spot_img
Array

ഭയക്കേണ്ടതില്ല സ്തനാര്‍ബുദത്തെ

സ്തന പേശികളില്‍ അനിയന്ത്രിതമായി ഉണ്ടാകുന്ന കോശ വളര്‍ച്ചയാണ്  സ്തനാര്‍ബുദം. മുലപ്പാല്‍ ഗ്രന്ഥികളില്‍ രൂപപ്പെടുന്നവ, മുലപ്പാല്‍ കൊണ്ടു പോകുന്ന കുഴലുകളില്‍ ഉണ്ടാവുന്നവ, കൊഴുപ്പ് നിറഞ്ഞ ഭാഗങ്ങളില്‍ വരുന്നവ, സ്തനങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന പേശികളില്‍ ഉണ്ടാകുന്നവ എന്നിങ്ങനെ സ്തനാര്‍ബുദങ്ങള്‍ പലതുണ്ട്. മുലപ്പാല്‍ കുഴലുകളില്‍  രൂപപ്പെടുന്ന ക്യാന്‍സറാണ് ഇതില്‍ പൊതുവായി കണ്ടുവരുന്നത്. സാധാരണ ഒരു സ്തനത്തില്‍ മാത്രമാണ് ഇത് ബാധിക്കുക.

സ്തനങ്ങള്‍ ചുവപ്പ് നിറമാവുകയും വീര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വിഭാഗം സ്തനാര്‍ബുദം അപൂര്‍വമായി കാണപ്പെടുന്നുണ്ട്. കാഴ്ചയില്‍ സ്തനങ്ങളിലെ അണുബാധ പോലെയുണ്ടാകും ഇത്. ജനിതക കാരണങ്ങള്‍ക്ക് ഉപരിയായി മദ്യപാനം, പുകവലി, ഉറക്കത്തിലെ ക്രമരാഹിത്യം, തെറ്റായ ഭക്ഷണ രീതികള്‍ എന്നിവയാണ് പ്രധാനമായും സ്തനാര്‍ബുദത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പരിശോധനകള്‍ക്ക് വിധേയമായാല്‍ ഇതിന്‍റെ അപകടം കുറക്കാം.

സ്തനാര്‍ബുദം എങ്ങനെയുണ്ടാകുന്നു?

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചക്കുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്യാന്‍സറിനു കാരണമായി പറയാന്‍ പറ്റില്ലെങ്കിലും ഒരാളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവ ജനിതകമോ പരിസ്ഥിതി സംബന്ധമോ ആകാം. 
വീട്ടിലെ ഒന്നോ അതിലധികമോ ആളുകള്‍ക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിലെ അനന്തര തലമുറയിലുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടും. ജനിതക പ്രവണത മൂലം ഒരു വ്യക്തി സാധാരണ കോശങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ള  അര്‍ബുദ കോശങ്ങളെ തന്‍റെ ജീനുകളില്‍ വഹിക്കുന്നു. ഇത് ക്യാന്‍സറിന് കാരണമാകാം.

12 വയസിന് മുന്‍പ് ആര്‍ത്തവമുണ്ടായതോ 55 വയസിനു ശേഷം ആര്‍ത്തവം നിലച്ചതോ ആയ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതകള്‍ കൂടുതലാണ്. ഗര്‍ഭം ധരിക്കാത്ത സ്ത്രീകളിലും വൈകി ഗര്‍ഭം ധരിച്ച(30 വയസ് കഴിഞ്ഞ്) സ്ത്രീകളിലും സ്തനാര്‍ബുദമുണ്ടാകാം. പൊണ്ണത്തടിയോ അമിത വണ്ണമോ ഉള്ളവരില്‍ ഇതിനുള്ള സാധ്യതയുണ്ട്.

അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ എന്നിങ്ങനെയുള്ള കാരണങ്ങള്‍ മൂലവും ഇത് സംഭവിക്കാം. റേഡിയേഷന്‍ ഏല്‍ക്കുക, ദീര്‍ഘകാലം സിഗരറ്റ് വലിക്കുക എന്നീ വിധത്തിലും അര്‍ബുദം ബാധിക്കാം. കീടനാശിനിയാണ്‌ മറ്റൊരു അപകടകാരി. വേണ്ടത്ര സുരക്ഷയില്ലാതെ കീടനാശിനികള്‍ ഉപയോഗിക്കുന്നവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ചില സംഭവങ്ങളില്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയമായ സ്ത്രീകളിലും ഇതുണ്ടാകാറുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെ?

സ്തനങ്ങളിലെ മുഴകളുടെ സാന്നിധ്യമാണ് സ്തനാര്‍ബുദത്തിന്‍റെ  ലക്ഷണം. യാദൃശ്ചികമായോ അല്ലെങ്കില്‍ സ്വയം പരിശോധനകള്‍ക്കിടയിലോ രോഗി തന്നെയാണ് സാധാരണ ഇത് തിരിച്ചറിയുക. വേദനയില്ലാത്ത, ഉറച്ച മുഴകളാകും ഇവ. സ്തനങ്ങളുടെയും മുലക്കണ്ണുകളുടെയും രൂപത്തിലും വലിപ്പത്തിലും വ്യതാസമുണ്ടാകാനും സാധ്യതയുണ്ട്.

സ്തനങ്ങളെ ആവരണം ചെയ്യുന്ന തൊലി വരണ്ട് കുഴികള്‍ രൂപപ്പെടുന്നതും തൊലി അടര്‍ന്നു പോകുന്നതും ഇതിന്‍റെ ലക്ഷണമാണ്. ഇത് കൂടാതെ മുലക്കണ്ണുകളില്‍ നിന്ന് രക്തം കലര്‍ന്ന ദ്രാവകം  വരികയും അവയ്ക്ക് പുറമേയുള്ള തൊലി വരണ്ട് പൊട്ടുകയും ചെയ്യാം.

രോഗ നിര്‍ണയം നടത്തുന്നതെങ്ങനെ?

സ്വയം പരിശോധനകളിലാണ് സ്തനങ്ങളിലെ മുഴ ആദ്യമായി കണ്ടെത്തുന്നത്. 40 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും ഈ പരിശോധന കൃത്യമായി ചെയ്യേണ്ടതാണ്. വലതു കൈ ഉയര്‍ത്തി ഇടത് കൈ കൊണ്ട് തടവി നോക്കിയാണ് വലത്തേ സ്തനത്തിലെ മുഴ പരിശോധിക്കേണ്ടത്. ഇടത് കൈ ഉയര്‍ത്തി വലത്തേ കൈ കൊണ്ടു ഇടത് സ്തനത്തിലെ മുഴ പരിശോധിക്കണം. അസാധാരണമായി എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇതിനുശേഷം കണ്ണാടിക്ക് മുന്‍പില്‍ നിന്ന് തന്‍റെ സ്തനങ്ങളുടെ വലിപ്പത്തിലും രൂപത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും പരിശോധിക്കണം. എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.

പരിശോധനകള്‍ക്ക് ശേഷം ഡോക്ടറാണ് മുഴയുടെ അപകടാവസ്ഥ സ്ഥിരീകരിക്കുന്നത്. സ്വയം പരിശോധനകള്‍ക്കിടയില്‍ മുഴ കണ്ടെത്തിയാലുടനെ ഭയപ്പെടേണ്ടതില്ലെന്ന് സാരം. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാമോഗ്രഫി ചെയ്യണം. സ്തനങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേക എക്സ്റേ ആണിത്. ആരംഭഘട്ടങ്ങളില്‍ അര്‍ബുദം കണ്ടെത്താനും സ്തനങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാനും ഇതിലൂടെ സാധിക്കും.  

പ്രശ്‌നമെന്ന്‌ തോന്നിക്കുന്ന ഭാഗങ്ങള്‍ വീണ്ടും ഒരു ബയോപ്സിയിലൂടെ പരിശോധിക്കും. ഇതിനായി മുഴകളിലെ  ഒരു ചെറിയ കല ലബോറട്ടറി ടെസ്റ്റിംഗിനായി എടുക്കും. ചില സംഭവങ്ങളില്‍ മുഴയിലേക്ക് ഒരു ചെറിയ സൂചിയിറക്കി അതിലെ ദ്രാവകമെടുത്ത് പരിശോധിക്കുകയും ചെയ്യും. 

മറ്റൊരു തരം ബയോപ്സിയില്‍ മുഴയുടെ സമീപത്ത് ചെറിയൊരു മുറിവുണ്ടാക്കി ഇതിലെ ഒരു ഭാഗം പരിശോധനക്കായി എടുക്കും. ചിലപ്പോള്‍ മുഴ പൂര്‍ണമായി നീക്കം ചെയ്യും. രോഗിയുടെ ചരിത്രമനുസരിച്ചാണ് ഡോക്ടര്‍ ഇത് തീരുമാനിക്കുക.

ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്നറിയാനായി ചില പരിശോധനകള്‍ നടത്തണം. രക്ത പരിശോധന, അടിവയറില്‍ അള്‍ട്രാസൌണ്ട് സ്കാന്‍ എന്നിവ കൂടാതെ അസ്ഥി സ്കാനുകളും ഇതിനായി ചെയ്യാറുണ്ട്.

എന്താണ് സ്തനാര്‍ബുദത്തിന് ലഭ്യമായ ചികിത്സ?

സ്തനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അവയവമല്ലാത്തത് കൊണ്ട് മാസ്ടെക്ടമി എന്ന സര്‍ജറിയിലൂടെ അവ നീക്കം ചെയ്യുകയാണ് പതിവ്. ചില സംഭവങ്ങളില്‍ മുഴ മാത്രമാണ് നീക്കം ചെയ്യുക. മറ്റ് ചിലതില്‍ സ്തനം പൂര്‍ണമായും നീക്കം ചെയ്യും. ശേഷം രോഗിയെ റേഡിയോ തെറാപ്പിക്ക്‌ വിധേയമാക്കും. അടുത്തുള്ള പേശികള്‍ക്ക് പ്രശ്നമുണ്ടാക്കാത്ത വിധത്തില്‍ അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാനാണ് ഈ ചികിത്സ.

ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ വിന്‍ക്രിറ്റൈന്‍, അഡ്രിയമൈസിന്‍, സൈക്ലോഫോസ്ഫമൈഡ് എന്നീ മരുന്നുകളുപയോഗിച്ചുള്ള കീമോ തെറാപ്പി ചെയ്യേണ്ടി വരും. ചില കേസുകളില്‍ ടാമോക്സിഫൈന്‍ ഉപയോഗിച്ചുള്ള ഹോര്‍മോണല്‍ ട്രീറ്റ്മെന്റും നടത്താറുണ്ട്. സമ്പൂര്‍ണ പരിശോധനയ്ക്കായി ഈ ചികിത്സാ രീതികള്‍ ഒന്നിച്ച് ചെയ്യാറുണ്ട്.

മറക്കണ്ട, നേരത്തെ കണ്ടെത്തി ചികിത്സ തേടിയാല്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ക്യാന്‍സറിനോട് ബൈ പറയാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.