ഫിറ്റ്നസ് ഭ്രാന്തന്മാരാണ് ഇന്ന് പലരും. ശരീര സൌന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിക്കുവാന്‍ ദിവസവും വ്യായാമം ചെയ്യാന്‍ മറക്കില്ല നമ്മള്‍. എന്നാല്‍ ശരീരം മാത്രം ഫിറ്റ് ആയിട്ട് കാര്യമില്ലെന്ന വസ്തുത പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. ശരീരം കൃത്യമായി ജോലി ചെയ്യുന്നതിന് പിന്നില്‍ തലച്ചോറാണ്.
മനുഷ്യ ശരീരത്തിലെ മര്‍മ പ്രധാന കേന്ദ്രമാണ് തലച്ചോര്‍. ആരോഗ്യകരമായ തലച്ചോറ് ഒരു മനുഷ്യന്‍റെ നിലനില്പിന് അത്യാവശ്യം വേണ്ടുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ തലച്ചോറിന്‍റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
തലച്ചോറിനെ ഉണര്‍ത്താന്‍ ചില കുറുക്കു വഴികളുണ്ട്. ഇതിലൊന്നാണ് ധ്യാനം. ദിവസവും പത്ത് മിനുട്ട് നേരം ധ്യാനിക്കുന്നത് നിങ്ങളുടെ ഉല്‍ക്കണ്ഠ നീക്കാന്‍ സഹായിക്കും. മനസിന് സമാധാനമുണ്ടെങ്കില്‍ കാര്യങ്ങളെ ശരിയായ രീതിയില്‍ കാണാനും ഒരു പരിധി വരെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും സാധിക്കും. ധ്യാനത്തില്‍ ആയിരിക്കുമ്പോള്‍ തലച്ചോറിന് വിശ്രമിക്കേണ്ടി വരുന്നു. ഇതുവഴി തലച്ചോറിനെ കടിഞ്ഞാണിടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
സംഗീതമാണ് അടുത്ത വഴി. തലച്ചോറിന്‍റെ കഴിവുകളെ വികസിപ്പിക്കാന്‍ സംഗീതത്തിനുള്ള ശക്തി മറ്റൊന്നിനുമില്ല. ചില ഓര്‍മകളുടെ മുറിവുണക്കാന്‍ സംഗീതത്തിന് മാത്രമേ സാധിക്കൂ. സംഗീതം തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ചിന്തകള്‍ക്ക് വ്യക്തത നല്‍കുന്നു. സംഗീതം കേള്‍ക്കുന്നത് മാത്രമല്ല സംഗീതോപകരണങ്ങള്‍ വായിക്കുന്നതും ഉത്തമമാണ്. പുതിയൊരു കാര്യം പഠിക്കുന്നത് തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങള്‍, ജോലി, മറ്റ് തിരക്കുകള്‍ എന്നിങ്ങനെ അകമേയും പുറമേയുമുള്ള കാരണങ്ങള്‍ മൂലം അടിഞ്ഞു പോകാറുണ്ട് പലരും. തലച്ചോര്‍ വിട്ട് കളഞ്ഞാല്‍ ആ നിമിഷം തകരും നമ്മള്‍. ടെന്‍ഷന്‍ അടിച്ച് തലച്ചോറിന്‍റെ സ്വസ്ഥത കളയുന്നതിനു പകരം അത് മാറ്റാനുള്ള വഴികള്‍ നോക്കുകയാണ് വേണ്ടത്.
പുതിയൊരു ഭാഷ പഠിക്കുന്നത് തലച്ചോറിന്‍റെ വികാസത്തിന് ഉതകുന്നതാണ്. മസ്തിഷ്ക കോശങ്ങളെ ഉണര്‍ത്താന്‍ ഭാഷാ പഠനം കൊണ്ട് സാധിക്കും. പുതിയ വാക്കുകള്‍ പഠിക്കാനും ഓര്‍മിക്കാനും ശ്രമിക്കുന്നത് മസ്തിഷ്കത്തിന് ആഘാതമുണ്ടാകാതെ സൂക്ഷിക്കുന്നു.
മനക്കണക്ക് കൂട്ടുന്നവര്‍ ധാരാളമുണ്ട്. കാല്‍ക്കുലേറ്ററും മൊബൈലും വരുന്നതിന് മുന്‍പ് മനസില്‍ കണക്ക് കൂട്ടുമായിരുന്നു പഴയ തലമുറ. ഈ വിദ്യ ചെറുതായൊന്നുമല്ല തലച്ചോറിനെ സഹായിക്കുന്നത്. കണക്കു കൂട്ടുന്നതും വിവരങ്ങള്‍ എകീകരിക്കുന്നതും തലച്ചോറിനെ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇനി കാല്‍ക്കുലേറ്റര്‍ ഉപേക്ഷിച്ച് ഒന്ന് മനക്കണക്ക് കൂട്ടി നോക്കൂ. നിങ്ങളുടെ തലച്ചോറിന്‍റെ കൃത്യത കൂടും.
പഠനം കുട്ടികളുടെ മാത്രം കാര്യമല്ല. തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ പറ്റിയ ഏറ്റവും നല്ല രീതിയാണ് പഠനം. മുന്‍പ് പറഞ്ഞത് പോലെ പുതിയ ഭാഷ, സംഗീതോപകരണങ്ങള്‍, തുന്നല്‍, ചിത്രകല എന്നിവ പഠിക്കുന്നത് തലച്ചോറിനെ ഉഷാറാക്കും.
ബോറടിച്ച് ഇരിക്കുമ്പോള്‍ ഗെയിമുകള്‍ കളിക്കാറുണ്ട് പലരും. ഇത് വെറും സമയം പോകാനുള്ള വഴി മാത്രമല്ല. കളികളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്‍റെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും. മനസിനും തലച്ചോറിനും ഒരേ പോലെ ഉന്മേഷം നല്‍കാന്‍ കളികള്‍ക്ക് സാധിക്കും. ഗ്രൌണ്ടിലിറങ്ങിയുള്ള കളി, ചെസ് കളി എന്നിങ്ങനെ കമ്പ്യൂട്ടറിലെ കളികള്‍ വരെ ഇത്തരത്തില്‍ തലച്ചോറിന് നല്ലതാണ്. ഓര്‍മയും ചിന്താശക്തിയും വര്‍ധിപ്പിക്കാന്‍ ഈ കളികള്‍ക്ക് സാധിക്കും.
ഭക്ഷണമാണ് തലച്ചോറിന്‍റെ ഘടനയെ കൃത്യമായി സൂക്ഷിക്കുന്നത്. തലച്ചോറിന്‍റെ ശേഷിയെ വളര്‍ത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കൊഴുപ്പുകളില്‍ നല്ല കൊഴുപ്പില്‍ പെടുന്ന ഒമേഗ 3 കുട്ടികളിലെ തലച്ചോറിന്‍റെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന്നു. ഇത് വിഷാദരോഗവും ഉത്കണ്ഠയും അകറ്റുന്നു.
ഇനി തലച്ചോറിനെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയൊന്നും വേണ്ട.