ഏതെങ്കിലുമൊക്കെ സമയത്ത് ദേഷ്യം വരാത്തവര്‍ ആരുമില്ല. അത് വലിയ പ്രശ്നമൊന്നുമല്ല. എന്നാല്‍ എന്തിനും ഏതിനും ദേഷ്യം വരുന്നത് ഒരു പ്രശ്നം തന്നെയാണ്. ദേഷ്യം വന്നാല്‍ നിയന്ത്രണം വിട്ട് വായില്‍ തോന്നിയതെന്തും വിളിച്ചു പറയും ചിലര്‍. പലപ്പോഴും ഇതിന് വലിയ വില കൊടുക്കേണ്ടി വരും ഇവര്‍ക്ക്. അമിത കോപത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വിഷാദം, നിരാശ, ഉത്കണ്ഠ, അപകര്‍ഷതാ ബോധം, ആത്മവിശ്വാസ കുറവ് എന്നിങ്ങനെ പോകുന്നു ഇവ. ദേഷ്യത്തിന്റെ കാരണം എന്തെന്ന് മനസിലാകാത്തത് കൊണ്ട് തന്നെ കൂടുതല്‍ സങ്കീര്‍ണ്ണമാകും അവസ്ഥ. ദേഷ്യം പരിധി കടന്ന് ഉയര്‍ന്ന രക്തസമ്മര്‍ദം, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവയില്‍ എത്തി നില്ക്കും ഈ പ്രശ്നം.
ദേഷ്യം വരുമ്പോള്‍ ആരോടാണ് സംസാരിക്കുന്നത്, എന്താണ് പറയുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പോലും മറന്നു പോകുന്നു. ഒടുവില്‍ പ്രിയപെട്ടവരെ നഷ്ടപ്പെടാന്‍ പോലും ഇത് കാരണമാകും. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ദേഷ്യം കാര്യമായി കുറയ്ക്കാം. ദേഷ്യത്തെ മനസിലാക്കുക. എന്ത് കാര്യത്തിനാണ്, ആരോടാണ് ദേഷ്യം എന്നത് മനസിലാക്കുക. ദേഷ്യം വന്നാല്‍ ഏത് രീതിയിലാണ് പ്രതികരിക്കുന്നതെന്നും പരിശോധിക്കുക. ദേഷ്യം നിങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്നും നോക്കുക. കോപം മൂലം ഉറ്റവരെ നഷ്ടപ്പെടുന്ന അവസ്ഥയിലാണോ നിങ്ങള്‍ എന്നും വിലയിരുത്തുക. ഇത് സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാനും ദേഷ്യം കുറക്കാനും സഹായിക്കും.
ദേഷ്യം വരുമ്പോള്‍ പത്ത് വരെ എണ്ണുക. കടുത്ത ദേഷ്യമാണെങ്കില്‍ നൂറു വരെയും. എണ്ണാന്‍ എടുക്കുന്ന സമയം കൊണ്ട് നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുകയും ക്രമേണ ദേഷ്യം വിട്ട് മാറുകയും ചെയ്യും. ദേഷ്യം വരുമ്പോള്‍ നിങ്ങളുടെ ശ്വസന പ്രക്രിയ ത്വരിത ഗതിയില്‍ ആകുന്നു. ഇതിനെ മറികടക്കാനായി ദീര്‍ഘ നിശ്വാസം എടുക്കുക. മൂക്കിലൂടെ ദീര്‍ഘ ശ്വാസമെടുത്ത് വായിലൂടെ പുറത്തു വിടുക. ഇത് ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും. എപ്പോഴാണോ നിങ്ങള്‍ക്ക് നിയന്ത്രണം വിടുന്നതായി തോന്നുന്നത് അപ്പോള്‍ പതിയെ നടക്കാന്‍ ഇറങ്ങുക. വീട്ടിലോ ഓഫീസ് സ്പേസിലോ എവിടെയാണെങ്കിലും രണ്ട് ചുവടു വെക്കുക. ഇത് നാഡികളെ അയക്കുകയും നിങ്ങളെ ശാന്തരാക്കുകയും ചെയ്യും.
സംഗീതം നല്ലൊരു മരുന്ന് കൂടിയാണ്. പ്രത്യേകിച്ച് മാനസികാരോഗ്യം കൂട്ടാന്‍ സംഗീതത്തേക്കാള്‍ നല്ല വഴിയില്ല. ദേഷ്യം വരുമ്പോഴും സംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോഴും കുറച്ച് സമയം പാട്ട് കേള്‍ക്കുക. നിങ്ങളുടെ ദേഷ്യം പമ്പ കടക്കും. ദേഷ്യം വരുമ്പോള്‍ എന്ത് പറഞ്ഞാലും പ്രശ്നമാകും. നിങ്ങളെയും പ്രിയപ്പെട്ടവരെയും മുറിവേല്‍പ്പിക്കും ഇത്. അതുകൊണ്ട് ദേഷ്യം വരുമ്പോള്‍ പരമാവധി മിണ്ടാതിരിക്കാന്‍ ശ്രമിക്കുക. മനസ് ശാന്തമാകുന്നതായി കാണാം.
അരിശം മുഴുവന്‍ എഴുതി തീര്‍ക്കുക. നിങ്ങളുടെ ദേഷ്യം രേഖപ്പെടുത്താനായി ഒരു ബുക്ക് കയ്യില്‍ സൂക്ഷിക്കുക. ഇതില്‍ ദേഷ്യം വന്നിട്ടുള്ള സാഹചര്യങ്ങള്‍ എഴുതി വയ്ക്കുക. ഇത് കൃത്യമായി പരിശോധിച്ച് ദേഷ്യം വരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുക. ഇത് ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ സഹായിക്കും. വ്യായാമം, യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നത് മനസ് ശാന്തമാക്കാന്‍ സഹായിക്കും. വ്യായാമം രക്തസമ്മര്‍ദ്ദം കുറക്കാനും നല്ലതാണ്. ഏതെങ്കിലുമൊക്കെ പ്രവര്‍ത്തികളില്‍ മുഴുകുന്നത് ദേഷ്യം കുറക്കാന്‍ നമ്മെ സഹായിക്കും.
ചിത്രകല, നൃത്തം, ഗാര്‍ഡനിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ദേഷ്യം മാറാന്‍ സഹായിക്കും. വികാരങ്ങളെ പുറത്തു വിടാനുള്ള വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം. ഇത് നിങ്ങളുടെ ദേഷ്യത്തെ വഴിതിരിച്ചു വിടാന്‍ സഹായിക്കും. ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് മാനസിക നില മെച്ചപ്പെടുത്താന്‍ നല്ലതാണ്. രാവിലെ നടക്കാനോ ഓടാനോ പോവുന്നത് ദേഷ്യം കുറക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ മനോനില ശരിയാക്കുകയും ചെയ്യും.
സഹായം തേടുന്നത് മോശം കാര്യമൊന്നുമല്ല. പ്രശ്നത്തിലാകുമ്പോള്‍ അടുത്ത കൂട്ടുകാരോട് സംസാരിക്കാന്‍ ശ്രമിക്കുക. സംസാരത്തിലൂടെ എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. ഇതൊന്നും ശരിയായില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ്ധ സഹായം തേടുക. ചിലപ്പോള്‍ ഒരു കൗണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്നങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുണ്ടാകൂ. ലഹരി വസ്തുക്കളുടെ ഉപഭോഗം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ തെറാപ്പിയും ചികിത്സകളും സ്വീകരിച്ചാല്‍ മാറ്റാവുന്നതേയുള്ളൂ നിങ്ങളുടെ ദേഷ്യം.