spot_img

ദേഷ്യം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ

പെട്ടെന്ന് ദേഷ്യം വന്നാൽ നാവിന്റെയും എന്തിന് ശരീരത്തിന്റെ പോലും നിയന്ത്രണം വിട്ടു പോകുന്നവർ ധാരാളമാണ്. എല്ലാ മനുഷ്യന്റെ ഉള്ളിലും ദേഷ്യം എന്ന വികാരം അടങ്ങിയിരിക്കുന്നു. എന്നാൽ ചിലർക്ക് തങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ സാധിക്കാറില്ല. ഒരു നിമിഷത്തെ പൊട്ടിത്തെറിച്ചുള്ള സംസാരത്തിലും പ്രവർത്തിയിലും മറ്റെല്ലാം മറന്നുപോകുന്നവരാണ് ഇത്തരക്കാർ. ഇത് പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാൻ കാരണമാകുന്നു. മാനസികമായും ശാരീരികമായും അമിതദേഷ്യം മൂലം ദോഷങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. ദേഷ്യം ഉണ്ടാകുന്ന സമയത്ത് ഹ്യദയമിടിപ്പ് വർധിക്കുകയും രക്തസമ്മർദം ഏറുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുക, സ്വഭാവത്തിലുണ്ടാകുന്ന വൈകല്യങ്ങൾ, ആക്രമണ മനോഭാവം എന്നിവയെല്ലാം കോപത്തിന്റെ ദൂഷ്യവശങ്ങളാണ്.

 

ക്യത്യമായ രീതിയിലൂടെ നിങ്ങളിലെ ദേഷ്യത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. വായന, ദീര്‍ഘനിശ്വാസം എടുക്കുക, യോഗ,മെഡിറ്റേഷൻ, സ്വയം സംസാരിക്കുന്ന ശീലം വളർത്തിയെടുക്കുക എന്നിവയിലൂടെ ദേഷ്യത്തെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും. ദേഷ്യം നിയന്ത്രിക്കുന്നതിലൂടെ അടർന്നുപോയ വ്യക്തിബന്ധങ്ങൾ, ശാരീരിക മാനസിക പ്രശ്‌നങ്ങൾ എന്നിവയ്‌ക്കെല്ലാം പരിഹാരവും കണ്ടെത്താനാകും.നിങ്ങളുടെ ദേഷ്യം നിയന്ത്രണാതീതവും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമാണെങ്കിൽ തീർച്ചയായും അവ നിയന്ത്രിക്കാൻ താഴെ പറയുന്നവ പരീക്ഷിക്കാവുന്നതാണ്.

 

നൂറിൽ നിന്ന് താഴേക്ക് എണ്ണുക

ദേഷ്യം വരുമ്പോൾ 10 മുതൽ താഴേക്ക് എണ്ണുക എന്ന് പണ്ടുമുതൽ കേൾക്കാറുണ്ട്. എന്നാൽ വിദഗ്ധർ  100 മുതൽ താഴേക്ക് എണ്ണുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് പറയുന്നു. ദേഷ്യം വരുന്ന സമയത്ത് എന്താണ് പറയേണ്ടത്, ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയില്ലാത്ത അവസ്ഥയിലയിരിക്കും തലച്ചോർ. ഈ സമയത്ത് ദീർഘനിശ്വാസമെടുത്ത് 100 മുതൽ താഴേക്ക് എണ്ണുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മനസ് കൂടുതൽ ശാന്തമാകുകയും ദേഷ്യം തണുത്ത് എന്താണ് യുക്തിപൂർവ്വമായി ചെയ്യേണ്ടതെന്ന് ക്യത്യമായി മനസിലാക്കാൻ സമയം ലഭിക്കുകയും ചെയ്യും.

 

ഞാൻ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുക

ദേഷ്യം വരുമ്പോൾ മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയിൽ അൽപം ശ്രദ്ധ കൊടുത്താൽ അവരെ വേദനിപ്പിക്കാതെ നമ്മുടെ ദേഷ്യം പ്രകടമാക്കാൻ സാധിക്കും. എനിക്ക് ആ പറഞ്ഞത് വേദനിച്ചു. എനിക്ക് സങ്കടമുണ്ടായി, എന്ന തരത്തിൽ പറയുക. മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ പലപ്പോഴും മോശം വാക്കുകളും പറഞ്ഞെന്നു വരാം. ദേഷ്യം വരുമ്പോൾ നിലവിലെ നിങ്ങളുടെ അവസ്ഥ പറയുക. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലൂടെ നിങ്ങൾ തമ്മിലുള്ള ബന്ധം വഷളാകാനും നിങ്ങളുടെ വാക്കുകൾ അവരുടെ മനസിനെ മുറിപ്പെടുത്താനും കാരണമായേക്കാം.

 

ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ നിന്ന് മാറി നിൽക്കുക

നിയന്ത്രണം നഷ്ടപ്പെട്ട് ദേഷ്യം വരുന്ന ഇടങ്ങളിൽ നിന്ന് അൽപനേരം മാറി നിൽക്കുന്നത് ദേഷ്യം നിയന്ത്രിക്കാൻ വളരെയേറെ സഹായകരമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ സംസാരിക്കുന്നവർക്കിടയിൽ നിന്നും മാറിനിൽക്കാം, കുട്ടികൾ പറയുന്നത് അനുസരിക്കാതിരുന്നാൽ അൽപനേരം അവരുടെ അടുത്ത് നിന്ന് മാറിനിൽക്കാം, ഈ സമയം മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയോ, ഒരു ചായ കുടിയ്ക്കുകയോ ഒക്കെയാകാം. ഇതെല്ലാം നിങ്ങളുടെ ഉള്ളിലെ ദേഷ്യത്തെ തണുപ്പിക്കും.

 

ദീർഘനിശ്വാസം എടുക്കുക

ദേഷ്യം വരുന്ന സമയത്ത് ദീർഘനിശ്വാസം എടുക്കുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ സ്‌ട്രെസിനെ കുറയ്ക്കാനും സാധാരണ മാനസിക നിലയിലേക്ക് എത്താനും സഹായിക്കുന്നു. പലതവണ സമയമെടുത്ത് ചെയ്യുന്ന ദീർഘ നിശ്വാസത്തിലൂടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കൂടുകയും ഹ്യദയമിടിപ്പിന്റെ വേഗം സാധാരണനിലയിലേക്ക് എത്തുകയും ചെയ്യും. സാധാരണനിലയിൽ ദേഷ്യം വരുമ്പോൾ 10 തവണയെങ്കിലും ദീർഘനിശ്വാസം ചെയ്യുന്നത് ഉത്തമമായിരിക്കും.

 

സ്വയം സംസാരിക്കുക

ദേഷ്യം വരുന്ന സമയത്ത് അതിനെ കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. ഇത് ദേഷ്യമെന്ന വികാരത്തെ തണുപ്പിക്കുന്നു. അതോടൊപ്പം സ്വയം സംസാരിക്കുന്നതിലൂടെയും ദേഷ്യം നിയന്ത്രിക്കാം. എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്നും ആ പ്രശ്‌നത്തിനുള്ള പരിഹാരവും സ്വയം കണ്ടെത്താൻ ഇത്തരം സംസാരത്തിലൂടെ സാധിക്കും.

 

വ്യായാമം,മെഡിറ്റേഷൻ,യോഗ

അമിത ദേഷ്യമുള്ളവരിൽ അധികം ആളുകളും പരിശീലിക്കുന്നവയാണ് മെഡിറ്റേഷനും യോഗയും വ്യായാമവും. നടത്തം,നീന്തൽ,കിക്ക് ബോക്‌സിങ് പോലുള്ള ആയോധന കലകൾ അഭ്യസിക്കുന്നവരിൽ പെട്ടെന്ന് ദേഷ്യപ്പെടാനുള്ള സാധ്യത കുറവാണ്. വ്യായാമം ചെയ്യുന്നവരിൽ എൻഡ്രോഫിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർധിക്കുന്നു. ഇത് ദേഷ്യത്തെ നിയന്ത്രിച്ച് നിർത്താൻ സഹായകരമാണ്. മെഡിറ്റേഷൻ,യോഗ എന്നിവയിലൂടെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. മനസ് ശാന്തമാക്കാനും, നല്ല ഉറക്കം ലഭിക്കാനും ജീവിതത്തെ പോസിറ്റീവായി കാണാനും മെഡിറ്റേഷനും യോഗയും സഹായിക്കുന്നു

 

എഴുതുക

നിങ്ങളെ എന്തൊക്കെ കാര്യങ്ങളാണ് ദേഷ്യം പിടിപ്പിക്കുന്നതെന്ന് ഒരു ഡയറിയിൽ എഴുതുക. ദേഷ്യത്തിന്റെ കാരണവും, ദേഷ്യം വരുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരവുമെല്ലാം വിശദമായി എഴുതാവുന്നതാണ്. ഇത്തരം എഴുത്തുകളിലൂടെ നിങ്ങളുടെ ദേഷ്യത്തിന്റെ യഥാർത്ഥ കാരണവും അതിനുള്ള പരിഹാരവും നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.

 

കൗൺസിലിങ് സഹായം

അമിതമായി ദേഷ്യപ്പെടുന്നവർക്ക് ഇന്ന് കൗൺസിലിങ് നൽകുന്നത് സർവസാധാരണമാണ്. ദേഷ്യം നിയന്ത്രിക്കുന്ന കൗൺസിലിങ് ക്ലാസുകളിൽ പങ്കെടുക്കുക. ഒരു വിദഗ്ധനായ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് അമിതമായ കോപം നിയന്ത്രിക്കാൻ സാധിക്കും. എന്താണ് ദേഷ്യത്തിന് പിന്നിലെ കാര്യമെന്നും എങ്ങനെ അത് നിയന്ത്രിക്കാമെന്നുമെല്ലാം തെറാപ്പിസ്റ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് മനസിലാക്കാം. പലർക്കും പല സാഹചര്യങ്ങളിലാണ് ദേഷ്യം ഉണ്ടാകുക. അതിനാൽ അവ ഏതാണ് എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അമിതമായി ദേഷ്യപ്പെടുന്നവരാണ് ഇത്തരം നിർദേശങ്ങൾപരിഗണിക്കേണ്ടത്.  

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.