അത്ര ലളിതമല്ല ഈ ചോദ്യത്തിന്റെ ഉത്തരം. കാരണം വിവിധ തീവ്രതകളുള്ള വ്യത്യസ്ത തരം മനോരോഗങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട് എന്നതു തന്നെ.
അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ മനോരോഗ വര്‍ഗ്ഗീകരണ സംഹിതയായ ‘ഡി.എസ്.എം-5’ പ്രകാരം മുന്നൂറോളം മനോരോഗങ്ങള്‍ നിലവിലുണ്ട്. ഉറക്കക്കുറവും സഭാകമ്പവും പോലെയുള്ള ലഘു മനോരോഗങ്ങള്‍ തൊട്ട് മേധാക്ഷയം പോലെയുള്ള തീവ്രമായ അവസ്ഥകള്‍ വരെ മനോരോഗങ്ങളുടെ പട്ടികയിലുണ്ട്. ചില മനോരോഗങ്ങള്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താനാകും. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങള്‍, ഉന്മാദരോഗം, പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പൊടുന്നനെയുണ്ടാകുന്ന താത്ക്കാലിക ചിത്തഭ്രമ രോഗങ്ങള്‍ (അക്യൂട്ട് ആന്‍ഡ് ട്രാന്‍സിയന്റ് സൈക്കോസിസ്) എന്നിവയൊക്കെ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയുന്ന മനോരോഗങ്ങളാണ്. അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സയെടുത്താല്‍, ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്കെല്ലാം വിവാഹം കഴിച്ച് സുഖകരമായ ദാമ്പത്യജീവിതം നയിക്കാന്‍ സാധിക്കും.
ദീര്‍ഘകാലം ചികിത്സ വേണ്ടതും, ആവര്‍ത്തന സ്വഭാവമുള്ളതുമായ ചില മനോരോഗങ്ങളും നിലവിലുണ്ട്. സ്കിസോഫ്രീനിയ, സംശയരോഗം, ബൈപ്പോളാര്‍ ഡിസോഡര്‍ (ദ്വിധ്രുവ വൈകാരിക രോഗം) എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടും. ഒരു മനോരോഗ വിദഗ്ദ്ധന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ദീര്‍ഘനാള്‍ മരുന്നു കഴിക്കേണ്ടി വരാം ഈ രോഗബാധിതര്‍ക്ക്. കൃത്യമായി ചികിത്സയെടുത്ത് രോഗലക്ഷണങ്ങള്‍ ഫലപ്രദമായി നിയന്ത്രിച്ചാല്‍, ഇക്കൂട്ടരും വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല. ജീവിത പങ്കാളിയുടെ സാമീപ്യവും അനുഭാവ പൂര്‍വ്വവുമായ നിലപാടുകള്‍ കൂടിയാകുമ്പോള്‍, ഇവരുടെ അവസ്ഥയില്‍ പുരോഗതിയുണ്ടാകാം. എന്നാല്‍ വിവാഹം കഴിച്ചാല്‍, രോഗം മാറുമെന്നു തെറ്റിദ്ധരിച്ച് മരുന്നുകള്‍ നിര്‍ത്താന്‍ പാടില്ല. വിവാഹ ശേഷവും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ കഴിക്കുക തന്നെ വേണം.
തീവ്രമായ ബുദ്ധിമാന്ദ്യത്തെ ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. ഒരു വിവാഹ ജീവിതത്തിനാവശ്യമായ വൈകാരിക പാകതയോ, കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാനുള്ള കഴിവോ, പങ്കാളിയുമായി ഒരു തന്മയീഭാവം സാദ്ധ്യമാക്കാനുള്ള കഴിവോ ഇവര്‍ക്കുണ്ടാകില്ല. സ്വാഭാവികമായും ഇതൊക്കെ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. കുട്ടിക്കാലത്തു തന്നെയാരംഭിക്കുന്ന ആശയ വിനിമയത്തിന്റെയും വൈകാരിക പ്രകടനത്തിന്റെയും വൈകല്യമായ ‘ഓട്ടിസം’ ബാധിച്ച വ്യക്തികള്‍ക്കും വിവാഹ ജീവിതം ബുദ്ധിമുട്ടായേക്കും.
സ്നേഹം പ്രകടിപ്പിക്കാനും മനസ്സിലാക്കാനും ഫലപ്രദമായി ആശയ വിനിമയം നടത്താനുമുള്ള കഴിവില്ലായ്മയും ഇവര്‍ക്ക് വിവാഹ ജീവിതം പ്രയാസമാക്കിയേക്കാം. എന്നാല്‍ ഇവരുടെ ഈ അവസ്ഥ ശരിയായി മനസ്സിലാക്കിയ ഒരു പങ്കാളി എല്ലാം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തിലേക്കു കടന്നുവരാനും, ഇവരെ പരിചരിക്കാനും തയ്യാറായാല്‍, ഒരു ദാമ്പത്യ ബന്ധം ഇവര്‍ക്കും സാധ്യമായേക്കും.
വളരെയധികം പഴക്കം ചെന്നതും ശാസ്ത്രീയമായ ചികിത്സയെടുക്കാത്തതുമായ ചിത്തഭ്രമ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വിവാഹ ജീവിതത്തിന് തടസ്സം വന്നേക്കാം. രണ്ടുകൊല്ലത്തിലേറെ പഴക്കമുള്ള ചികിത്സയെടുത്തിട്ടില്ലാത്ത സ്കിസോഫ്രീനിയ പോലെയുള്ള രോഗം ബാധിച്ചവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും യുക്തിസഹമായി പെരുമാറാനുമുള്ള കഴിവ് കുറഞ്ഞേക്കാം. ഇക്കൂട്ടരെ, ശാസ്ത്രീയമായ ചികിത്സയ്ക്കു വിധേയരാക്കി, രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ച ശേഷം മാത്രമേ വിവാഹം കഴിപ്പിക്കാവൂ. ചികിത്സിക്കുന്ന ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായം കൂടി തേടിയ ശേഷമേ ഇവര്‍ക്ക് വിവാഹം ആലോചിക്കാവൂ. വിവാഹ ശേഷവും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ തുടങ്ങുകയും വേണം. രോഗം നിയന്ത്രണത്തിലായ ശേഷം മാത്രമേ ഗര്‍ഭധാരണം ആകാവൂ.