spot_img

ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ദിവസേനയുള്ള ഓട്ടം

ഒളിംപിക്‌സിലെ പ്രധാന ഇനമാണ് ഓട്ടമത്സരങ്ങള്‍. നമ്മളില്‍ ചിലരെങ്കിലും ഓര്‍ത്തിട്ടുണ്ടാകും ഓട്ട മത്സരങ്ങള്‍ക്ക് എന്താണിത്ര പ്രസക്തിയെന്ന്. രാവിലെ ആറു മണിക്ക് പാര്‍ക്കില്‍ പോയാല്‍ കാണാവുന്ന ഒരു കാഴ്ചയാണ് ഒരാളെങ്കിലും വിയര്‍ത്ത വസ്ത്രത്തില്‍ ഓട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. കുറച്ചു നേരമെങ്കിലും ഓടുന്നത് ഒരു മികച്ച വ്യായാമം തന്നെയാണ്. നമ്മുടെ ശരീരത്തിനു നല്‍കാന്‍ കഴിയുന്നതിലെ ഒരു മികച്ച വ്യായാമമാണ് ഓട്ടം. ഓട്ടം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും വിയര്‍പ്പുണ്ടാക്കുകയും കലോറി എരിച്ചു കളയുകയും ചെയ്യുന്നു. ഒരു മൈല്‍ ഓടുമ്പോള്‍ ഏകദേശം 100 കലോറിയാണ് എരിച്ചുകളയാന്‍ കഴിയുന്നത്. മനുഷ്യശരീരത്തിന്റെ ഘടന ഓട്ടത്തിന് അനുയോജ്യമാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്  .

ഓട്ടം എന്ന വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കിയാലുള്ള 10 പ്രയോജനങ്ങളാണ് ചുവടെ.

1. ഹൃദ്രോഗം മൂലമുള്ള മരണഭയം ഒഴിവാക്കാം

ദിവസവും 10 മിനിറ്റെങ്കിലും ഓടുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ കാര്‍ഡിയോളജി കോളേജ് പുറത്തിറക്കിയ ജേര്‍ണലില്‍ പറയുന്നത്. അമിതമായ ഉത്ക്കണ്ഠ ഒഴിവാക്കാന്‍ ഓട്ടം കൊണ്ട് സാധിക്കും. പാനിക് അറ്റാക്ക് വരുമ്പോള്‍ ആഴത്തില്‍ ശ്വസമെടുക്കാനാണ് ആദ്യം പറയുന്നത്. ശക്തിയില്ലാതെ ശ്വാസമെടുക്കുന്നത് രോഗിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കും. ദിവസേനയുള്ള ഓട്ടം ശ്വാസഗതിയെ ക്രമപ്പെടുത്തും. ഓട്ടം ഒരു എയറോബിക്‌സ് വ്യായാമമായതുകൊണ്ടുതന്നെ രക്തത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനു സഹായിക്കും. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുകയും രക്തസഞ്ചാരം ക്രമപ്പെടുത്തുകയും ചെയ്യും. കൂടാതെ മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ഹോര്‍മോണിനെ ക്രമപ്പടുത്താനും കഴിയും.

2. ഉത്ക്കണ്ഠ മൂലമുണ്ടാകുന്ന അമിത ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നു

ഗവേഷകര്‍ പറയുന്നത് ഓട്ടം ശീലമാക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഫോബിയ (എന്തിനെയെങ്കിലും ഭയപ്പെടുന്ന മനോരോഗം) കളില്‍ നിന്നും രക്ഷ നേടാമെന്നാണ്. കാരണം പലതരത്തിലുള്ള ഫോബിയകളുടെ പ്രധാന ചികിത്സാ രീതി ശ്വാസോച്ഛ്വാസത്തെ ക്രമപ്പെടുത്തുകയെന്നതാണ്. അതായത് നിശ്ചിത ഇടവേളകളില്‍ പതിയെ ശ്വാസോച്ഛ്വാസം നടത്തി അതുവഴി രക്തത്തില്‍ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ സാന്ദ്രത കൂട്ടുകയും തലച്ചോറിലെയും നട്ടെല്ലിലെയും ദ്രാവകത്തിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യും. ദിവസേനയുള്ള ഓട്ടത്തിലൂടെ ശ്വാസോച്ഛ്വാസം ക്രമപ്പെടുത്താന്‍ സാധിക്കും. ഈ ശ്വസനപ്രക്രിയ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കും.

3. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

ഓട്ടത്തിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുകയും തന്മൂലം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പലതരത്തിലുള്ള മാനസികാവസ്ഥകളെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമിക്-പീറ്റിയൂട്ടറി അഡ്രിനീലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്യും. എയറോബിക് വ്യായാമമായ ഓട്ടത്തിലൂടെയും ജോഗ്ഗിങ്ങിലൂടെയും നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സ് കൂടുതലായി പ്രവര്‍ത്തിക്കുകയും മാനസ്സിക പിരിമുറുക്കം മാറ്റുകയും ചെയ്യും. സമ്മര്‍ദ്ദം മാറ്റി ഉന്മേഷത്തോടെയും സന്തോഷത്തോടെയുമിരിക്കാന്‍ സാധിക്കും

4. ദീര്‍ഘകാലമായുള്ള മാനസിക സമ്മര്‍ദ്ദം മാറ്റുന്നു.

മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള പലതരത്തിലുള്ള പരീക്ഷണങ്ങളും മൃഗങ്ങളില്‍ നടത്തിയിട്ടുണ്ട്. എലിയില്‍ നടത്തിയ റണ്ണിങ്ങ് വീലിലൂടെയുള്ള പരീക്ഷണത്തില്‍ നിന്നും ഗവേഷകര്‍ മനസ്സിലാക്കിയത് നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള സമ്മര്‍ദ്ദം, വിഷാദരോഗം എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്. ആറാഴ്ചയ്ക്കുള്ളില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു.

പുതിയ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചു ശരീരത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവിനെ ശക്തിപ്പെടുത്താന്‍ ഓട്ടത്തിലൂടെ കഴിയും. എല്ലാ പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് ഓട്ടത്തിലൂടെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ പറ്റുമെന്നാണ്.

5. നല്ല ഉറക്കം പ്രദാനം ചെയ്യുന്നു

ഓട്ടം ശീലമാക്കിയാല്‍ മൂന്നാഴ്ച കൊണ്ട് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സാധിക്കും. നമ്മുടെ ശരീരത്തിന് ഉറക്കം നല്‍കാന്‍ സഹായിക്കുന്ന സെറോട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടാന്‍ ഓട്ടം കൊണ്ട് സാധിക്കും. മാനസിക സംഘര്‍ഷമെല്ലാം ഒഴിവാക്കി മികച്ച ഉറക്കം ലഭിക്കും. തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനുള്ള കഴിവും ദിവസേനയുള്ള ഓട്ടത്തില്‍ നിന്നും ലഭിക്കും. ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നതിനാല്‍ രാത്രി ചെറിയ ഒരു ജോഗ്ഗിങ്ങിനു ശേഷം ഉറങ്ങാന്‍ കിടന്നാല്‍ നല്ല ആഴത്തിലുള്ള ഉറക്കം ലഭിക്കും.

6. കാല്‍മുട്ടുകള്‍ക്ക് ബലം ലഭിക്കും

കാല്‍മുട്ടിലുണ്ടാകുന്ന തേയ്മാന സാധ്യത ദിവസേന ഓടുന്നവര്‍ക്കുണ്ടാകില്ല. ഓടുന്നതു മൂലം മുട്ടിന്റെ എല്ലിനു ചുറ്റുമുള്ള തരുണാസ്ഥി ബലപ്പെടുകയും മുട്ടിനുണ്ടാകുന്ന വേദനയ്ക്ക് ശമനം ലഭിക്കുകയും ചെയ്യും. നടക്കുകയും മറ്റു വ്യായാമങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവരെ അപേക്ഷിച്ച് ഓട്ടം ശീലമാക്കിയവര്‍ക്ക് താരതമ്യേന കാല്‍മുട്ടിലുണ്ടാകുന്ന തേയ്മാനം കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

7. അസ്ഥിക്ഷയം തടയുന്നു

പ്രായം കൂടുന്തോറും എല്ലുകളിലെ കോശ ധാതുക്കളുടെ സാന്ദ്രത നഷ്ടപ്പെടും, പ്രത്യേകിച്ച് കാത്സ്യം. ഇതുമൂലം ഏതു സമയത്തും എല്ലുകള്‍ ഒടിയുന്ന തരത്തിലുള്ള അസ്ഥിക്ഷയം സംഭവിക്കും. സൈക്ലിംഗ് ചെയ്യുന്നവരെ അപേക്ഷിച്ച് ദിവസേന ഓട്ടം ശീലമാക്കിയവരില്‍ എല്ലുകളിലെ കോശ ധാതുക്കളുടെ സാന്ദ്രത കൂടുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല നട്ടെല്ലിലെ കോശ ധാതുക്കളുടെ സാന്ദ്രത കൂട്ടാനും ദിവസേനയുള്ള ഓട്ടം സഹായിക്കും.

യൂറോപ്യന്‍ കോണ്‍ഗ്രസ്സ് ഓഫ് എന്‍ഡോക്രൈനോളജി നടത്തിയ പഠനത്തില്‍ മറ്റുള്ള വ്യായാമങ്ങളെ അപേക്ഷിച്ച് ഓട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. നീന്തലിനെയും സൈക്ലിങ്ങിനെയും അപേക്ഷിച്ച് എല്ലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നത് ഓട്ടമാണെന്നാണ് പഠനത്തില്‍ പറയുന്നത്.

8. റേഡിയേഷന്‍ ചികിത്സയ്ക്കു ശേഷമുള്ള രോഗമുക്തി

അര്‍ബുദ രോഗചികിത്സയ്ക്കു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ ശ്രമകരമാണ്, പ്രത്യേകിച്ച് റേഡിയേഷന്‍ കഴിഞ്ഞുള്ള മുറിവുകള്‍. എന്നാല്‍ മുറിവുകളും പരിക്കുകളും പറ്റിയ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഓട്ടം കൊണ്ടു സാധിക്കും. ഗവേഷകര്‍ മൂന്നു മാസത്തോളം എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ രക്തത്തിലെ മൂല കോശങ്ങളുടെ ഉല്‍പാദനം കൂടുകയും പുതിയ രക്ത കോശങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയിരുന്നു.

9. ഓര്‍മശക്തിക്കും പഠനമികവിനും

ഓര്‍മശക്തിയും പഠനമികവും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഓട്ടത്തിന്‌ അനുയോജ്യമായ ഒരു ജോഡി ഷൂസ് വാങ്ങുകയെന്നതാണ്. കാരണം ഓര്‍മശക്തിക്കും പഠന മികവിനും ദിവസേനയുള്ള ഓട്ടം നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ഹൃദയമിടിപ്പ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും. അതിനായി ദിവസേന അല്‍പം ഓടുന്നത് നല്ലതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും നമ്മുടെ തലച്ചോറിനെ സഹായിക്കുന്ന ഹിപ്പോകാമ്പസിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനുള്ള കാത്തെപ്‌സിന്‍ ബി പ്രോട്ടീന്‍ മെച്ചപ്പെടുത്താന്‍ ഓട്ടം സഹായിക്കും. മൂഷിക വര്‍ഗത്തില്‍ പെട്ട ജന്തുക്കളിലും, കുരങ്ങിലും മനുഷ്യരിലും ഈ ഗവേഷണം നടത്തിയിട്ടുണ്ട്. കാത്തെപ്‌സിന്‍ ബി കൂടുതലുള്ളവരില്‍ ഓര്‍മശക്തി മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

10. ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കുന്നു.

ഓട്ടത്തിലൂടെ നിങ്ങളുടെ ഏകാഗ്രത വര്‍ധിപ്പിക്കാമെന്നു പഠനങ്ങള്‍ പറയുന്നു. സ്‌പെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ദിവസേന ഓട്ടം വ്യായാമമായി സ്വീകരിച്ച 22 പേരെയും വ്യായാമം ചെയ്യാത്ത 20 പേരെയും ഒരു കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുത്തി, ശേഷം സ്‌ക്രീനില്‍ തെളിയുന്ന പൂണ്ണ ചുവന്ന വൃത്തം കണ്ടെത്താന്‍ പറഞ്ഞു. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഓട്ടം വ്യായാമമായി സ്വീകരിച്ച 22 പേരും വളരെ വേഗത്തില്‍ വൃത്തങ്ങള്‍ കണ്ടെത്തി. ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ദിവസേനയുള്ള ഓട്ടം സഹായിക്കുമെന്ന് ഇതിലൂടെ ഗവേഷകര്‍ കണ്ടെത്തി.

ഇതുകൂടാതെ ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനും, രതിമൂര്‍ച്ഛ കൂട്ടാനും, ഉദ്ധാരണക്കുറവ് പരിഹരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനും, ശരീരത്തിന്റെ അഴകളവുകള്‍ മെച്ചപ്പെടുത്താനും, രക്താതിസമ്മര്‍ദ്ദം ക്രമപ്പെടുത്താനും ദിവസേനയുള്ള ഓട്ടം നിങ്ങളെ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.