spot_img

ഇത് ബ്രസ്റ്റ് ഫീഡ് വാരം; കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുന്നതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുക

ലോകമെമ്പാടും ഓഗസ്റ്റ് ഒന്നു മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുകയാണ്. മാര്‍ക്കറ്റില്‍ പാല്‍പ്പൊടികള്‍, ഫോര്‍മുല ഫീഡുകള്‍, പാല്‍ എന്നിവയെല്ലാം സുലഭമായിരിക്കുമ്പോള്‍ എന്തിന് മുലപ്പാല്‍ തന്നെ കൊടുക്കണം എന്ന സംശയമുന്നയിക്കുന്ന അമ്മമാരുണ്ട്‌. മുലപ്പാല്‍ കൊടുക്കുന്നത് വേദനാജനകമാണെന്ന് പറയുന്ന  അമ്മമാരും ഉണ്ട്. മുലപ്പാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. അത്‌ അമൃതിന് തുല്യമാണെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

മുലപ്പാലില്‍ കുഞ്ഞിന് വേണ്ടുന്ന പോഷകാംശങ്ങള്‍ ശരിയായ അളവില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കുഞ്ഞിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ മുലപ്പാലില്‍ വേണ്ടുവോളം ഉണ്ട്‌. അതിനാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലയൂട്ടല്‍ അനിവാര്യമാണ്.

ജനിച്ച് കഴിഞ്ഞ് ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക. വെള്ളം പോലും നല്‍കേണ്ടെന്ന് ചുരുക്കം. ആറുമാസത്തിന് ശേഷം കട്ടികുറഞ്ഞ ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. മറ്റ്  ഭക്ഷണങ്ങള്‍ കൊടുത്താലും മുലയൂട്ടല്‍ തുടരണം. രണ്ട് വയസുവരെയെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കണം. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ അല്ലാതെ കുപ്പിപ്പാല്‍ കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. കുപ്പിപ്പാല്‍ ഊര്‍ന്നിറങ്ങി ചെവിയില്‍ കയറാനും അതുവഴി ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ശ്വാസകോശത്തില്‍ ചെന്ന് ബ്രോഗ്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാം. പാല്‍ കൊടുക്കുന്ന കുപ്പി വൃത്തിയുള്ളതല്ലെങ്കിലും കുഞ്ഞിന് രോഗാണു ബാധയും ആസുഖങ്ങളും ഉണ്ടാകാം. രണ്ടുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിന് പകരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊടുക്കാന്‍ ശ്രമിച്ചാല്‍ അവ തൊണ്ടയില്‍ കുടുങ്ങാനും സാധ്യതയുണ്ട്‌. ഫോര്‍മുല ഫീഡുകള്‍ കൊടുത്താല്‍ ആരോഗ്യം വര്‍ധിപ്പിക്കാം എന്ന തെറ്റിദ്ധാരണയും മാറ്റേണ്ടതാണ്‌. ക്യത്യമായി മുലപ്പാല്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ആസ്മ, സിഒപിഡി, ഡയബറ്റിസ്, അമിതവണ്ണം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ വരാനുള്ള സാധ്യത കുറവാണ്‌.

പ്രസവത്തിന് ശേഷം എപ്പോള്‍ മുതല്‍ പാല്‍ കൊടുക്കണം

സുഖപ്രസവമാണെങ്കില്‍ പ്രസവിച്ച ഉടനെ മുലയൂട്ടാം. സീസേറിയന്‍ ആണെങ്കില്‍ പ്രസവിച്ച് 4 മണിക്കൂറിനുള്ളില്‍ മുലയൂട്ടാം. പ്രസവിച്ച ശേഷമുള്ള ആദ്യത്തെ പാല്‍ മോശമാണെന്ന തെറ്റായ ധാരണ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും ആരോഗ്യപ്രദവും കുഞ്ഞിന് അത്യാവശ്യവുമായ പാലാണ് ആദ്യം സ്ത്രീകളുടെ ശരീരത്തില്‍ നിന്നും പുറത്തു വരുന്നത്. മുലപ്പാല്‍ വെള്ളനിറമാകാന്‍ മൂന്ന് ദിവസം എടുക്കും. അതിന് മുന്നേ വരുന്ന കൊളസ്ട്രം എന്ന ദ്രാവകം കുഞ്ഞിന് അനിവാര്യമാണ്. കൊഴുപ്പ് കൂടിയ, പോഷകമൂല്യം ഏറെയുള്ള ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

പാലു കുടിച്ചിട്ടും കുഞ്ഞ് ഉറങ്ങുന്നില്ലെന്ന പരാതി പല അമ്മമാര്‍ക്കും ഉണ്ട്. പാല്‍ കുടിച്ചതിന് ശേഷം കുഞ്ഞിന്റെ വയറ്റില്‍ ഗ്യാസ് ഉണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങാറില്ല. കുഞ്ഞിനെ തോളില്‍ കിടത്തി പുറത്ത് മെല്ലെ തട്ടിയതിന് ശേഷം ഉറക്കാന്‍ കിടത്തുക. കുഞ്ഞ് സുഖമായി ഉറങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പാല്‍ കുടിക്കാന്‍ ഉണരും. ബ്രസ്റ്റ് ഫീഡിങ് ഓണ്‍ ഡിമാന്റ് രീതിയാണ് അമ്മമാര്‍ അവലംബിക്കേണ്ടത്. കുഞ്ഞ് 5,6 തവണ പാല്‍ കുടിക്കുന്നു, 6,7 തവണ മൂത്രമൊഴിക്കുന്നു എന്നാണെങ്കില്‍ കുഞ്ഞിന് ആവശ്യമായ പാല്‍ കിട്ടുന്നുണ്ടെന്നാണ് അര്‍ത്ഥം.

കുഞ്ഞിന് എങ്ങനെ പാല്‍ കൊടുക്കും, പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിനെ എങ്ങനെ പിടിക്കണം എന്നുള്ള കാര്യങ്ങള്‍ ഏതൊരു പുതിയ അമ്മയ്ക്കും ആശങ്കയുള്ള കാര്യമാണ്. മുലക്കണ്ണ് പൊട്ടി വേദനിക്കുന്നതും ഇവര്‍ നേരിടുന്ന പ്രശ്‌നമാണ്. ഒറ്റക്കിരുന്ന് സുഖമായി കുഞ്ഞിന് പാല്‍ കൊടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. മുലക്കണ്ണ് മുഴുവന്‍ കുഞ്ഞിന്റെ വായില്‍ വെച്ച് ഒരു കൈകൊണ്ട് കുഞ്ഞിനെ താങ്ങി, കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി വേണം പാല്‍ കൊടുക്കാന്‍. അമ്മയുടെ മാറോട് ചേര്‍ന്നിരുന്ന് സുഖമായി പാല്‍ കുടിയ്ക്കാന്‍ കുഞ്ഞിന് സാധിക്കും. കുഞ്ഞ് പാല്‍ കുടിച്ചതിന് ശേഷം വ്യത്തിയുള്ള കൈകൊണ്ട് കുഞ്ഞിന്റെ വായില്‍ നിന്നും മുലക്കണ്ണ് വേര്‍പ്പെടുത്തിയെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുലക്കണ്ണ് പൊട്ടുന്നത് തടയാന്‍ സാധിക്കും. മുലക്കണ്ണ് പൊട്ടിയാല്‍ ക്രീമുകള്‍ ഉപയോഗിച്ച് അത് ഉണക്കിയതിന് ശേഷം പാല്‍ കൊടുക്കാവുന്നതാണ്.

അമ്മയ്ക്ക് പനി വന്നാലും കുഞ്ഞിന് പാല്‍ കൊടുക്കാം. പാലിലോ മാറിലോ പഴുപ്പ്, പാലിനൊപ്പം രക്തം വരുക എന്നീ സാഹചര്യങ്ങളില്‍ മാത്രമേ മുലയൂട്ടാതിരിക്കേണ്ട സാഹചര്യമുള്ളൂ. മുലയൂട്ടല്‍ കുഞ്ഞിന്റെ അവകാശമാണ്, അത്യാവശ്യവുമാണ്‌.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.