spot_img

തലച്ചോറിനും വേണം വ്യായാമം

നമുക്ക് പ്രായമാകുന്നതിനോടൊപ്പം തലച്ചോറിനും പ്രായമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രായം കൂടുന്തോറും തലച്ചോറിനും വ്യായാമം ആവശ്യമാണ്. പ്രായം കൂടുന്തോറും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

ഓര്‍മയേയും ബുദ്ധിയേയും ശക്തിപ്പെടുത്തുന്നതില്‍ ഗ്രഹിച്ചു മനസ്സിലാക്കുക (Cognition) എന്ന രീതിക്ക് വളരെ പ്രാധാന്യമുണ്ട്. മനക്കണക്ക് നടത്തുന്നതും പല കാര്യങ്ങളും ഓര്‍മയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതുമെല്ലാം ഈ കഴിവുള്ളതുകൊണ്ടാണ്. ഈ പ്രക്രിയകളെ ശക്തിപ്പെടുത്താന്‍ എയ്‌റോബിക് വ്യായാമങ്ങള്‍ക്ക് കഴിയുന്നു.

വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ ആന്റീരിയര്‍ സിംഗുലേറ്റ് എന്ന ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നു. ഈ ഭാഗമാണ് പ്രായം ചെന്നവരില്‍ കോഗ്‌നിഷന്‍ ഉറപ്പുവരുത്തുന്നത്. നിരന്തരം വ്യായാമം ചെയ്യുന്നവരില്‍ ഓര്‍മ്മയ്ക്ക് ആധാരമായ ഹിപ്പോ കാമ്പസ് എന്ന ഭാഗത്തും രക്തയോട്ടം ഗണ്യമായി വര്‍ധിക്കുന്നു. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ഹിപ്പോ കാമ്പസിലെ രക്തലഭ്യതയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. തലച്ചോറിന്റെ ഈ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് ഈ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന് എയറോബിക് വ്യായാമവും മാനസിക വ്യായാമങ്ങളും ആവശ്യമാണ്. കഠിനമായ വ്യായാമത്തേക്കാള്‍ ലളിതവും എന്നാല്‍ പ്രയോജനകരവുമായ വ്യായാമങ്ങളാണ് നല്ലത്.  കൂടുതല്‍ ദൂരം ഓടുന്നതു പോലുള്ളവ ഉദാഹരണം. പ്രായാധിക്യത്തില്‍ തലച്ചോറിന്റെ വൈറ്റല്‍ ഗ്രേ മാറ്ററില്‍ ഉണ്ടാകുന്ന ദ്വാരങ്ങളെ ഇത്തരം വ്യായാമങ്ങള്‍ ഗണ്യമായി കുറക്കുന്നു. കൂടാതെ ഹിപ്പോ കാമ്പസ്, ആന്റീരിയര്‍ സിംഗുലേറ്റ് എന്നീ ഭാഗങ്ങളില്‍ പുതിയ കോശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

വ്യായാമം തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പക്ഷേ സ്ഥായിയല്ല. വ്യായാമങ്ങള്‍ നിര്‍ത്തുന്ന മുറയ്ക്ക് ഏതാണ്ട് 10 ദിവസം കഴിയുമ്പോള്‍ അവ നഷ്ടപ്പെടുന്നു. അതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യേണ്ടതുണ്ട്.

മെന്റല്‍ സ്‌കില്‍ എക്‌സര്‍സൈസുകള്‍

  1. റീകാള്‍ എക്‌സര്‍സൈസ് (Recall exercises)

നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ ഓര്‍മിച്ചെടുത്ത് ക്രമമായ ഒരു പട്ടികയാക്കുക. അത് വേണമെങ്കില്‍ എഴുതിവെക്കുക. ഒരു മണിക്കൂറിനുശേഷം അവ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. പട്ടികയിലെ ക്രമമനുസരിച്ച് ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നു നോക്കുക. ഈ പ്രവൃത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നത് കൂടുതല്‍ സാധനങ്ങള്‍ ഓര്‍മയില്‍ വരുത്താനും, ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.

  1. ലേണ്‍ ടു പ്ലേ മ്യൂസിക് (Learn to play music)

സംഗീതോപകരണങ്ങള്‍ ആദ്യമായി പഠിക്കുന്നതും അതുപോലെ സംഗീതം അഭ്യസിക്കുന്നതും ഏത് പ്രായത്തിലും മനസ്സിനെ പ്രായാധിക്യത്തിന്റെ പോരായ്മയില്‍ നിന്നും വിലക്കും. ഇങ്ങനെയുള്ള വ്യായാമങ്ങള്‍ക്ക് സങ്കീര്‍ണ്ണതയേറുമെങ്കിലും ദീര്‍ഘനാള്‍ തുടര്‍ച്ചയായി ചെയ്യുന്നത് മനസ്സിനെയും ഓര്‍മയെയും ബുദ്ധിയെയും കൂര്‍മ്മതയുള്ളതാക്കും.

  1. മനക്കണക്ക് ചെയ്യുക

പേനയും പേപ്പറും കാല്‍ക്കുലേറ്ററും ഇല്ലാതെ കണക്കുകള്‍ മനസ്സില്‍ കൂട്ടുക. പുതിയ തൊഴിലുകള്‍ പഠിക്കുക. ഉദാഹരണത്തിന് പാചകം. പുതിയ രീതിയിലുള്ള പാചകമുറകള്‍, മണം, കാഴ്ച, സ്വാദ്, സ്പര്‍ശം എന്നിവയെ തിരിച്ചറിയുന്നത് തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് നല്ല വ്യായാമമാണ്.

  1. പുതിയ ഭാഷ പഠിക്കുക

കേള്‍വിയും പഠനവും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ഇത് തലച്ചോറിന്റെ ഗ്രാഹ്യശേഷിയെ ദൃഢപ്പെടുത്തുന്നു.

  1. മാപ്പ് വരയ്ക്കുക

ഒരു സ്ഥലം സന്ദര്‍ശിച്ച് മടങ്ങി വന്നതിനുശേഷം ആ സ്ഥലത്തിന്റെ മാപ്പ് ഓര്‍ത്തെടുത്ത് വരയ്ക്കുന്നതും ഒരു വ്യായാമമാണ്. ഇതുപോലെ തന്നെയാണ് മണം കൊണ്ട് ആഹാരത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുന്നതും. പടം വരയ്ക്കുക, ബില്‍ഡിംഗ് ബോക്‌സ്, പസില്‍സ്, തുന്നല്‍ എന്നിവ ഹോബിയാക്കുന്നതും മനസ്സിന് ഉപയോഗപ്രദമാണ്.  

തലച്ചോറിന്റെ ആരോഗ്യത്തിന് നീലപ്രകാശം നല്ലതാണ്. ഇത് ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഉത്തേജനത്തേക്കാള്‍ പ്രയോജനകരമാണ്. സൂര്യകിരണങ്ങളില്‍ നീലവെളിച്ചം ധാരാളമുണ്ട്. ആയതിനാല്‍ ഉറക്കമെണീറ്റ് 30 മിനിട്ടിന് ശേഷം പുറത്തിറങ്ങി 15 മിനിട്ട് പ്രഭാത സൂര്യവെളിച്ചത്തിലുള്ള നടത്തം നല്ലതാണ്. എന്നാല്‍ രാത്രിയില്‍ നീലവെളിച്ചം ഉറക്കം കെടുത്തും.

ഇടയ്ക്ക് 16 മണിക്കൂര്‍ ആഹാരമുപേക്ഷിച്ച് വ്രതം എടുക്കുന്നത് കേടായതും പഴയതുമായ കോശങ്ങളെ ഒഴിവാക്കി തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അതിനാല്‍ പ്രഭാതഭക്ഷണം വല്ലപ്പോഴും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മനസ്സിനുള്ള വ്യായാമങ്ങള്‍ക്ക് പുറമെ ശരീരത്തിനുള്ള വ്യായാമം ആഴ്ചയില്‍ 150 മിനിട്ട് എന്ന ക്രമത്തിലും ചെയ്തിരിക്കണം. ആഴ്ചയില്‍ രണ്ട് ദിവസം ഭാരം ഉപയോഗിച്ചുള്ള വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here