നിരവധി കാരണങ്ങൾ കൊണ്ട് സ്ഥിരമായി ബോട്ടിൽഡ് വാട്ടർ ഉപയോഗിക്കുന്നവരാണ് നമ്മൾ. യാത്രയിലായിരിക്കുമ്പോഴും പൊതു ജല വിതരണം തകരാറിലാകുമ്പോഴും സ്ഥിരമായി നാം ബോട്ടിൽഡ് വാട്ടർ ഉപയോഗിക്കുന്നു. 2015 ൽ അമേരിക്കയിലെ ബോട്ടിൽഡ് വാട്ടർ വ്യവസായം വിറ്റഴിച്ചത് 11.7 ബില്യൺ ഗാലൺ വെള്ളമാണ്. ശരിയായി സംഭരിക്കുകയോ പാക്ക് ചെയ്യുകയോ ചെയ്യാത്ത വെള്ളത്തിൽ ബാക്ടീരിയ വളരാനും രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
തുറക്കാത്ത ബോട്ടിലിലെ വെള്ളം 1-2 വർഷം നിലനിൽക്കുന്നു
ബോട്ടിൽഡ് വാട്ടർ ഉൽപ്പാദിപ്പിക്കുന്ന മിക്ക കമ്പനികളും ഒന്നു മുതൽ രണ്ടു വർഷം വരെയാണ് തുറക്കാത്ത ബോട്ടിലിലെ വെള്ളത്തിനു നൽകുന്ന ഈട്. കുപ്പികളിൽ അവ രേഖപ്പെടുത്തിയിരിക്കും. കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി വരെ ആ വെള്ളം ഉപയോഗിക്കാം. എന്നാൽ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ശുദ്ധജലം ഒരിക്കലും കേടാകുന്നില്ല
ശരിയായ ഉറവിടത്തിൽ നിന്നുള്ളതും പരിശോധിച്ച് ശുദ്ധി ഉറപ്പുവരുത്തിയതുമായ വെള്ളം ഒരിക്കലും കേടാകുന്നില്ല. അത് എക്കാലവും കുടിക്കാൻ യോഗ്യമാണ്. തീർത്തും ശുദ്ധമായ ഒരു കുപ്പി വെള്ളം എല്ലാക്കാലവും ശുദ്ധമാണ്. അത് ശരിയായി സംഭരിച്ചതും ശേഖരിച്ചതുമാണെങ്കിൽ. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത് ബോട്ടിൽഡ് വാട്ടറിൽ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തേണ്ടതില്ല എന്നാണ്.
ശരിയായ ഉൽപ്പാദന പ്രക്രിയയ്ക്ക് ചില മാർഗ നിർദ്ദേശങ്ങളുണ്ട്.
- ഉൽപ്പാദനവും സംഭരണവും ഗതാഗതവും തീർത്തും വൃത്തിയായ സാഹചര്യങ്ങളിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ.
- ബാക്ടീരിയ, രാസവസ്തുക്കൾ, മറ്റു അണുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണം.
- ഗുണനിലവാരവും സുരക്ഷയും പരിശോധിച്ചു ഉറപ്പാക്കിയതായിരിക്കണം.
ഈ മൂന്നു കാര്യങ്ങളും കൃത്യമായി പാലിക്കുകയാണെങ്കിൽ കുപ്പിയിൽ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തേണ്ടതില്ല.
എക്സ്പയറി കഴിഞ്ഞ വെള്ളം അരക്ഷിതമല്ല, എന്നാൽ രുചി വ്യത്യാസമുണ്ടാകും. ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി കഴിഞ്ഞാലും വെള്ളത്തിന്റെ സുരക്ഷയിൽ സംശയിക്കേണ്ട കാര്യമില്ല. എന്നാൽ വെള്ളത്തിനു ചിലപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടേക്കാം. ഇത് ഉപഭോക്താക്കൾക്ക് അഭികാമ്യമായിരിക്കില്ല. വെള്ളത്തിന്റെ ഗുണത്തിലാണ് വ്യത്യാസമുണ്ടാകുന്നത്, സുരക്ഷയിലല്ല എന്നു സാരം. അത് കുടിക്കുന്നതുകൊണ്ട് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുകയില്ല.
വെള്ളം പാക്ക് ചെയ്തിരിക്കുന്ന വസ്തു വെള്ളത്തിലേക്ക് കലരാൻ സാധ്യതയുണ്ട്
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മറ്റേതു പാക്കേജ്ഡ് ഭക്ഷണങ്ങളുടെ കാര്യത്തിലുമെന്ന പോലെ വെള്ളത്തിന്റെ പാക്കിംഗിലും ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വെള്ളം മാത്രമല്ല പാക്ക് ചെയ്യാനുപയോഗിക്കുന്ന വസ്തുവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്.
പിഇടി പ്ലാസ്റ്റിക്, ഹൈ-ഡെൻസിറ്റി പോളി എഥിലിൻ, പോളി കാർബണേറ്റ് പ്ലാസ്റ്റിക് എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്നത്. ഗ്ലാസ്, അലൂമിനിയം കാനുകൾ എന്നിവ വിരളമായും ഉപയോഗിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഭൂരിഭാഗം ബോട്ടിലുകളും പിഇടി പ്ലാസ്റ്റിക് നിർമിതമായിരിക്കും. ഇത് 100 ശതമാനം റീസൈക്കിൾ ചെയ്യാവുന്നതാണ്.
വെള്ളം പാക്ക് ചെയ്യാനുപോഗിക്കുന്ന ഈ പ്ലാസ്റ്റിക്കുകൾ അരിച്ചിറങ്ങി വെള്ളത്തിൽ കലരാനുള്ള സാധ്യതയുണ്ട്. ഇത് വെള്ളത്തിന്റെ രുചി മാറ്റുക മാത്രമല്ല രോഗങ്ങളും വരുത്തിവെക്കുന്നു. പാക്കേജിങിനുപയോഗിക്കുന്ന ബിസ്ഫെനോൾ എ (ബിപിഎ) എന്ന വസ്തുവിന്റെ സാധ്യമായ അപകടങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുകയാണ്. ഹൃദ്രോഗങ്ങൾക്കും അർബുദത്തിനുമുള്ള സാധ്യതയാണ് പഠനത്തിലേക്ക് നയിച്ചത്.
വെള്ളം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അത് മലിനമാകുന്നു
ശരിയായി ശുദ്ധീകരിച്ച്, സംഭരിച്ച് ഒടുവിൽ നിങ്ങളുടെ കൈയിലെത്തിയ ശുദ്ധമായ വെള്ളം സൂക്ഷിച്ചു വെക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
വെള്ളം കൃത്യമായി സൂക്ഷിക്കാൻ ചില ടിപ്സ്
- വെള്ളം മറ്റേതു ഭക്ഷണവസ്തുക്കളെയും പോലെ വൃത്തിയുള്ള സ്ഥലത്ത് സംഭരിക്കുക
- രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക
- ചൂടോ, സൂര്യപ്രകാശമോ ഏൽക്കാത്ത സ്ഥലത്ത് വെക്കുക. തണുത്ത സ്ഥലമാണെങ്കിൽ നല്ലത്.
- വെള്ളം സൂക്ഷിച്ചിരിക്കുന്ന ബോട്ടിലിന്റെ പുറംഭാഗവും വൃത്തിയായി സൂക്ഷിക്കുക. അല്ലെങ്കിൽ തുറക്കുന്ന സമയത്ത് അബദ്ധത്തിൽ അണുക്കൾ അകത്തുകടക്കാൻ സാധ്യതയുണ്ട്.
ബോട്ടിൽ തുറന്ന ശേഷം ആഴ്ചകളോളം ഉപയോഗിക്കാം
ഇത് നിങ്ങൾ വെള്ളം കുടിക്കുന്ന രീതിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വായോടു ചേർത്തു വെള്ളം കുടിക്കുന്നവർ അധികദിവസം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ വായയിൽ നിന്നും അണുക്കൾ വെള്ളത്തിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ട്. വെള്ളത്തിന് രുചി വ്യത്യാസവും അനുഭവപ്പെടും.
അടിയന്തിര ഘട്ടത്തിൽ ചൂടാക്കി കുടിക്കാം
വെള്ളത്തിന് രുചി വ്യത്യാസമോ ചെറിയ മണമോ ഉണ്ടെങ്കിൽ വെള്ളം ചൂടാക്കി കുടിക്കാം. എന്നാൽ വെള്ളം സുരക്ഷിതമായിരിക്കണം.
ശ്രദ്ധിക്കാം
വെള്ളം ഡിസ്റ്റിലേഷൻ ചെയ്തതും റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ കടന്നുപോയതും 1 മൈക്രോൺ ഫിൽറ്ററിൽ ഫിൽറ്റർ ചെയ്തതുമാണെന്ന് ഉറപ്പുവരുത്തണം. അംഗീകൃത കമ്പനിയുടെ വെള്ളമാണെന്ന് ഉറപ്പാക്കണം.
സർട്ടിഫിക്കേഷനുകളും ഗുണനിലവാര മുദ്രകളും ശ്രദ്ധിക്കുക.