spot_img

കുട്ടികളിലെ അമിതവണ്ണത്തിന്റെ ഏഴു കാരണങ്ങളും പ്രതിവിധിയും

തടിച്ച ശരീരപ്രകൃതിയുള്ള കുട്ടികള്‍ വളരെ ഭംഗിയുള്ളവരും ഓമനത്തമുള്ളവരാണ്. എന്നാല്‍ ആറു വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരു കുട്ടിക്ക് പൊണ്ണത്തടിയുണ്ട്. കുട്ടികളിലെ ഈ അമിതവണ്ണം ഒരു പകര്‍ച്ചവ്യാധിപോലെ ലോകത്തെല്ലായിടത്തും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഇത് അത്യന്തം അപകടകാരിയുമാണ്.

കുട്ടികളിലെ അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, ഉറക്ക വൈകല്യങ്ങള്‍, എല്ലിനുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്കു കാരണമാകാം. മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ഇത്തരക്കാര്‍ കൂടുതല്‍ വഴക്കാളികളുമായിരിക്കും. മാത്രമല്ല എവിടെ പോയാലും തന്നിലേക്കു തന്നെ ഒതുങ്ങാന്‍ ഇഷ്ടപ്പെടുന്നവരും വിഷാദമനുഭവിക്കുന്നവരും ആയിരിക്കും. ചെറുപ്പത്തിലുണ്ടാകുന്ന ഈ പൊണ്ണത്തടി വലുതായാലും നിരവധി ആരോഗ്യപ്രശ്നങ്ങളായി ഇവരെ വേട്ടയാടും.

 

ഇതെല്ലാം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്സ് (BMI) പരിശോധിക്കുകയാണ്. 85 ശതമാനത്തില്‍ കൂടുതലും 95 ശതമാനത്തില്‍ കുറവുമാണെങ്കില്‍ അമിതഭാരവും  95 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പൊണ്ണത്തടിയുമാണ്. കുട്ടികളിലെ അമിതവണ്ണത്തിന്റെ ഏഴു കാരണങ്ങളും പ്രതിവിധിയും ചുവടെ പറയുന്നു.

 1. ജോലിക്കു പോകുന്ന മാതാപിതാക്കള്‍ / ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന അച്ഛന്‍ അല്ലെങ്കില്‍ അമ്മ

ജോലിക്കു പോകാനുള്ള തിരക്കിനിടയില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഇത് കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കാനുളള അവസരമുണ്ടാക്കും. രുചിയുള്ള വറുത്ത പലഹാരം കിട്ടുമ്പോള്‍ ഏതു കുട്ടിയാണ് പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ജോലിക്കു പോകുന്ന മാതാപിതാക്കളോ ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന അച്ഛന്‍ അല്ലെങ്കില്‍ അമ്മയോ പലപ്പോഴും പുറത്തുള്ള ഭക്ഷണമായിരിക്കും കൂടുതല്‍ ആശ്രയിക്കുക അല്ലെങ്കില്‍ ഒരാഴ്ചത്തേക്ക് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഉച്ച/രാത്രി ഭക്ഷണം. ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ടാകും. തണുത്തുറഞ്ഞ ഭക്ഷണത്തില്‍ നിന്നും പോഷകാംശങ്ങള്‍ എല്ലാം പോയിട്ടുമുണ്ടാകും.

നിങ്ങള്‍ ചെയ്യേണ്ടത്

 1. കുട്ടികള്‍ ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നതെന്നു നിരീക്ഷിക്കാന്‍ ഒരു പാചകക്കാരനെ/മേല്‍നോട്ടക്കാരനെ നിയോഗിക്കുക.
 2. രാവിലെയോ വൈകിട്ടോ ഒന്നു രണ്ടു മണിക്കൂര്‍ പാചകത്തിനായി മാറ്റി വയ്ക്കുക-കുട്ടികള്‍ക്കും നിങ്ങള്‍ക്കും ഒരുപോലെ നല്ല ഭക്ഷണം കഴിക്കാം.
 3. അച്ഛനും അമ്മയും ഓരോ ദിവസം മാറി മാറി പാചകം ചെയ്യുക.

2.വീടിനുള്ളിലെ കളിയും ടിവിയുടെ അമിത ഉപയോഗവും

നമ്മുടെ കുട്ടികള്‍ക്കുള്ളതിനേക്കാള്‍ മികച്ച കുട്ടിക്കാലമായിരുന്നു നമ്മുടേത് എന്ന് ചിന്തിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. ഇതില്‍ വാസ്തവമുണ്ട് താനും. മൊബൈലിന്റെയും ടി.വിയുടെയും പ്രചാരമില്ലാതിരുന്ന അക്കാലത്തെ കുട്ടികള്‍ക്ക് ഗ്രൗണ്ടില്‍ കളിക്കാനും മറ്റുമായി ഒരുപാട് സമയം ഉണ്ടായിരുന്നു. വ്യായാമമാണെന്ന് അറിയാതെ തന്നെ ഓട്ടത്തിലും ചാട്ടത്തിലും ഏര്‍പ്പെടുമായിരുന്നു. തന്മൂലം പൊണ്ണത്തടിയുടെ സാധ്യത വളരെ കുറവായിരുന്നു.

 ഇപ്പോഴത്തെ കുട്ടികള്‍ ടിവി ഷോകള്‍ കണ്ടും വീഡിയോ ഗെയിം കളിച്ചും ഇരിപ്പിടത്തില്‍ തന്നെ ഒതുങ്ങുകയാണ്. അതുകൊണ്ടുതന്നെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി പൊണ്ണത്തടിയുണ്ടാകുന്നു.

 നിങ്ങള്‍ ചെയ്യേണ്ടത്

 1. പെട്ടെന്നു കുട്ടികളെ സ്‌ക്രീനിന്റെ മുന്നില്‍ നിന്നു മാറ്റുന്നത് അവരില്‍ ദേഷ്യമുണ്ടാക്കും. അതുകൊണ്ടുതന്നെ വിജ്ഞാനപ്രദമായ ഗെയിം, വീഡിയോ എന്നിവ കാണിക്കാന്‍ ശ്രമിക്കുക.
 2. നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഗെയിം, വീഡിയോ എന്നിവ കാണിക്കാന്‍ ശ്രമിക്കുക.
 3. കുട്ടികള്‍ തങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുമ്പോള്‍ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.
 4. കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണ് പഠിക്കുന്നത്. അതിനാല്‍ വീട്ടിലുള്ള മുതിര്‍ന്നവര്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
 5. സ്‌കൂള്‍ ബസ് ഒഴിവാക്കി പകരം നടന്നോ സൈക്കിള്‍ ചവിട്ടിയോ സ്‌കൂളില്‍ പോകാന്‍ ശീലിപ്പിക്കുക. പക്ഷേ ചുറ്റുപാട്‌ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.

3.മാനസിക പിരിമുറുക്കങ്ങളും വിഷാദവും

 മാനസിക പിരിമുറുക്കങ്ങളും വിഷാദ രോഗങ്ങളും അനുഭവിക്കേണ്ട പ്രായമല്ല കുട്ടിക്കാലം. എന്നിരുന്നാലും ഏകദേശം രണ്ട് ശതമാനം കുട്ടികളിലും 48 ശതമാനം കൗമാരക്കാരിലും മാനസിക സമ്മര്‍ദ്ദ പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്കുകള്‍. സമ്മര്‍ദ്ദവും മാനസികവുമായ അസുഖങ്ങളും കുട്ടിക്കാലത്തുണ്ടാകുന്ന പൊണ്ണത്തടിയുടെ സാധാരണ കാരണങ്ങള്‍ ആണ്. എന്തെങ്കിലും തരത്തിലുള്ള ചെറിയ സമ്മര്‍ദം പോലും കുട്ടികളെ ക്രമേണ വിഷാദരോഗത്തിലേക്ക് നയിക്കും.

 നിങ്ങള്‍ ചെയ്യേണ്ടത്

 1. കുട്ടികളില്‍ അസാധാരണമായ പെരുമാറ്റം അല്ലെങ്കില്‍ വിഷാദ മനോഭാവം കണ്ടെത്തിയാല്‍ എത്രയും വേഗം അതിനുള്ള പരിഹാരം കണ്ടെത്തുക. ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ മാനസിക സമ്മര്‍ദ്ദം കുട്ടികളെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും.
 2. കുട്ടികള്‍ക്ക്‌ അമിത സമ്മര്‍ദ്ദം നല്‍കാതിരിക്കുക.
 3. കുട്ടികളെ സ്നേഹിക്കുക. എന്തു പ്രശ്നം വന്നാലും വീട്ടുകാരുണ്ടാകും എന്ന ബോധം അവരില്‍ വളര്‍ത്തുക.

 

 1. ക്രമം തെറ്റിയുള്ള ഉറക്കം

 

ഉറക്കക്കുറവും വിഷാദവും കൈകോര്‍ത്തതു പോലെയാണ്. ഇവ രണ്ടും പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. കടുത്ത വിഷാദം, മറ്റു മൂഡ് മാറ്റങ്ങള്‍ എന്നിവ കുട്ടികളെ തെറ്റായ സമയത്ത് ഉറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും രാത്രി വളരെ വൈകി ഉറങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ കുട്ടികളില്‍ വിശപ്പുണ്ടാക്കുകയും നേരം തെറ്റി ലഘു ഭക്ഷണം കഴിക്കാനിടയാക്കുകയും ചെയ്യും. ഈ ശീലം ഇന്‍സുലിന്‍ സംവേദനക്ഷമത കുറക്കുകയും പ്രമേഹം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. തന്മൂലം ദീര്‍ഘ നാളത്തേയ്ക്ക് പൊണ്ണത്തടിക്ക് കാരണമാകുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

 1. കുട്ടികള്‍ പകല്‍ സമയത്ത് കൂടുതല്‍ ഉറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുക. പരമാവധി പകല്‍ സമയത്ത് അവരെ കളികളിലേര്‍പ്പെടുത്തുക.
 2. കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അവരെ സഹായിക്കുക.
 3. ഉറങ്ങുന്നതിനു മുന്‍പായി ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കുക. ഇതവരില്‍ നല്ല ഉറക്കമുണ്ടാകാന്‍ സഹായിക്കും.
 4. ഉറങ്ങുമ്പോള്‍ മിതമായ ശബ്ദത്തില്‍ പാട്ടുകള്‍ വെക്കുന്നതും മുറി അലങ്കരിക്കുന്നതും കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

 

 1. വിരസത

കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. അവര്‍ക്ക് എന്തെങ്കിലും മടുപ്പ് തോന്നുകയാണെങ്കില്‍ ടി.വി പരിപാടികള്‍ മാറ്റി മാറ്റി വയ്ക്കുകയോ, വീഡിയോ ഗെയ്മില്‍ ഏര്‍പ്പെടുകയോ, അനാരോഗ്യകരമായ പലഹാരങ്ങള്‍ കഴിക്കുകയോ, ഒറ്റയ്ക്കിരിക്കുകയോ ചെയ്യും.

നിങ്ങള്‍ ചെയ്യേണ്ടത്

 1. കുട്ടികളെ ആക്ടീവാക്കുക. ഏതെങ്കിലും സ്പോര്‍ട്ട്സ് ഇനത്തിലോ മറ്റെന്തെങ്കിലും പരിപാടികളിലോ അവരെ പങ്കെടുപ്പിക്കുക.
 2. പുതിയതും പ്രത്യേക അഭിരുചിയുള്ളതുമായ പ്രവൃത്തികളിലേര്‍പ്പെടുത്തുക.

 

 1. സ്‌കൂളിലെ ഉച്ച ഭക്ഷണം

 സ്‌കൂള്‍ കാന്റീനില്‍ നിന്നുമാണ് കുട്ടികള്‍ ഉച്ച ഭക്ഷണം കഴിക്കുന്നതെങ്കില്‍ അവര്‍ കൂടുതലും കൊഴുപ്പടങ്ങിയവ ആയിരിക്കും തിരഞ്ഞടുക്കുന്നത്. നെയ്യും മധുരവുമടങ്ങിയ എല്ലാ ഭക്ഷണവും കുട്ടികള്‍ക്ക് പ്രിയമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ കലോറിയടങ്ങിയ ഭക്ഷണമാശ്യമാണ്. പക്ഷേ ദിവസേനയുള്ള അനാരോഗ്യ ഭക്ഷണരീതി കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും

നിങ്ങള്‍ ചെയ്യേണ്ടത്

 1. ഉച്ചഭക്ഷണം കഴിവതും വീട്ടില്‍ നിന്നും കൊടുത്തയക്കുക.
 2. കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി കുറയ്ക്കുക.
 3. ഏറ്റവും പ്രധാനം, നല്ല ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക.

 

7.പൊണ്ണത്തടി- പാരമ്പര്യം

നിര്‍ഭാഗ്യവശാല്‍ ചില കുട്ടികളില്‍  പാരമ്പര്യമായി തന്നെ പൊണ്ണത്തടിയുണ്ടാകാറുണ്ട്. മാതാപിതാക്കള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ കുട്ടികളിലും അത് വരാനുള്ള സാധ്യതയുണ്ട്. 25-40 ശതമാനും സാധ്യതയാണിതിന്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ജന്മനായുള്ള പൊണ്ണത്തടിക്ക് സാധ്യത. എന്നാല്‍ അമിത വണ്ണത്തോടൊപ്പം തെറ്റായ ഭക്ഷണരീതിയുമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകും.

 നിങ്ങള്‍ ചെയ്യേണ്ടത്

 1. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
 2. കുട്ടികളില്‍ സ്പോര്‍ട്‌സിനോടുള്ള താല്‍പര്യം വളര്‍ത്തുക.
 3. ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വിനോദത്തിലേര്‍പ്പെടുന്നുവെന്ന് ഉറപ്പു വരുത്തുക.
 4. ഒന്നും ശരിയാകുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് വണ്ണം കുറക്കാനുള്ള മാര്‍ഗം തേടുക.

 

കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാന്‍ ഇവയും ശ്രദ്ധിക്കാം.

 1. ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
 2. ചിപ്സ്, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍, മിഠായി, ഒരുപാട് മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിവതും മാറ്റി നിര്‍ത്തുക.
 3. ഉപ്പ്, സോഡിയം ഉപയോഗം കുറക്കുക.
 4. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുക.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.