ജലം നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ഇത് നമ്മുടെ കണ്ണുകളുടെയും സന്ധികളുടെയും സുഗമമായ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യല്‍, ദഹനത്തെ സഹായിക്കല്‍ തുടങ്ങി നിരവധി പ്രധാന കടമകള്‍ നിര്‍വഹിക്കുന്നു. മുതിര്‍ന്നവര്‍ ഒരു ദിവസം എട്ടു മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നിരുന്നാലും കാലാവസ്ഥ പോലുള്ള ഘടകങ്ങളെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.
കൃത്യമായി വെള്ളം കുടിച്ചിട്ടും ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെട്ടാലോ ? നമ്മുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുമ്പോള്‍, ശരീരത്തിലെ ധാതുക്കളുടെ (പഞ്ചസാര, ലവണങ്ങള്‍) സന്തുലിതാവസ്ഥയെ ബാധിക്കും. നിര്‍ജ്ജലീകരണം പരിഹരിച്ചില്ലെങ്കില്‍ ഇത് മസ്തിഷ്‌ക ക്ഷതം, പെട്ടെന്നുള്ള മരണം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ടാണ് കടുത്ത നിര്‍ജ്ജലീകരണം അടിയന്തര ശ്രദ്ധ ആവശ്യമുള്ള മെഡിക്കല്‍ എമര്‍ജന്‍സിയായി കണക്കാക്കുന്നത്.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
നിര്‍ജ്ജലീകരണത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് ദാഹം. സാധാരണ മൂത്രത്തിന്റെ നിറമായിരിക്കില്ല അത്തരം സമയങ്ങളിലെ മൂത്രത്തിന്, കൂടുതല്‍ ഇരുണ്ടതായിരിക്കും. മൂത്രത്തിന്റെ അളവ് കുറച്ച് ജലനഷ്ടം നിയന്ത്രിക്കാന്‍ നിങ്ങളുടെ ശരീരം ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ശിശുക്കളിലുണ്ടാകുന്ന നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
- അവര്‍ കണ്ണുനീര്‍ ഇല്ലാതെ കരയുകയോ കുറച്ച് കണ്ണുനീര്‍ പൊഴിക്കുകയോ ചെയ്യുന്നു.
- ശിശുക്കള്‍ക്ക് അവരുടെ തലയോട്ടിയുടെ അസ്ഥികള്‍ നന്നായി കൂടിച്ചേരാത്ത ഭാഗങ്ങളില്‍ മൃദുവായ പാടുകള്‍ ഉണ്ടാകും (ഫോണ്ടനെല്ലെ). എന്നാല്‍ കുഴിഞ്ഞ മൃദുവായ പാടുകള്‍ നിര്‍ജ്ജലീകരണത്തിന്റെ സൂചനയാണ്.
- വരണ്ട ചുണ്ടും വായും
- 3 മണിക്കൂറിനു ശേഷവും ഡയപ്പര്‍ മൂത്രം കൊണ്ട് നനഞ്ഞില്ലെങ്കില്‍
- കടുത്ത ഇരുണ്ട മഞ്ഞനിറമുള്ള മൂത്രം
- എപ്പോഴും ഉറക്കം തോന്നുന്ന അവസ്ഥ
- അസാധാരണ വേഗത്തിലുള്ള ശ്വസനം
- തണുത്തതും മങ്ങിയതുമായ കൈകാലുകള്‍
കുട്ടികളിലുണ്ടാകുന്ന നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
മിതമായ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ :
- കുട്ടി അനാരോഗ്യവാനാണെന്ന് തോന്നുക
- അലസമായിരിക്കുക
- വളരെ കുറച്ച് മൂത്രമൊഴിക്കുക
- ശ്വസനം കൂടുതല്‍ വേഗത്തിലാകാം. 6 മുതല്‍ 12 മാസം വരെ പ്രായമുള്ള ഒരു കുട്ടിക്ക് ഒരു മിനിറ്റിനുള്ളില്‍ 50 ല്‍ കൂടുതല്‍ ശ്വാസമെടുക്കാം. 12 മാസത്തില്‍ കൂടുതലുള്ള ഒരു കുട്ടി ഒരു മിനിറ്റില്‍ 40 ല്‍ കൂടുതല്‍ ശ്വാസമെടുക്കും.
- ഹൃദയമിടിപ്പ് അസാധാരണമാംവിധം വേഗത്തിലാകാം. ഒരു വയസ്സിന് താഴെയുള്ള കുട്ടികളില്‍ മിനിറ്റില്‍ 160 സ്പന്ദനങ്ങള്‍. 1-2 വയസ്സ് പ്രായമുള്ള കുട്ടികളില്‍ മിനിറ്റില്‍ 150 ല്‍ കൂടുതല്‍ സ്പന്ദനങ്ങള്‍. 2-5 വയസ് പ്രായമുള്ള കുട്ടികളില്‍ മിനിറ്റില്‍ 140 ല്‍ കൂടുതല്‍ സ്പന്ദനങ്ങള്‍.
നിര്‍ജ്ജലീകരണം കഠിനമാണെങ്കിലുള്ള ലക്ഷണങ്ങള്‍ :
- കുട്ടിക്ക് ബോധം മറയുന്നതുപോലെ തോന്നുക
- ചര്‍മ്മം ഇളം നിറമാവുകയോ വിളറുകയോ ചെയ്യുക
- രക്തചംക്രമണം മന്ദഗതിയിലാകുന്നതിനാല്‍ അവരുടെ കൈകാലുകള്‍ തണുക്കുക
- നിര്‍ജ്ജലീകരണം വഷളാകുമ്പോള്‍ കുട്ടികളുടെ ശ്വസനവും ഹൃദയമിടിപ്പും വളരെ വേഗത്തിലാകുക
മുതിര്‍ന്നവരിലുമുണ്ടാകുന്ന നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
മിതമായ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ :
- കുറച്ച് മൂത്രമൊഴിക്കുക
- നിസ്സംഗതയോ ക്ഷീണമോ തോന്നുക
- കരുത്തും ശക്തിയും നഷ്ടപ്പെടുന്നതായി തോന്നുക
- തലകറക്കം അല്ലെങ്കില്‍ ഭാരം കുറഞ്ഞതായി തോന്നുക
- ഓക്കാനം അനുഭവപ്പെടുക
- തലവേദന അല്ലെങ്കില്‍ മസിലുകള്‍ക്ക് വേദന തോന്നുക
- വായ, ചുണ്ടുകള്‍, നാവ്, കണ്ണുകള്‍ എന്നിവ വരണ്ടതായി തോന്നുക
- കുഴിഞ്ഞ കണ്ണുകള്‍
- പള്‍സ് വേഗത്തിലാകുക
നിര്‍ജ്ജലീകരണം കഠിനമാണെങ്കിലുള്ള ലക്ഷണങ്ങള്‍ :
- കൂടുതല്‍ നിസ്സംഗതയും ബലഹീനതയും തോന്നുക
- ആശയക്കുഴപ്പം തോന്നുക
- വളരെ നേരത്തേക്ക് മൂത്രം പോകാതിരിക്കുക (ഏകദേശം 8 മണിക്കൂര്‍)
- വിളറിയതായി കാണുകയും പള്‍സ് വേഗത്തിലാവുകയും ചെയ്യുക
- ബോധം നഷ്ടപ്പെടുന്നതു പോലെ തോന്നുക
- നില്‍ക്കുമ്പോള്‍ തലകറക്കം സംഭവിക്കുകയും കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷവും തലകറക്കം മാറാതിരിക്കുകയും ചെയ്യുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ ശിശുക്കള്‍ക്കും കുട്ടികള്‍ക്കും നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ വെള്ളം മാത്രം നല്‍കരുത്. കാരണം ഇത് അവരുടെ ശരീരത്തിലെ ധാതുക്കളുടെ അളവ് കുറയ്ക്കും. പകരം കുട്ടികള്‍ക്ക് ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷനും (ഒആര്‍എസ്) മുലപ്പാലും നല്‍കിയാല്‍ നഷ്ടപ്പെട്ട ലവണങ്ങള്‍, പഞ്ചസാര എന്നിവയുടെ അളവ് ക്രമീകരിക്കാം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
കടുത്ത നിര്‍ജ്ജലീകരണം ഒരു മെഡിക്കല്‍ എമര്‍ജന്‍സിയായി കണക്കാക്കണം. നിങ്ങളുടെ കുട്ടികള്‍ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് കഠിനമായി തോന്നുന്നില്ലെങ്കിലും ഡോക്ടറെ കാണുക. കൂടാതെ നിങ്ങളുടെ കുഞ്ഞിന് 24 മണിക്കൂറിനുള്ളില്‍ ആറോ അതിലധികമോ തവണ വയറിളകിയെങ്കില്‍ അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നോ അതിലധികമോ തവണ ഛര്‍ദ്ദിച്ചെങ്കില്‍ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടണം.
ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിച്ചിട്ടും നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരത്തിലെ ലവണങ്ങള്‍ (പൊട്ടാസ്യം, സോഡിയം) ശരിയായ തോതിലാണോ എന്ന് കണ്ടെത്താന്‍ ഡോക്ടര്‍ക്ക് നിങ്ങളുടെ രക്തമോ മൂത്രമോ പരിശോധിക്കണ്ടതുണ്ട്.