കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും വിദേശ നാടുകളിൽ വൻ ഡിമാന്റുള്ളവയാണ് ബ്ലൂബെറി പഴങ്ങൾ. ആന്റിയോക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ബ്ലൂബെറികൾ പ്രധാനമായും തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ബ്രെയ്ൻ ബെറി എന്ന വിളിപ്പേരുള്ള ബ്ലൂബെറി പഴങ്ങൾ കഴിയ്ക്കുന്നവരിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കുകയും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ പഴങ്ങള്‍ വിഷാദം പോലുള്ള രോഗങ്ങൾ വരുന്നത് തടയുകയും ചെയ്യുന്നു. പഴങ്ങളുടെ വലിപ്പം നോക്കി ഗുണങ്ങള്‍ അളക്കാൻ നോക്കുന്നത് ബ്ലൂബെറിയുടെ കാര്യത്തില്‍ മണ്ടത്തരമാകും. വിറ്റമിൻ സി, ബി2, ഇ, കെ, റെസ്വറേറ്ററൽ, ഗാലിക് ആസിഡ്, കോപ്പർ, മാൻഗനൈസ്, ഫൈബർ തുടങ്ങിയ ഘടകങ്ങളാല്‍ പോഷക സമ്പുഷ്ടമാണ് ബ്ലൂബെറികൾ.
കുറഞ്ഞ കലോറിയിലുള്ള ബ്ലൂബെറികൾ കഴിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിർത്താനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും യുവത്വം നിലനിർത്താനും സഹായകരമാണ്. ഇവയ്‌ക്കൊപ്പം തന്നെ ചർമത്തിന്റെ ആരോഗ്യം, ഹ്യദയസംരക്ഷണം, കാന്‍സര്‍ പ്രതിരോധം എന്നിവയ്ക്ക് സഹായിക്കുന്ന ഘടകങ്ങൾ കൂടി ബ്ലൂബെറികളിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലൂബെറിയിൽ 84 ഗ്രാം കലോറിയും 4 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും, എല്ലുകളുടെ ബലത്തിനും, ഭക്ഷണത്തിൽ ബ്ലൂബെറികൾ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു. കൊഴുപ്പില്ലാത്ത, കുറഞ്ഞ അളവില്‍ സോഡിയം അടങ്ങിയ പഴങ്ങളായതിനാൽ സ്‌നാക്‌സ് ആയി ദിവസേന ഒരു കപ്പ് വരെ ബ്ലൂബെറി കഴിയ്ക്കാവുന്നതാണ്.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് പ്രധാനമായും ബ്ലൂബെറി ചെയ്യുന്നത്. പലവിധത്തിലുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. പക്ഷഘാതമുള്ളവരിൽ ബ്രെയ്ൻ ഡാമേജ് ഉണ്ടാകാതിരിക്കാൻ ബ്ലൂബെറികൾ കഴിയ്ക്കുന്നത് ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. ന്യൂറോണുകളുടെ നാശം(ന്യൂറോണ്‍ ഡീജനറേഷന്‍) തടയാനും ഇവ സഹായകരമാണ്. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് ഡിമെൻഷ്യ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയുന്നു. ഷോട്ട് ടേം മെമ്മറിക്കെതിരെ പ്രവർത്തിക്കുന്നു. ഇത്തരം മറവിരോഗങ്ങൾ ഉള്ളവർ 8 ആഴ്ച നിർദിഷ്ട അളവിൽ ബ്ലൂബെറി കഴിയ്ക്കുന്നത് ഉത്തമമായിരിക്കും. അൽഷിമേഴ്‌സ് പോലുള്ള മാരകമായ രോഗങ്ങൾക്കും ബ്ലൂബെറി പഴങ്ങൾ ഉത്തമ ഔഷധമാണ്. 70 വയസിന് താഴെയുള്ള 47 പേരിൽ നടത്തിയ പഠനത്തിൽ നിശ്ചിത അളവിൽ ബ്ലൂബെറികഴിച്ചവരിൽ ആഴ്ചകൾക്കുള്ളിൽ തന്നെ ഓർമ്മശക്തി വർധിക്കുന്നതായും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ബ്ലൂബെറി തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച്, ചുറുചുറുക്കും പോസിറ്റീവ് എനർജിയും സമ്മാനിക്കുന്നു.
പ്രായം ആകുംതോറും ഓർമശക്തി നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത് പല കുഴപ്പങ്ങൾക്കും കാരണമാകാറുണ്ട്. ഇവയ്ക്കുള്ള പ്രതിവിധി കൂടിയാണ് ബ്ലൂബെറികൾ. ബ്ലൂബെറി ജ്യൂസ് കുടിക്കുന്നവരിൽ 12 ആഴ്ചകൾക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇവരിൽ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മികച്ച രീതിയിലാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്ലൂബെറി കഴിയ്ക്കുന്നവർക്ക് പെട്ടെന്ന് തന്നെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
നിരവധിയാളുകൾ വിഷാദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ വിഷാദത്തെ പടിക്ക് പുറത്തു നിർത്താൻ കഴിവുള്ളവരാണ് ബ്ലൂബെറികൾ.പോളിഫെനോളിന്റെ കലവറയായ ബ്ലൂബെറികൾ ജ്യൂസായി സ്ഥിരം കഴിയ്ക്കുന്നവരുടെ തലച്ചോർ കൂടുതൽ പ്രവർത്തന ക്ഷമമമായിരിക്കും. ഇത്തരക്കാർക്ക് 12 ആഴ്ച ജ്യൂസ് കൊടുത്തു നോക്കിയാൽ വ്യത്യാസം മനസിലാക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ബ്ലൂബെറികളുടെ സീസൺ. എറ്റവും ഫ്രഷ് ആയ ബ്ലൂബെറികൾ തന്നെ വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അതിനാൽ വാടിയ നിറത്തിലുള്ളതും പാകമാകാത്തതും ഒഴിവാക്കുകയാണ് നല്ലത്. ഫ്രഷ് ബ്ലൂബെറികൾ മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ ഫ്രിഡ്ജിൽ ഇരിക്കും.