spot_img

മുലയൂട്ടല്‍ സമയത്ത് വേണ്ടത് സമീകൃതാഹാരം, കുഞ്ഞിന് 2 വയസ്സു വരെ മുലപ്പാല്‍ നല്‍കുക

 

സ്ത്രീകള്‍ സ്വന്തം ഭക്ഷണ കാര്യങ്ങള്‍ ഏറ്റവും അധികം ശ്രദ്ധിക്കുന്ന കാലഘട്ടമാണ് ഗര്‍ഭകാലവും അതിനോട് അനുബന്ധിച്ചുള്ള മുലയൂട്ടല്‍ കാലവും. മുലയൂട്ടുന്ന അമ്മമാര്‍ രണ്ടുപേര്‍ കഴിയ്ക്കുന്ന ഭക്ഷണം കഴിയ്ക്കണമെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ ഭക്ഷണം കഴിച്ചാല്‍ അമ്മയുടെ ശരീരഭാരം അനിയന്ത്രിതമാകും എന്നല്ലാതെ കുട്ടിക്ക് പോഷകങ്ങളൊന്നും കിട്ടില്ല. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ പോഷക സമ്പുഷ്ടമായ സമീകൃതാഹാരം ശീലമാക്കണം. സമീകൃതാഹാരം എന്നു പറഞ്ഞാല്‍ എല്ലാ തരം ഭക്ഷണങ്ങളും ഉള്‍പ്പെട്ടിരിക്കണം. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പാല്‍, മുട്ട, മാംസം, മത്സ്യം, നട്‌സ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രസവം കഴിഞ്ഞുള്ള ഒരു മാസം അമ്മമാര്‍ കഴിയ്‌ക്കേണ്ടത് ധാരാളം ജലാംശവും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ്. എങ്കില്‍ മാത്രമേ കുഞ്ഞിന് ആവശ്യമായ പാല്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയുള്ളൂ. ആറു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നത് അമ്മയുടെ മുലപ്പാലില്‍ നിന്നാണ്. അതിനാല്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. ആറുമാസത്തിന് ശേഷം കട്ടി കുറഞ്ഞ ആഹാരം കുഞ്ഞുങ്ങള്‍ക്ക് നല്‍കി തുടങ്ങാമെങ്കിലും മുലയൂട്ടല്‍ നിര്‍ത്താന്‍ പാടില്ല. രണ്ട് വയസു വരെയെങ്കിലും കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

മുലയൂട്ടുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണമുള്ള കാര്യമാണ്. കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനും മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നതിനും മുലയൂട്ടല്‍ അത്യാവശ്യമാണ്. അമ്മമാരില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദം തടയാന്‍ മുലയൂട്ടല്‍ ഒരു പരിധി വരെ സഹായിക്കും. ചില അമ്മമാരില്‍ മുലപ്പാലിന്റെ ഉത്പാതനം വളരെ കുറവായിരിക്കും. ഇത്തരക്കാര്‍ ഭക്ഷണത്തില്‍ വെളുത്തുള്ളി, പപ്പായ, നട്‌സ്, ശതാവരി, ഗ്രാമ്പു, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവ ഉള്‍പ്പെടുത്തണം. ഇതോടൊപ്പം നന്നായി വെള്ളം കുടിയ്ക്കുകയും വേണം. ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ജ്യൂസ്, സൂപ്പ് എന്നിങ്ങനെ ഏത് രീതിയിലും ശരീരത്തില്‍ ജലാംശം എത്തിക്കാം.

സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ ഉപയോഗം നിര്‍ത്തുന്നതാണ് ഉത്തമം. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ശ്രദ്ധിക്കുക. ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം കുഞ്ഞുങ്ങളില്‍ ഉറക്ക കുറവിന് കാരണമാകും. കുഞ്ഞിന് ആദ്യം ലഭിക്കുന്ന അമൃതാണ് മുലപ്പാല്‍. അതൊരിക്കലും നിഷേധിക്കരുത്. മുലയൂട്ടല്‍ ഒരു മഹത്തായ കര്‍മ്മമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.