spot_img

ഒന്നു ശ്രദിച്ചാൽ കാൻസറിനെ മറികടക്കാം

WhatsApp Image 2020-02-04 at 12.44.22 PM Dr. ഹസ്നത് സൈബിൻ – Assistant Surgeon

 

MBBS പരീക്ഷയൊക്കെ കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യാനായി ഞാൻ കാത്തിരിക്കുന്ന കാലത്തായിരുന്നു എന്റെ ഉപ്പയ്ക്ക് കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെടുന്നത് . മജ്ജയെടുത്ത് പരിശോധിച്ച റിപ്പോര്‍ട്ടില്‍ മിഴിച്ചു നോക്കി കണ്ണീര്‍ ഒഴുക്കിയ എന്നെയോര്‍ത്ത് കൊണ്ടാണ് നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കുറിപ്പ് എഴുതുന്നത്.

ഒരു സെക്കന്റിൽല്‍ പല പല കാരണങ്ങളാല്‍ ആയിരക്കണക്കിന് മനുഷ്യജന്മങ്ങള്‍ മരണം പ്രാപിക്കുന്ന ഈ ലോകത്ത്, വളരെയേറെ നമ്മള്‍ പുരോഗമിച്ചു കഴിഞ്ഞു എന്നു സ്വയം തോന്നലുണ്ടാകുന്ന ഈ കാലത്തും കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ മാത്രം നമുക്ക് ഷോക്ക്‌ എൽക്കുന്നത് എന്തുകൊണ്ടാണ് ?

സത്യത്തില്‍ നാം മനുഷ്യരുടെ അതിജീവന സാധ്യതകളെ നാം തന്നെ വില കുറച്ചു കാണുകയല്ലേ ?അതു തന്നെയാണ് ലോക അര്‍ബുദ ദിനം ഫെബ്രുവരി 4 (World Cancer Day) മുന്നോട്ട് വെക്കുന്ന ആശയവും.

I Can. I Will. അതായത് “എനിക്ക് പറ്റും …ഉറപ്പായും”
കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ചിന്തകളിൽ നിറ യുന്നത് എന്താണ്? പണ്ടെന്നോ കണ്ട കമലഹാസൻ സിനിമയിലെ മൂക്കിൽ നിന്നും രക്തം വന്നു കാൻസറിന് കീഴടങ്ങിയ നായികയുടെ ചിത്രമാണോ? അതോ മുടിയെല്ലാം കൊഴിഞ്ഞു തലയിൽ സ്കാർഫു ധരിച്ച ഫ്രെയിമുകള്‍ ആണോ ?

എന്നാൽ ആറിഞ്ഞോളൂ കാൻസർ ഒരു രോഗം മാത്രമല്ല. അതൊരു കൂട്ടം രോഗങ്ങളുടെ ഒരൊറ്റ പേരുവിളി മാത്രമാണ് .ചില കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസറിൽ കലാശിക്കുന്നത് .ഇത്തരം കോശങ്ങള്‍ കടിഞ്ഞാണ്‍ ഇല്ലാതെ വിഘടിച്ച് വളർന്നു കൊണ്ടിരിക്കും. കാൻസർ ബാധിച്ച കോശങ്ങൾ ചിലപ്പോൾ മുഴയായി പ്രത്യക്ഷപ്പെട്ടേക്കാo. മാത്രമല്ല വളർന്നു പെരുകി മറ്റു ശരീര ഭാഗങ്ങളിലേക്ക് കയ്യേറ്റം നടത്തി പടർന്നു പിടിച്ചേക്കാം (Metastasis).

സാധാരണ കോശങ്ങളിലെ അര്‍ബുദ ജീനുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ കോശങ്ങള്‍ ഇത്തരത്തില്‍ വളര്‍ച്ച നിയന്ത്രിക്കാനാവാതെ പെരുകുന്നു .

കാന്‍സര്‍ വരുന്നത് എങ്ങനെ മനസിലാക്കാന്‍ പറ്റും ?

ഏത് ശരീരഭാഗത്തെയാണ്‌ അത് ബാധിച്ചത് എന്നതിനെ ആശ്രയിച്ച് കാന്‍സര്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ തീർത്തും വ്യത്യാസപ്പെട്ടേക്കാം.

മൊത്തത്തിൽ ക്യാൻസർ ബാധിച്ച വ്യക്തിക്ക് വിട്ടു മാറാത്ത പനി ,ക്ഷീണം,ഭക്ഷണത്തിനോടുള്ള മടുപ്പ് ,പെട്ടെന്നുള്ള തുക്കക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടേക്കാം .ചില കാൻസറുകൾ പെട്ടെന്ന് വലുപ്പം വച്ചു വരുന്ന മുഴകളായും കാണപ്പെട്ടേക്കാം.

ഇനി സ്ത്രീകളുടെ കാര്യം – ആർത്തവിരാമം വന്നതിനു ശേഷം അസാധാരണമായ രക്തസ്രാവമോ ,തുള്ളികളായി രക്തം ഇറ്റ് പോവുന്നതോ ഗർഭാശയ / ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങളായേക്കാം. എന്നാൽ അണ്ഡാശയത്തിലെ കാൻസറുകൾ തുടക്കത്തില്‍‌ പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചെന്ന് വരില്ല.

ദീർഘനാൾ നീണ്ടു നിൽക്കുന്ന വരണ്ട ചുമയായിട്ടായിരിക്കാം ശ്വാസകോശത്തിലെ കാൻസറിന്റെ വരവ് . അന്നനാളം, വയർ എന്നീ ഭാഗങ്ങളിലെ കാൻസറാകട്ടെ, ഭക്ഷണം വേണ്ടായ്ക ,ക്ഷീണം തുടങ്ങിയ അവ്യക്തമായ ലക്ഷണങ്ങളില്‍ തുടങ്ങി പിന്നീടങ്ങോട്ട് ഓക്കാനവും ഛർദ്ദിയും ആയിട്ടായിരിക്കും വരവറിയിക്കുന്നത്.മലമൂത്ര വിസർജന സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങൾ വൻ കുടലിലേയോ മൂത്രാശയത്തിലേയോ പ്രോസ്റ്റേറ്റ് ഗ്രന്ഥി‍യിലേയോ കാൻസറുകളാകാം.

ഒച്ചയിലുണ്ടാവുന്ന വ്യതിയാനങ്ങളും അവഗണിക്കരുത് .
മജ്ജയില്‍ ബാധിക്കുന്ന രക്താര്‍ബുദം, മയെലോമ പോലുള്ളവ പുറത്തേക്ക് മുഴകളായി വളരണം എന്നില്ല.

ദേഹത്തെവിടെയെങ്കിലും വളരെ പെട്ടെന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്ന മുഴയോ കല്ലിപ്പോ അവഗണിക്കരുത്.

വായ്ക്കകത്ത് മുട്ടയുടെ പാട ഒട്ടിപിടിച്ച പോലെ പ്രത്യക്ഷപ്പെടുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകള്‍ ,ഉണങ്ങാതെ വലുതായിക്കൊണ്ടിരിക്കുന്ന വ്രണങ്ങള്‍ ,തൊലിപ്പുറത്ത് സ്വാഭാവിക നിറത്തില്‍ നിന്നും മാറി പെട്ടെന്ന് വ്യാപിക്കുന്ന ഇരുണ്ടതോ കറുത്തതോ ആയ പാടുകള്‍ എന്നിങ്ങനെ പല രൂപങ്ങളില്‍…. ഭാവങ്ങളില്‍.. കാന്‍സര്‍ പ്രത്യക്ഷപ്പെട്ടേക്കാം .

ഇത്രയും വായിച്ചു നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടോ എന്ന് സംശയിക്കാന്‍ വരട്ടെ !

മേല്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ കാന്‍സര്‍ അല്ലാതെ കണ്ടു വരുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടി ആയേക്കാം -അതിനാണ് സാധ്യത കൂടുതല്‍ .

അത് കൊണ്ട് ഈ ലക്ഷണങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ തന്നെ കാന്‍സര്‍ വരാനുള സാദ്ധ്യതകള്‍ വിദൂരം ആണ്.അവനവന്‍റെ ശരീരത്തിന്‍റെ ഏറ്റവും വലിയ കാവലാള്‍ അവനവന്‍ തന്നെയാണ് .അത് കൊണ്ട് അസ്വഭാവികമായി എന്തെങ്കിലും തോന്നിയാല്‍ ഡോക്ടറെ ചെന്ന് കാണാന്‍ മടിക്കരുത് .

കാന്‍സര്‍ സ്ക്രീനിംഗ്

തുടക്കത്തില്‍ മിക്കവാറും കാന്‍സറുകള്‍ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചു എന്നു വരില്ല. ഇപ്രകാരം ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നേരത്തേ തന്നെ രോഗം കണ്ടു പിടിക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ സഹായിക്കുന്നു .ഉദാഹരണത്തിന് സ്തനങ്ങളില്‍ മുഴകള്‍ വല്ലതും ഉണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് സ്വയം സ്ക്രീനിംഗ് ടെസ്റ്റ്‌ നടത്താം. ഉള്ളം കൈ നിവര്‍ത്തി പിടിച്ച് രണ്ടു സ്തനങ്ങളും തൊട്ടു പരിശോധിച്ചു മുഴകള്‍ ഒന്നും ഇല്ല എന്നു ഉറപ്പ് വരുത്താം .മാമ്മോഗ്രം എന്ന xray സംവിധാനം സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മറ്റൊരു സ്ക്രീനിംഗ് ടെസ്റ്റ്‌ ആണ് .papsmear ടെസ്റ്റ്‌ ഗര്‍ഭാശയ ഗള കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്നു .

കാന്‍സര്‍ പിടി പെടാനുള്ള സാധ്യതകള്‍

തിയേറ്ററില്‍ സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ ദ്രാവിഡ്‌ അങ്കിള്‍ ‘പുകവലി ഹാനികരം ‘ എന്നു പറഞ്ഞു വരുമ്പോള്‍ വലിയ അലോസരം എന്ന മട്ടില്‍ നാം അത് നോക്കി കാണാറുണ്ട് .എങ്കില്‍ അറിഞ്ഞോളൂ …പുകവലി തന്നെയാണ് അന്നും ഇന്നും കാന്‍സര്‍ പിടിപെടാനുള്ള ഏറ്റവും വലിയ റിസ്ക്‌ ഫാക്ടര്‍ .വലിച്ചു വിടുന്ന പുകയില്‍ ഒന്നും രണ്ടുമല്ല എണ്‍പതോളം കാന്‍സര്‍ വരുത്താന്‍ കഴിവുള്ള പദാര്‍ത്ഥങ്ങള്‍ (carcinogen)ഉണ്ടെന്നു കുറ്റികള്‍ ഓരോന്നായി വലിച്ചു തള്ളുമ്പോള്‍ നാം ഓര്‍ക്കാറില്ല .മാത്രവുമല്ല പുകവലിക്കാരന്‍ ചുറ്റുമുള്ള വലിക്കാത്തവന് പോലും ഈ റിസ്ക്‌ ഫ്രീ ആയിട്ടു ദാനം ചെയ്യുന്നു ..(passive smoking).

മുറുക്കുന്ന ശീലവും അർബുദ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം ആണ് .
▪ മനുഷ്യരുടെ ജീവിത ശൈലി മാറിയതോടെ അമിത വണ്ണവും വ്യായാമം ഇല്ലായ്മയും തൊട്ടടുത്ത റിസ്ക്‌ ഫാക്ടര്‍ ആയി മാറിക്കഴിഞ്ഞു ..

▪ ഭക്ഷണ ശീലങ്ങള്‍ :നമ്മുടെ ഇന്നത്തെ ഭക്ഷണ ശീലങ്ങള്‍ മറ്റൊരു പ്രധാന വില്ലന്‍ ആണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു .ഒട്ടും ബാലന്‍സ്ഡ് അല്ലാത്ത നമ്മുടെ ഭക്ഷണ രീതികള്‍ , കൊഴുപ്പും അന്നജവും നിറയുന്ന നമ്മുടെ തീന്മേശയിലെ പാത്ര ങ്ങളിലെ നാരുവര്ഗങ്ങള്‍ ,പച്ചക്കറികള്‍ ,പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കുറവ് ,ജങ്ക് /smoked ഭക്ഷണങ്ങളുടെ അമിത ഉപയോഗം ,ആഹാരത്തിലെ ആവശ്യത്തിലധികം എരിവും പുളിയും .ഇതൊക്കെയും കാന്‍സര്‍ പിടി പെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു

▪ അമിത മദ്യപാനം ,

▪ ചില രോഗാണു ബാധകള്‍ (Hepatitis-B.H.P.V അണുബാധ).

▪ അണു വികിരണങ്ങള്‍ (UV രശ്മികള്‍ തുടങ്ങിയവ):
▪ പാരമ്പര്യ ഘടകങ്ങള്‍ :ചില അര്‍ബുദങ്ങള്‍ ഉദാഹരണത്തിനു അണ്ഡാശയ കാന്‍സര്‍ വന്‍കു ടലിലെ കാന്‍സര്‍ സ്താനാര്‍ബുദം തുടങ്ങിയവ പാരമ്പര്യമായി പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉള്ളവയാണ് .അങ്ങനെ ഒരു കുടുംബ ചരിത്രമുള്ളവര്‍ രോഗ ലക്ഷണങ്ങളെ പറ്റി അറിഞ്ഞിരിക്കുകയും ഇടക്ക് സ്ക്രീനിംഗ് ചെയ്യുകയും വേണം .

രോഗ നിര്‍ണയം;
സാധാരണ ചെയ്യുന്ന ചില ബ്ലഡ്‌ ടെസ്റ്റുകള്‍ കാന്‍സര്‍ രോഗ നിര്‍ണയത്തിലേക്ക് വിരല്‍ ചൂണ്ടാറുണ്ട്.കൂടാതെ വിവിധ തരം സ്കാനിങ്ങുകള്‍(ct scan usg,pet scan etc),ട്യൂമര്‍ മാര്‍ക്കര്‍ ടെസ്റ്റുകള്‍ തുടങ്ങിയവയും ഇതിനു സഹായിക്കുന്നു .

▪ബയോപ്സി:കാന്‍സര്‍ ബാധിച്ച സ്ഥലത്തെ കോശങ്ങള്‍ പരിശോധിച്ച് ഏത് തരം അര്‍ബുദം ആണ് എന്ന് നിര്‍ണയിക്കുന്നു. .ചികിത്സ നിര്‍ണയിക്കുന്നതിലും biopsy പ്രധാന പങ്ക് വഹിക്കുന്നു .കുഴലിറക്കി യുള്ള പരിശോധനകളും രോഗ നിര്‍ണയത്തിന് സഹായിക്കുന്നു .(broncoscopy,colonoscopy)

കാന്‍സറിന് ചികിത്സയുണ്ട്

ആധുനിക വൈദ്യ ശാസ്ത്രം കാന്‍സര്‍ ചികിത്സയില്‍ അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു .രോഗിയുടെ പ്രായം,രോഗം കണ്ടെത്തിയ സ്റ്റേജ് ,അർബുദം ഏത് തരം ആണ്, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യനില ,എല്ലാത്തിനുമുപരി രോഗിയുടെയം കുടുംബത്തിന്റെയും തീരുമാനങ്ങള്‍ എന്നിങ്ങനെ ഒരു പാട് കാര്യങ്ങള്‍ പരിഗണിച്ചാണ് കാന്‍സര്‍ രോഗത്തിന് ചികിത്സ നിര്‍ദേശിക്ക പ്പെടുന്നത് .കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് രോഗ മുക്തി ലഭിക്കാന്‍ ഏറെ സഹായിക്കുന്നു .
.
▪സര്‍ജറി ;മുഴകളോ രോഗം ബാധിച്ച ഭാഗങ്ങളോ അവയവങ്ങളോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു .

▪റേഡിയോതെറാപി ;കാൻസര്‍ കോശങ്ങളെ റേഡിയഷന്‍ നല്‍കി നശിപ്പിക്കുന്നു .

▪കീമോ തെറാപി ;മരുന്നുകള്‍ നല്‍കി കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു .
▪നൂതന ചികിത്സ മാര്‍ഗങ്ങള്‍ ;ഇമ്മുണോ തെറാപി ,ലേസര്‍ തെറാപിമുതലായ നൂതന മാര്‍ഗങ്ങള്‍ ഈ ചികിത്സാ രംഗത്ത് വലിയ തോതില്‍ പ്രത്യാശ തരുന്നുണ്ട് .

കാന്‍സറിന്‍റെ തരം,വ്യാപ്തി തുടങ്ങി പല ഘടകങ്ങള്‍ പരിഗണിച്ച് ഒന്നോ അതിലധികമോ ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരാറുണ്ട് .ഇങ്ങനെ വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ ഏകോപിച്ചുള്ള നല്ലൊരു ടീം വര്‍ക്ക്‌ ആയി മാറിയിട്ടുണ്ട് ഇന്നു കാന്‍സര്‍ ചികിത്സ .

▪ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍

ചില കീമോ മരുന്നുകള്‍ അത് സ്വീകരിക്കുന്ന വ്യക്തിയില്‍ ഓക്കാനം, ഛർദ്ദി,മുടികൊഴിച്ചല്‍ (എല്ലാവരിലും അനുഭവപ്പെടണം എന്നില്ല )എന്നിവ ഉണ്ടാക്കിയേക്കാം .പ്രതിരോധ ശേഷിക്കുറവ് ,അണുബാധ,പുണ്ണ് ,കരുവാളിപ്പ് (റേഡിയേഷൻ എടുക്കുന്നവരിൽ ) .എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ എല്ലാം തന്നെ ചികിത്സ എടുക്കുന്ന കാലത്തേക്ക് മാത്രം നീണ്ടു നില്ക്കുന്നവയാണ് .

▪ സാന്ത്വന ചികിത്സ

കാന്‍സറുകള്‍ രോഗ മുക്തിയെ പറ്റിയുള്ള പ്രതീക്ഷകള്‍ അസ്തമിപ്പിക്കുമ്പോള്‍ സാന്ത്വന ചികിത്സ എന്ന ചികിത്സ മാര്‍ഗ്ഗം സ്വീകരിക്കുന്നു .ഈ ചികിത്സ മാര്‍ഗ്ഗത്തിന്റെ ലക്ഷ്യം രോഗിയുടെ ബുദ്ധിമുട്ടുകളും വേദനകളും ശമിപ്പിച്ച് ജീവിത നിലവാരം കൂട്ടുക എന്നതാണ് .
കാന്‍സറിനെ പ്രതിരോധിക്കാനാകുമോ?

അവനവനു വന്നു പെടും വരെ മറ്റുള്ളവരുടെ അവസ്ഥകള്‍ എല്ലാം നമുക്ക് “അയ്യോ കഷ്ടായി പോയി “എന്ന വാക്കുകളില്‍ ഒതുക്കാന്‍ പറ്റുന്നവയാണ് .പ്രതിരോധ ശ്രമങ്ങളില്‍ കൂടി നല്ലൊരു പങ്ക് കാന്‍സറുകള്‍ വരുന്നത് നമുക്ക് തടയാന്‍ പറ്റും എന്നിരിക്കെ നമ്മളെന്തുകൊണ്ടാണ് അവ ജീവിതത്തില്‍ പകര്ത്താത്തത് !
ആദ്യ പടിയായി പുകവലി ,മദ്യപാനം, മുറുക്കൽ തുടങ്ങിയ ലഹരി ശീലങ്ങളില്‍ നിന്ന് നമുക്ക് വിട്ടു നിൽക്കാം .

വ്യയാമത്തിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം .ശരിയായ തൂക്കം നില നിര്‍ത്താം .
(അതായത് B. M. I 28-23.5 നും ഇടയിൽ നില നിർത്തൽ ).
ആരോഗ്യകരമായ ഭക്ഷണ രീതി. ആവശ്യത്തിന് പഴങ്ങളും നാരു വർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കേണ്ട.പഴങ്ങളും പച്ചക്കറികളും കീടനാശിനികൾ കലർന്ന വിഷം ആണെന്നു പറഞ്ഞു ഉപേക്ഷിക്കും മുമ്പ് ഒരു നിമിഷം! നന്നായി വെള്ളത്തിലിട്ടു കഴുകിയെടുത്താൽ കീടനാശിനിയുടെ അളവ് ഗണ്യമായി കുറക്കാൻ പറ്റും എന്ന് ഭക്ഷ്യവകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അപ്പോൾ ചുരുക്കി പറഞ്ഞാൽ നമ്മുടെ ശീലങ്ങളെ ഒന്ന് മാറ്റിപ്പിടിക്കാം. ജങ്ക് ,ഫാസ്റ്റ് സ്മോക്ഡ് ഭക്ഷണങ്ങൾ എന്നിവയോടും ഗുഡ്ബൈ പറഞ്ഞു പഠിക്കാം.

കാൻസർ രോഗിയോടും കുടുംബത്തോടും

ക്യാൻസർ ചികിത്സ നീണ്ടു നിൽക്കുന്നതും ചികിത്സയിൽ ഉടനീളം ആരോഗ്യനിലയിൽ വ്യതിയാനങ്ങൾ പ്രതീക്ഷിക്കേണ്ടതും ആണ് .അതുൾക്കൊള്ളാൻ രോഗിയും കുടുംബവും തയ്യാറായാൽ തന്നെ ചികിത്സയുടെ ഫലവും കൂടുന്നതായിരിക്കും. രോഗിക്ക് നല്ല രീതിയിലുള്ള മാനസികമായ പിന്തുണ നൽകാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം .ചികിത്സയിലുള്ള വിശ്വാസവും ചികിത്സയിൽ ഉറച്ചു നിൽക്കലും പരമപ്രധാനമാണ്.

സമൂഹമേ ഇതിലേ, ഇതിലേ….

ശാസ്ത്രം മോഹന വാഗ്ദാനങ്ങൾ നൽകാറില്ല. അതിൽ കുറുക്കുവഴികളില്ല. ശാസ്ത്രത്തിൻറെ വഴി സത്യത്തിന്റേതാണ്. കാൻസർ ചികിത്സ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുമ്പോൾ രോഗിയും ബന്ധുക്കളും നിരവധി മോഹനവാഗ്ദാനങ്ങളിൽ വീണു പോകാറുണ്ട്. അ തുകൊണ്ടാണ് ഇന്നും ഈ നാട്ടിൽ കാൻസർ ചികിത്സക്കായി മുള്ളാത്തയുടേയും കൂവളത്തിലയുടേയും ചക്കക്കുരുവിന്റേയും പുറകെ പോകുന്നത്. തന്റെ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ വിശകലനം ചെയ്യാനും ചതിക്കുഴികളിൽ വീണ് പോകാതിരിക്കാനും ശ്രദ്ധിക്കാൻ നമുക്ക് നമ്മളോട് തന്നെ ബാധ്യത ഉണ്ട്.
രോഗപീഡകളിൽ കൂടെ കടന്നുപോകുന്ന രോഗിക്ക് നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

അതുകൊണ്ടുതന്നെ അവരോട് സഹതാപം കാണിക്കുന്നത് നിർത്തിവെച്ചു നമുക്ക് അവരോട് സംസാരിച്ചു തുടങ്ങാം. ഒരു വ്യക്തിഎന്ന നിലയില്‍ എന്തൊക്കെ അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ പറ്റുമോ അതൊക്കെയും ചെയ്തു കൊടുക്കാം.ഒറ്റക്കായോ, കൂട്ടായോ. …….

ഉപ്പയുടെ കാര്യത്തിൽ (രോഗത്തിന്റെ തീവ്രത
കൂടുതൽ ആയതുകൊണ്ടുതന്നെ) ഒരു അതിജീവന കഥ എനിക്ക് നിങ്ങളോട് പറയാനില്ല. എങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതിന് അത് ഒരു നിമിത്തമായി. നിങ്ങൾക്ക് അഹങ്കരിക്കാനും വെറുക്കാനും ജാതിയുടെയും മതത്തിന്റെ യും പേരിൽ തല്ലു കൂടാനും ഒക്കെ തോന്നുന്നുണ്ടെങ്കിൽ ആ ക്യാൻസർ വാർഡുകളിലൂടെ ഒന്നു നടന്നു നോക്കണം. ചികിത്സയുടെ ഭാഗമായി ഇന്നും ഞാൻ ഒരുപാട് കാൻസർ രോഗികളെ കാണാറുണ്ട്. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒട്ടനവധി വ്യക്തികൾ എനിക്കു ചുറ്റും ഉണ്ട്. ജീവന്റെ വില അറിഞ്ഞ ഒരു തിളക്കം അവരുടെ കണ്ണുകളിൽ എനിക്ക് കാണാൻ പറ്റാറുണ്ട്. പക്ഷേ ക്യാൻസർ അതിജീവിച്ചവരുടെ ചരിത്രം മാത്രമല്ല. ഇപ്പോഴും ഓർമ്മയുടെ ഫ്രെയിമുകൾ നിറക്കുന്ന മരണത്തിലേക്ക് ഇറങ്ങി പോയവരുടെ ചരിത്രംകൂടിയാണ്.മരണത്തിന്‍റെ ജീര്‍ണതയ്ക്ക് മുമ്പിൽ പോലും മനുഷ്യജീവിതം അർത്ഥവത്തായി തീരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തെ പിന്തുടരാൻ നമ്മെ പ്രേരിപ്പിച്ച ഡോക്ടർ പോൾ കലാനിധി (neurosugery യില്‍ ഉയര്‍ച്ചകള്‍ താണ്ടാൻ ഇരിക്കെ കാന്‍സര്‍ വന്നു മരണത്തിനു കീഴടങ്ങിയ ഡോക്ടര്‍. When breath becomes air എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവ് ) യുടെ സ്മരണകൾക്ക് മുമ്പിൽ ഒരു നിമിഷം മൗനം ഭജിച്ചു നമുക്ക് ഓരോരുത്തർക്കും പറയാം.

ക്യാന്സറിനെ പ്രതിരോധിക്കാൻ ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ബാധ്യതകൾ ഉണ്ട്. 

ക്യാൻസറിന്റെ ലക്ഷണങ്ങൾ ഞാൻ അറിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ സ്ക്രീനിങ് ടെസ്റ്റുകൾ നടത്താൻ ഞാൻ ബാധ്യസ്ഥനാണ്.

ഞാൻ കാൻസറിനെ പറ്റി സംസാരിക്കും എനിക്കാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ ശ്രമിക്കും.

കുറച്ചു കണക്കുകൾ കൂടി

മരണ കാരണങ്ങളില്‍ ലോകത്തെ രണ്ടാമനായാണ് ക്യാന്സറിന്റെ നില്‍പ്പ് . 9.6 മില്യൺ ആൾക്കാർ കാൻസർ വന്നു മരിക്കുന്ന ഈ ലോകത്ത് മൂന്നിലൊന്നു കാൻസറുകൾ അതായത് ഏകദേശം3.7 മില്യൺ കാൻസറുകളോളം നമുക്ക് പ്രതിരോധിക്കാവുന്നത് ആയിരുന്നു !

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.