spot_img

സ്ത്രീകളും വിഷാദരോഗവും : അറിയേണ്ടതെല്ലാം

വിഷാദം അഥവാ സങ്കടം എന്നത് എല്ലാവര്‍ക്കുമുണ്ടാകുന്ന ഒരു വികാരമാണ്. ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രയാസങ്ങളോ വേദനയോ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും അനുഭവപ്പെടുന്ന വികാരമാണ് സങ്കടം. ജീവിതത്തിലെ ആ സാഹചര്യം മാറുമ്പോള്‍ വിഷാദവും തനിയെ മാറുകയാണ് പതിവ്.

എന്നാല്‍ വിഷാദരോഗത്തില്‍ സംഭവിക്കുന്നത് ഇപ്രകാരമല്ല. നീണ്ടുനില്‍ക്കുന്ന സങ്കടം അഥവാ വിഷാദമാണ് ഉണ്ടാകുന്നത്. അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. എന്തെങ്കിലും കാരണമുണ്ടെങ്കില്‍ തന്നെ ഉണ്ടാകുന്ന സങ്കടം ആ കാരണത്തിന് ആനുപാതികവുമായിരിക്കില്ല. സങ്കടത്തോടൊപ്പം തന്നെ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാകുന്നു. ഉറക്കക്കുറവാണ് ഇതില്‍ ഏറ്റവും പ്രധാനം. കിടന്നാല്‍ ഉറക്കം കിട്ടാതെ വരിക, ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുക തുടങ്ങിയവയൊക്കെ സംഭവിക്കാം. ഒരുറക്കം കഴിഞ്ഞ് രാവിലെ 2 മണിക്കോ 3 മണിക്കോ ഉണര്‍ന്നിട്ട് പിന്നീട് ഉറക്കം വരാതെ കിടക്കേണ്ടിവരുന്ന അവസ്ഥ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

വിശപ്പില്ലായ്മ അഥവാ ഭക്ഷണം കഴിക്കാതിരിക്കുക, വല്ലാത്ത ക്ഷീണം, എപ്പോഴും കിടക്കണമെന്ന തോന്നല്‍, കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷം തോന്നാത്ത അവസ്ഥ, ഓര്‍മ്മക്കുറവ് അഥവാ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയവയൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള പ്രയാസങ്ങളോടൊപ്പം മനസ്സില്‍ പല തരത്തിലുള്ള ചിന്തകളും കടന്നുവരുന്നു. എന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ല, ഞാന്‍ എല്ലാവര്‍ക്കും ഭാരമാണ്, കുറ്റബോധം, ആത്മഹത്യാ പ്രവണതകള്‍ തുടങ്ങിയവയും ഉണ്ടാകുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ 70 ശതമാനത്തോളം ആളുകള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

സ്ത്രീകളിലെ വിഷാദരോഗം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വിഷാദരോഗം കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളുടെ ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് ഇതിനു കാരണം. ആര്‍ത്തവത്തോട് അനുബന്ധിച്ചും പ്രസവത്തിനു ശേഷവും ആര്‍ത്തവ വിരാമത്തിലുമൊക്കെ സ്ത്രീകള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രസവാനന്തര വിഷാദം : ഏകദേശം 10 ശതമാനത്തോളം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം കാണപ്പെടുന്നു. വിഷാദരോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളുമായിട്ടാവില്ല പലപ്പോഴും ഇത് പ്രത്യക്ഷപ്പെടുക. ദേഷ്യം, കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ, കുഞ്ഞിന് എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ തുടങ്ങിയവയാവാം ഇവരില്‍ കാണുന്ന ലക്ഷണങ്ങള്‍. ആത്മഹത്യാ ചിന്തകളും ഇവര്‍ക്കുണ്ടാകാം. ഇവര്‍ ആത്മഹത്യാ ശ്രമം നടത്തുമ്പോള്‍ കുട്ടിയെയും കൂടെ കൂട്ടും. പ്രസവാനന്തര വിഷാദം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷേ പലപ്പോഴും അത് തിരിച്ചറിയാതെയും ചികിത്സിക്കപ്പെടാതെയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചും സ്ത്രീകളില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. സങ്കടത്തിന് പകരം പലവിധ ശാരീരിക പ്രയാസങ്ങള്‍, എല്ലാത്തിനോടുമുള്ള ദേഷ്യം, വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങളായിട്ടും ഇത് പ്രത്യക്ഷപ്പെടാം.

വിഷാദരോഗം – കാരണങ്ങള്‍

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിലുണ്ടാകുന്ന ചില രാസവ്യതിയാനങ്ങളാണ് മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. തലച്ചോറിലെ സിറോടോണില്‍, നോര്‍എപ്പിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ വ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. ജനിതകപരമായ ഘടകങ്ങളും സാമൂഹികമായ കാരണങ്ങളും വ്യക്തിത്വവുമൊക്കെ തലച്ചോറില്‍ വ്യതിയാനങ്ങള്‍ വരുന്നതിന് കാരണമാകാം. ഇങ്ങനെ പല ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

ചികിത്സ

ചികിത്സിക്കാന്‍ വളരെ എളുപ്പമുള്ളതും ചികിത്സിച്ചാല്‍ മാറുന്നതുമായ രോഗമാണ് വിഷാദരോഗം. രോഗം തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലാണ് ഇതിനെ രോഗം എന്ന് പറയുക. ഒന്നോ രണ്ടോ ദിവസം മാത്രം പ്രയാസമനുഭവപ്പെടുന്നതിന് മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. അത്തരം അവസ്ഥയില്‍ സൈക്കോളജിസ്റ്റിന്റെ സേവനം തേടാം. എന്നാല്‍ രോഗമായി അനുഭവപ്പെടുമ്പോള്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമാണ്. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണ്ട അളവില്‍ പറയുന്ന കാലത്തോളം കഴിക്കണം. വളരെ ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നിന്റെ അളവ് ക്രമേണ കുറച്ച് പൂര്‍ണ്ണമായി നിര്‍ത്താനും സാധിക്കും. രോഗിയുടെ തെറ്റായ ചിന്തകള്‍ മാറ്റുന്നതിന് മറ്റു തരത്തിലുള്ള ചികിത്സാ രീതികളുമുണ്ട് (Cognitive Therapy).

വീണ്ടും വരുമോ ?

വിഷാദരോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി കഴിക്കണം. പ്രസവാനന്തര വിഷാദമായിട്ടാണ് ആദ്യമായി രോഗം വരുന്നതെങ്കില്‍ അവര്‍ക്ക് ബൈപോളാര്‍ രോഗം (വിഷാദവും ഉന്മാദവും മാറിമാറി വരുന്ന അവസ്ഥ) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ചികിത്സ അത്യാവശ്യമാണ്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.