രീതിയിലുള്ള ക്ഷതങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൈകളിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാല്‍ കൈകള്‍ പുറകിലേക്ക് തിരിഞ്ഞിരിക്കുന്ന erbs palsy ഉണ്ടാകാം.

പ്രസവ സമയത്ത് കുഞ്ഞിന്റെ തൂക്കം 4 കിലോഗ്രാമില്‍ അധികമാണെങ്കില്‍ അമിത ഭാരമായി കണക്കാക്കപ്പെടുന്നു. അകാരണമായി ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു പോകുന്ന അവസ്ഥയും പ്രമേഹ ബാധിതരായ ഗര്‍ഭിണികളില്‍ കാണാറുണ്ട്.

കൂടാതെ കുഞ്ഞിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് പോവുക, കുഞ്ഞിന് മഞ്ഞയുണ്ടാവുക, കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞു പോവുക, ഹൃദയത്തിന്റെ തകരാറുകള്‍ തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം കുട്ടികളില്‍ കൂടുതലായി കാണുന്നു.

ഗര്‍ഭ ധാരണ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരുന്നാല്‍ ശിശുവിന് അംഗവൈകല്യമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണയായി ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടാകാനുള്ള സാദ്ധ്യത 2% ആണ്. എന്നാല്‍ ഗര്‍ഭ ധാരണ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമാണെങ്കില്‍ അംഗ വൈകല്യം ഉണ്ടാകാനുള്ള സാദ്ധ്യത 10%ആയി ഉയരുന്നു.

അതു പോലെ തന്നെ ഗര്‍ഭ കാലയളവില്‍ അമ്മമാര്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ അമിത വണ്ണം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, തുടങ്ങിയവക്കുള്ള സാദ്ധ്യത കൂടുതലായാണ് കാണുന്നത്.

ഇന്ത്യയിലെ സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹമുണ്ടാകാനുള്ള സാദ്ധ്യത പാശ്ചാസ്ത്യരെക്കാള്‍ പതിനൊന്നു മടങ്ങ് അധികമാണ്. അതു കൊണ്ടു തന്നെ എല്ലാ ഗര്‍ഭിണികളിലും പ്രമേഹം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയുള്ള പരിശോധന ചെയ്യേണ്ടതാണ്.

75g ഗ്ലൂക്കോസ് കഴിച്ചതിനു ശേഷം 2 മണിക്കൂര്‍ കഴിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണ്ണയിക്കുന്നതിലൂടെ (75g OGTT) നമുക്കിത് മനസ്സിലാക്കാന്‍ കഴിയും.

140-ന് മുകളിലാണ് blood sugar എങ്കില്‍ ഗര്‍ഭ കാലയളവിലെ പ്രമേഹം ഉള്ളതായി കണക്കാക്കാം. 200-ന് മുകളിലാണെങ്കില്‍ ഗര്‍ഭ ധാരണത്തിനു മുന്‍പു തന്നെ പ്രമേഹം ഉണ്ടായിരുന്നതായി സംശയിക്കണം. 120 മുതല്‍ 139 വരെയാണെങ്കില്‍ പ്രസവത്തോട് അടുക്കുമ്പോള്‍ പ്രമേഹം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കാം.

ഈ ടെസ്റ്റ് എല്ലാ ഗര്‍ഭിണിമാരിലും ആദ്യത്തെ മൂന്നു മാസത്തില്‍ ഒരിക്കലും അതു കഴിഞ്ഞ് 24-28 ആഴ്ചകള്‍ക്കകവും പിന്നീട് 32-34 ആഴ്ചകള്‍ക്കകവും ചെയ്യേണ്ടതാണ്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.