spot_img

ബുറുളി അള്‍സര്‍ : കാരണങ്ങളും ചികിത്സയും

ചര്‍മത്തിലെയും മൃദു കോശങ്ങളിലെയും ചികിത്സിക്കപ്പെടാത്ത അണുബാധകളാണ് ബുറുളി അള്‍സറുകളായി മാറുന്നത്. ഇത് പിന്നീട് എല്ലുകളിലെ അണുബാധയ്ക്കും എല്ലുകള്‍ വികൃതമാകുന്നതിനു പോലും കാരണമാകുന്നു. ഉഷ്ണമേഖലാ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ ആളുകളില്‍ ബുറുളി അള്‍സര്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. തൊലിപ്പുറത്ത് വേദനയില്ലാത്ത വീക്കമോ ചെറിയ മുഴയോ ആയാണ് ഇത് പ്രത്യക്ഷപ്പെടുക. എന്നാല്‍ ചര്‍മത്തിനു താഴെ കോശങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നാശമുണ്ടാക്കുന്ന കേടുപാടുകള്‍ ഇത് ചെയ്യുന്നുമുണ്ടാവും. എന്നാല്‍ വേദനയില്ലാത്തതുകൊണ്ട് പൊതുവെ ശ്രദ്ധിക്കപ്പെടില്ല. ഓരോ വര്‍ഷവും 5000 മുതല്‍ 6000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

കാരണങ്ങള്‍

ബുറുളി അണുബാധയ്ക്കു കാരണമായ മൈക്കോബാക്ടീരിയം അള്‍സെറാന്‍സ് വെള്ളത്തിലൂടെയും ചര്‍മ്മങ്ങള്‍ തമ്മിലുള്ള ബന്ധത്തിലൂടെയുമാണ് പകരുന്നത്. ഉഷ്ണമേഖലാ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈര്‍പ്പമുള്ള പരിസ്ഥിതിയിലും ഇത് വളരെ പെട്ടെന്ന് സംഭവിക്കുന്നു. മൈക്കോബാക്ടീരിയം കുടുംബത്തിലെ ബാക്ടീരിയകളാണ് ക്ഷയം, കുഷ്ടം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഈ മൂന്നു രോഗങ്ങളുടെയും ഒരു പ്രധാന പൊതുസ്വഭാവം എന്നു പറയുന്നത് ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ രോഗിയുടെ ജീവിതനിലവാരത്തെയും അവരുടെ പ്രവര്‍ത്തനക്ഷമതയെയും ബാധിക്കും എന്നതാണ്. 

മൈകോബാക്ടീരിയം അള്‍സെറാന്‍സ് പുറപ്പെടുവിക്കുന്ന മൈകോലാക്ടണ്‍ എന്ന കെമിക്കലാണ് കോശങ്ങളുടെ മരണത്തിനും അതുവഴി ബുറുളി അള്‍സറിനും കാരണമാകുന്നത്. മൈകോലാക്ടണ്‍ കോശങ്ങളുടെ ഭാഗത്തെ പ്രതിരോധ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുകയും രണ്ടാംതലത്തിലുള്ള അണുബാധയ്ക്കും കോശങ്ങളുടെ മരണത്തിനും കാരണമാകുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

നീര്‍വീക്കവും കോശങ്ങളുടെ മരണവുമാണ് ബുറുളി അള്‍സറിന്റെ ലക്ഷണങ്ങള്‍. ബുറുളി അള്‍സര്‍ തുടങ്ങുന്നത് വേദനയില്ലാത്ത മുഴകളോ നീര്‍വീക്കങ്ങളോ ആയാണ്. ഇത് പലപ്പോഴും പൊള്ളലുകളോ നീരോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. അണുബാധയേറ്റ ഭാഗത്ത് മൈകോലാക്ടണ്‍ പുറപ്പെടുവിക്കുമ്പോഴും അവിടെ വേദനയോ പനിയോ പോലെ അണുബാധയ്‌ക്കെതിരെയുള്ള സ്ഥിരം പ്രതിരോധങ്ങള്‍ ഉണ്ടാകുന്നില്ല. ഇതാണ് പലപ്പോഴും ആളുകള്‍ ഡോക്ടറെ സമീപിക്കാത്തതിനു കാരണം. പലപ്പോഴും അണുബാധയുടെ രണ്ടാം തലമെത്തുമ്പോള്‍ മാത്രമാണ് ഡോക്ടറെ സമീപിക്കുന്നത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗാവസ്ഥയാണിത്. 

ചികിത്സ

ക്ലിനിക്കല്‍ ചെക്കപ്പും ലബോറട്ടറി പരിശോധനകളുമാണ് ഈ രോഗം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. രോഗബാധിതനായ ആള്‍ രോഗബാധിത പ്രദേശങ്ങളിലേക്കെവിടെയങ്കിലും യാത്ര ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. മുറിവുകളും ഡോക്ടര്‍ പരിശോധിക്കും. മൈക്രോസ്‌കോപി, കള്‍ച്ചര്‍, പിസിആര്‍, ഹിസ്റ്റോപതോളജി എന്നിവയാണ് പ്രധാനമായും ബുറുളി അള്‍സര്‍ കണ്ടെത്താനുള്ള പരിശോധനകള്‍.

സ്‌ട്രെപ്‌റ്റോമൈസിന്‍ പോലെയുള്ള ആന്റിബയോട്ടിക് മരുന്നുകളാണ് രോഗത്തിന്റെ തുടക്കകാലത്ത് ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ മൂര്‍ച്ഛിക്കുമ്പോള്‍ ശസ്ത്രക്രിയ പോലുള്ളവ ആവശ്യമായി വരാറുണ്ട്. മൃതചര്‍മത്തെ നീക്കി പുതിയ ചര്‍മം ഗ്രാഫ്റ്റ് ചെയ്യുന്ന കേസുകളും ചിലപ്പോള്‍ അണുബാധ അതീവ ഗൗരവകരമായി മാറി സെപ്‌സിസിനു കാരണമായാല്‍ രോഗിയുടെ ജീവന്‍ നിലനിര്‍ത്താനായി അംഗവിച്ഛേദം ചെയ്യേണ്ടിവരാറുമുണ്ട്. 

കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ബുറുളി അള്‍സര്‍ വില്ലനായി മാറിയേക്കും. തൊണ്ണൂറുകളില്‍ ഘാനയില്‍ 25 ശതമാനം ആളുകളും ഈ രോഗത്താല്‍ ബാധിക്കപ്പെടുകയും അവയവങ്ങള്‍ക്ക് വൈകൃതം സംഭവിക്കുകയും മരണം പോലും ഉണ്ടാകുകയും ചെയ്തു. ചികിത്സ വൈകുന്നത് വൈരൂപ്യം, പ്രവര്‍ത്തനക്ഷമതയിലെ കുറവ്, എല്ലുകളിലെ അണുബാധ, അള്‍സര്‍ മുറിവിലെ സെക്കന്‍ഡറി ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.