spot_img

പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടോ ?  

പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടോ ?  

സ്തനാര്‍ബുദ പ്രചരണങ്ങള്‍ പൊതുവെ സ്ത്രീകളെ ഉദ്ദേശിച്ചുള്ളതാണ്. കാരണം ഇത് സ്ത്രീകള്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. എട്ടു സ്ത്രീകളില്‍ ഒരാള്‍ക്കെന്ന രീതിയില്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം വരാം.  അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് 2016 ല്‍ അമേരിക്കയിലെ 2,600 പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ 440 പേര്‍ ഇതുമൂലം മരിക്കുകയും ചെയ്തു.

സ്തനങ്ങള്‍ ഇല്ലാത്തപ്പോള്‍ പുരുഷന്മാര്‍ക്ക് എങ്ങനെ സ്തനാര്‍ബുദം വരുമെന്ന് ആശ്ചര്യമുണ്ടാകാം.  ലിംഗഭേദമന്യേ എല്ലാവര്‍ക്കും മുലക്കണ്ണിനും അതിനു ചുറ്റുമുള്ള ചര്‍മത്തിനും കീഴില്‍ ഏതാനും നാളങ്ങള്‍ അടങ്ങിയ സ്തനകലകളുണ്ട്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരുടെ അണ്ഡാശയത്തില്‍ പെണ്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ അത് അവരുടെ സ്തനങ്ങള്‍ വളരാന്‍ കാരണമാകുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം പുരുഷന്മാര്‍ക്ക് സ്ത്രീ ഹോര്‍മോണുകളുടെ അളവ് വളരെ കുറവായതിനാല്‍ അവരുടെ സ്തന കോശങ്ങള്‍ അധികം വളരുകയില്ല. എന്നാല്‍ ശരീരത്തിലെ മറ്റേതൊരു കോശത്തെയും പോലെ നെഞ്ചിലെ നാളി കോശങ്ങള്‍ക്ക് അര്‍ബുദം വരാം.

എന്നിരുന്നാലും, സ്തനാര്‍ബുദം പുരുഷന്മാരില്‍ വളരെ സാധാരണമല്ല. പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 1000 ത്തില്‍ ഒന്ന് മാത്രമാണ്. ഇത് സ്ത്രീകളേക്കാള്‍ 100 മടങ്ങ് കുറവുമാണ്. പുരുഷന്മാരില്‍ സ്ത്രീ ഹോര്‍മോണുകളുടെ അളവു വളരെ കുറവാണ്. അതിനാല്‍ സ്തനകോശങ്ങളുടെ വളര്‍ച്ചയും കുറവായിരിക്കും.

സ്തനാര്‍ബുദം പുരുഷന്മാര്‍ക്കിടയില്‍ താരതമ്യേന അപൂര്‍വമാണെങ്കിലും അത് നേരിടുന്നവരുടെ അവസ്ഥ സ്ത്രീകളെയപേക്ഷിച്ച് അത്ര നല്ലതല്ല. സ്തനാര്‍ബുദത്തില്‍ നിന്നുള്ള അതിജീവനം അത് എത്രത്തോളം വ്യാപിച്ചു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാര്‍ക്ക് ബ്രെസ്റ്റ് ടിഷ്യു വളരെ കുറവായതിനാല്‍, മുലക്കണ്ണിലേക്കോ സ്തനത്തിന് താഴെയുള്ള പേശികളിലേക്കോ അര്‍ബുദ കോശങ്ങള്‍ക്കെത്താന്‍ അധികം വളരേണ്ടതില്ല. ഇത് കണ്ടെത്തുമ്പോഴേക്കും, അര്‍ബുദ കോശങ്ങള്‍ പലപ്പോഴും സമീപത്തുള്ള ടിഷ്യുകളിലേക്കോ ലിംഫ് നോഡുകളിലേക്കോ വ്യാപിച്ചു കഴിഞ്ഞിരിക്കും. അവബോധത്തിന്റെ കുറവു മൂലമാണ് ഇത് പുരുഷന്മാരില്‍ ഒരു മാരക രോഗമായി മാറാനിടയാക്കുന്നത്. പലര്‍ക്കും സ്തനാര്‍ബുദം പുരുഷന്മാര്‍ക്ക് വരുമെന്ന് പോലും അറിയില്ല, മാത്രമല്ല രോഗലക്ഷണങ്ങളെ അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം

രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പുരുഷന്മാരിലും സ്ത്രീകളിലും രോഗശാന്തിയുണ്ടാകും.

  • സ്തനങ്ങളിലൊന്നില്‍ ചെറിയ, കട്ടിയുള്ള തടിപ്പ് അല്ലെങ്കില്‍ വീക്കം ചിലപ്പോള്‍ കണ്ടേക്കാം. ഈ തടിപ്പ് സാധാരണയായി മുലക്കണ്ണിനും അതിനു ചുറ്റുമുള്ള ചര്‍മ്മത്തിനും താഴെയാണ് കാണപ്പെടുന്നത്. ഇത് മിക്ക കേസുകളിലും വേദനയില്ലാത്തതായിരിക്കും. ചില സമയങ്ങളില്‍ സ്തനാര്‍ബുദം കോളര്‍ബോണിന് ചുറ്റുമുള്ളതോ കക്ഷത്തിലോ ഉള്ള ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചേക്കാം. സ്തനത്തിലെ ട്യൂമര്‍ വലുതാകുന്നതിനുമുമ്പ് ഒരു തടിപ്പോ വീക്കമോ ആദ്യം പ്രത്യക്ഷപ്പെടാം. പുരുഷന്മാരുടെ സ്തനത്തിലെ തടിപ്പ് സാധാരണയായി ടിഷ്യുവിന്റെ വര്‍ധനവ് മാത്രമാണെങ്കിലും (ഗൈനക്കോമാസ്റ്റിയ എന്നറിയപ്പെടുന്ന നിരുപദ്രവകരമായ അവസ്ഥ) ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്.
  • മുലക്കണ്ണ് ഉള്ളിലേക്കു പിന്‍വലിക്കാന്‍ തുടങ്ങുകയോ വീക്കം തോന്നുകയോ അല്ലെങ്കില്‍ കഠിനമാവുകയോ ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കണം.
  • നിങ്ങളുടെ സ്തനചര്‍മം ചുവക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് മങ്ങാന്‍ തുടങ്ങുകയോ ചെയ്യാം.
  • മുലക്കണ്ണില്‍ നിന്ന് ഒരു ദ്രാവകം വരുന്നത് കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം.

അപകടാവസ്ഥയിലേക്ക് തള്ളി വിടുന്ന കാരണങ്ങള്‍

  1. പുരുഷന്മാരില്‍ 60നും 70നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യത കൂടുതല്‍.
  2. പാരമ്പര്യമായി വരാനുള്ള സാധ്യതയുണ്ട്. 
  3. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ ഉയര്‍ന്ന അളവ് പുരുഷ സ്തനാര്‍ബുദത്തിന് കാരണമാകും.  ഹോര്‍മോണ്‍ ചികിത്സകള്‍, അമിതവണ്ണം (കൊഴുപ്പ് കോശങ്ങള്‍ പുരുഷ ഹോര്‍മോണുകളെ സ്ത്രീ ഹോര്‍മോണുകളാക്കി മാറ്റുന്നു), സിറോസിസ് പോലുള്ള കരള്‍ രോഗങ്ങള്‍ എന്നിവ മൂലം പുരുഷന്മാര്‍ക്ക് ഈസ്ട്രജന്റെ അളവ് വര്‍ധിക്കാനിടയുണ്ട്. ക്ലൈന്‍ഫെല്‍ട്ടര്‍ സിന്‍ഡ്രോം എന്ന അപൂര്‍വ ജനിതകാവസ്ഥ പുരുഷ ഹോര്‍മോണുകളുടെ അളവ് കുറക്കുന്നതിനും ഈസ്ട്രജന്‍ കൂടുതല്‍ അളവില്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.  
  4. ചില ജോലി സാഹചര്യങ്ങളും ദോഷകരമാണ്. അസാധാരണമാംവിധം ചൂടുള്ള ജോലിസ്ഥലത്ത് പണിയെടുക്കുന്ന പുരുഷന്മാര്‍ക്ക് (ഉരുക്ക് ജോലികള്‍, സ്ഫോടന ചൂളകള്‍, കാര്‍ നിര്‍മാണ പ്ലാന്റുകള്‍) തണുത്ത സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്. സോപ്പ്, പെര്‍ഫ്യൂം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  

ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.