പ്രമേഹ രോഗികള്‍ റമസാന്‍ വ്രതം ആരംഭിക്കുന്നതിനു രണ്ടോ മൂന്നോ മാസം മുന്‍പു തന്നെ അവരുടെ ഡോക്ടറെ കണ്ട് വ്രതാനുഷ്ഠാനം ചെയ്യാമോ എന്ന് അന്വേഷിക്കണം. അതിനാല്‍ ഏതെല്ലാം പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാന്‍ പറ്റും, ആര്‍ക്കെല്ലാം എടുക്കാന്‍ പറ്റില്ല എന്ന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അതിനാല്‍ ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.
പ്രമേഹ രോഗത്തിന്റെ തീവ്രതയനുസരിച്ച് അതിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
1. തീവ്രത കൂടിയത് (High risk) : പ്രമേഹം മൂന്നു മാസത്തിനിടയില്‍ വളരെയധികം വര്‍ധിച്ചവരും, മൂന്നു മാസത്തെ ശരാശരി എച്ച്ബിഎ1 സി ഒന്‍പത് ശതമാനത്തില്‍ കൂടുതലുള്ളവരും, മൂന്നു തവണ ഇന്‍സുലിന്‍ എടുത്തിട്ടുള്ളവരും, ഗര്‍ഭ സമയത്ത് പ്രമേഹം വന്നവരും, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഈ വിഭാഗത്തിലുള്ളവര്‍ ഒരു കാരണവശാലും നോമ്പെടുക്കരുത്.
2. മിതമായത് (Moderate risk ) : രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍, സള്ഫോണി ലൂറിയ എന്ന മരുന്ന് കഴിക്കുന്നവര്‍, എച്ച്ബിഎ1 സി ഒന്‍പത് ശതമാനത്തില്‍ കൂടുതലുള്ള രോഗികള്‍, മൂന്നു മാസത്തിനിടയില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടായവര്‍, മൂന്നു മാസത്തിനിടയില്‍ എപ്പോഴെങ്കിലും പ്രമേഹം കൂടി ആശുപത്രിയില്‍ കിടന്നവര്‍ എന്നിവര്‍ക്കും നോമ്പെടുക്കാന്‍ പാടുള്ളതല്ല.
3. തീവ്രത കുറഞ്ഞത് (Low risk) : ചുരുങ്ങിയ അളവില്‍ മരുന്ന് കഴിക്കുന്നവര്‍, എച്ച്ബിഎ1സി 7.5 ല്‍ താഴെയുള്ളവര്‍, മെറ്റ്ഫോര്‍മിന്‍ എന്ന മരുന്ന് കഴിക്കുന്നവര്‍, ഭക്ഷണക്രമം മാത്രം ശ്രദ്ധിച്ച് പ്രമേഹം നിയന്ത്രിക്കുന്നവര്‍ എന്നിവരാണ് തീവ്രത കുറഞ്ഞ പ്രമേഹ രോഗ വിഭാഗത്തില്‍പ്പെടുന്നവര്‍. ഇവര്‍ക്ക് നോമ്പെടുക്കാം.
എന്നാല്‍ നോമ്പെടുക്കാന്‍ തീരുമാനിക്കുന്നവര്‍ ഭക്ഷണ കാര്യത്തിലും മരുന്ന് കഴിക്കുന്ന കാര്യത്തിലും കാര്യമായ ശ്രദ്ധ ചെലുത്തണം. ഇടേത്താഴത്തിനും നോമ്പ് തുറക്കുന്ന സമയത്തും കഴിക്കുന്ന ഭക്ഷണം തികച്ചും ആരോഗ്യപ്രദമായിരിക്കണം. ഒരു പ്രമേഹ രോഗി നോമ്പെടുത്താല്‍ നോമ്പ് മുറിക്കുന്ന സമയത്ത് ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
നോമ്പെടുക്കുന്ന പ്രമേഹ രോഗിയ്ക്ക് വരാന്‍ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഹൈപ്പോ ഗ്ലൈസീമിയ – രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 ല്‍ താഴെ പോകുന്നതിനെയാണ് ഹൈപ്പോ ഗ്ലൈസീമിയ എന്ന് പറയുന്നത്.
2. ഹൈപ്പര്‍ ഗ്ലൈസീമിയ – രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300ല്‍ കൂടുന്ന അവസ്ഥയാണിത്.
3 നിര്‍ജ്ജലീകരണം – ശരീരത്തില്‍ ജലാംശമില്ലാതാകല്.
4. മൂത്രാശയ സംബന്ധമായ അണുബാധ.
ഇവ നാലുമാണ് നോമ്പെടുക്കുക വഴി ഒരു പ്രമേഹരോഗിയ്ക്ക് വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍. അതിനാല്‍ ഭക്ഷണകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. നോമ്പ് തുറന്നാലുടന്‍ വലിച്ചുവാരി ഭക്ഷണം കഴിക്കാതെ പലപ്പോഴായി ചെറിയ അളവുകളില്‍ വേണം കഴിക്കാന്‍. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്നതാണ് നല്ലത്. അവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യും. അരി, ഗോതമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ എണ്ണയില്‍ വറുത്തതല്ലാത്ത പലഹാരങ്ങള്‍ ഉദാഹരണം. ഈത്തപ്പഴം കഴിക്കുന്നതും നല്ലതാണ്. എന്നാല്‍ ഒന്നോ രണ്ടോ എണ്ണം മാത്രം കഴിക്കുക. ഈത്തപ്പഴത്തില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിരിക്കുന്നു. ബേക്ക് ചെയ്ത പലഹാരങ്ങള്‍ കഴിക്കരുത്. എന്നാല്‍ ഫൈബര്‍ (നാര്) അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. ഉറങ്ങുന്നതിനു മുന്‍പ് ചെറിയ സ്നാക് കഴിക്കാം.
ഇടേത്താഴത്തിന് ഓട്സ് കഴിക്കുന്നത് നല്ലതാണ്. കാരണം അതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗി അപ്രതീക്ഷിതമായി നോമ്പ് മുറിക്കേണ്ടുന്ന സാഹചര്യങ്ങള്‍
1. രക്തത്തില്‍ പഞ്ചസാരയുടെ അളവ് 70 ല്‍ കുറയുമ്പോള്‍.
2. രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 ല്‍ കൂടുമ്പോള്‍.
3. ശരീരത്തില്‍ എന്തെങ്കിലും വിധത്തിലുള്ള അണുബാധയുണ്ടാകുമ്പോള്‍.
ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ അത്താഴത്തിനു മുന്‍പും ഉച്ചയ്ക്കും നോമ്പ് മുറിച്ച് രണ്ടു മണിക്കൂറിനു ശേഷവും ഷുഗര്‍ പരിശോധിക്കുക. ഈ പരിശോധന നടത്തുന്നതുകൊണ്ട് നോമ്പ് മുറിയുന്നില്ല.
നോമ്പ് അനുവദനീയമല്ലാത്ത രോഗികള്‍
1. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ – കുട്ടികളിലാണ് പ്രധാനമായും ഈ അവസ്ഥ കണ്ടുവരുന്നത്. ഇന്‍സുലിന്‍ ദിവസവും ഉപയോഗിക്കുന്ന കുട്ടികള്‍ ഒരു കാരണവശാലും നോമ്പെടുക്കരുത്.
2. ഗര്‍ഭാവസ്ഥയിലെ പ്രമേഹമുള്ളവരും നോമ്പ് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
3. ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ള 75 വയസ്സിനു മുകളില്‍ പ്രായമുള്ളവരും നോമ്പെടുക്കാതിരിക്കുന്നതാണ് നല്ലത്.
4. മൂത്രത്തിലോ അല്ലാതെയോ എന്തെങ്കിലും അണുബാധയുള്ളവരും നോമ്പ് എടുക്കുന്നത് നല്ലതല്ല.
https://www.facebook.com/healthytv.in/videos/646343155791545/