spot_img

രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ : സ്ത്രീകള്‍ അറിയേണ്ടതെല്ലാം

പൊതുവെ സ്ത്രീകള്‍ രോഗലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഗുരുതരമായ ലക്ഷണങ്ങളാണെങ്കിലും അവരുടെ തിരക്കുകള്‍ക്കിടയില്‍ അതൊന്നും വലിയ പ്രശ്നമായി കാണുകയില്ല. സ്ത്രീകളില്‍ അര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നതിന്റെ പ്രധാന കാരണമിതാണ്. ലക്ഷണങ്ങള്‍ മറ്റെന്തിന്റെയെങ്കിലുമാണെന്ന രീതിയില്‍ അതിനെ നിസ്സാരവല്‍ക്കരിക്കുന്നു. വളരെ അപകടകരമായ സമീപനമാണിത്. കാരണം അര്‍ബുദം നേരത്തേ കണ്ടെത്തുന്നതും ചികിത്സ തേടുന്നതും അനുസരിച്ചാണ് അത് സുഖപ്പെടാനുള്ള സാധ്യത. രക്താര്‍ബുദം (ലുക്കീമിയ) പെട്ടെന്ന് ശ്രദ്ധിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗമല്ല. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. നേരത്തേ കണ്ടെത്തി ചികിത്സ തേടിയാല്‍ മാത്രമേ രോഗം ഭേദപ്പെടുകയും നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുകയുള്ളൂ.
രക്താര്‍ബുദ ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു

സ്ത്രീകള്‍ മാത്രമല്ല രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എല്ലാവരും ശ്രദ്ധിക്കാതെ പോകാനിടയുണ്ട്. ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ പോലുള്ള ചില രക്താര്‍ബുദങ്ങള്‍ ഒരിക്കലും ഒരു ലക്ഷണവും കാണിക്കുകയില്ല. രക്തപരിശോധനയില്‍ മാത്രമേ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ. അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ, അക്യൂട്ട് മൈലോജെനസ് ലുക്കീമിയ എന്നിവയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പലപ്പോഴും പനിയോ ചെറിയ അണുബാധയോ ആണ്. പനിയും ക്ഷീണവും കൂടുതല്‍ ജോലി ചെയ്തതിന്റെയോ ഉറക്കം കുറഞ്ഞതിന്റെയോ ജലദോഷത്തിന്റെയോ ഒക്കെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടാറാണ് പതിവ്.

സ്ത്രീകള്‍ രോഗലക്ഷണങ്ങളെ അവഗണിക്കുന്നു

കുട്ടികളിലും യുവാക്കളിലുമാണ് ലുക്കീമിയ കൂടുതലായി കാണപ്പെടുന്നത് എന്നതുകൊണ്ടാണ് ഈ രോഗത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയാത്തത്. കുട്ടികളിലേതിനേക്കാള്‍ യുവാക്കളിലാണ് അധികവും ഇത് കാണപ്പെടുന്നത്. പുരുഷന്മാരേക്കാള്‍ പലപ്പോഴും സ്ത്രീകള്‍ രോഗലക്ഷണങ്ങളെ തിരിച്ചറിയാറുണ്ട്. എന്നാല്‍ അവരുടെ തിരക്കുകള്‍ കാരണം അതെല്ലാം മറ്റെന്തിന്റെയെങ്കിലും ലക്ഷണങ്ങളായി കണ്ട് അവഗണിക്കുന്നു.

ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളായോ മറ്റോ കണ്ട് ഗുരുതര ലക്ഷണങ്ങളെ പോലും പരിഗണിക്കാതെ വിടുന്നു.

രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

 

പനി

അര്‍ബുദത്തിന്റെ അവഗണിക്കരുതാത്ത പ്രധാന ലക്ഷണമായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത് പനിയാണ്. കാരണം അര്‍ബുദം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാല്‍ എന്തെങ്കിലും വിധത്തിലുള്ള അണുബാധയെത്തുടര്‍ന്ന് ശരീരം തളര്‍ന്നു പോകുന്നു. അണുബാധയെ തുരത്താന്‍ ശ്രമിച്ച് ശരീരം പരാജയപ്പെടുമ്പോള്‍ പനിയുണ്ടാകുന്നു. ഇത് ലുക്കീമിയയുടെ ആദ്യഘട്ടത്തിലെ ലക്ഷണമാണ്. അതിനാല്‍ ഒരു കാരണവശാലും അവഗണിക്കരുത്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് രോഗസാധ്യതയോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ ഉണ്ടെങ്കില്‍.

 

ക്ഷീണം, തളര്‍ച്ച, ശ്വാസം കിട്ടാത വരിക

വളരെ കഠിനമായിരുന്ന ചില പകലിനു ശേഷം രാത്രി ല്ലാവര്‍ക്കും തോന്നാനിടയുള്ള ചില ലക്ഷണങ്ങളാണിവ. എന്നാല്‍ ചില സമയങ്ങളില്‍ കാര്യമായ ക്ഷീണം അനുഭവപ്പെടുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമായിരിക്കാനിടയുണ്ട്. ഇതോടൊപ്പം മറ്റു ചില ലക്ഷണങ്ങളും കണ്ടേക്കും.

 

  • തളര്‍ച്ച / ക്ഷീണം
  • തലചുറ്റല്‍
  • നെഞ്ചിടിപ്പ്
  • ശ്വസനം കുറയുക

 

വിളറിയ ചര്‍മം / വിളര്‍ച്ച

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ച ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. അതിനാല്‍ വിളര്‍ച്ച ഇരുമ്പിന്റെ കുറവാണെന്നു കരുതി സ്ത്രീകള്‍ അവഗണിച്ചേക്കാം. പക്ഷേ ലുക്കീമിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വിളര്‍ച്ച.

 

രാത്രിയിലെ വിയര്‍പ്പ്

രാത്രി കൂടുതലായി വിയര്‍ക്കുന്നത് മറ്റൊരുപാട് രോഗങ്ങളുടെ ലക്ഷണമാണ്. എന്നാല്‍ അത് ലുക്കീമിയയുടെ തുടക്കകാലത്തെ ലക്ഷണങ്ങളിലൊന്നാണ്. രാത്രി വിയര്‍ക്കുന്നതിനോടൊപ്പം ലുക്കീമിയയുടെ മറ്റു ലക്ഷണങ്ങള്‍ എന്തെങ്കിലും ശരീരം കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം ആവശ്യമെങ്കില്‍ പരിശോധന തേടണമെന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദ്ദേശിക്കുന്നത്.

 

ആര്‍ത്തവ സമയത്തെ അസാധാരണമായ രക്തസ്രാവം

ആര്‍ത്തവത്തിനിടയില്‍ അസാധാരണമായി രക്തം പോകുന്നതും രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. മറ്റെന്തെങ്കിലും കാരണത്താല്‍ ഇതിനുമുമ്പും ഇതുപോലെ രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നതു കൊണ്ട് ശ്രദ്ധിക്കാതെ വിടരുത്.

 

ചതവ്, ത്വക്കിലെ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള രക്തസ്രാവം

നിങ്ങളുടെ ശരീരത്തില്‍ പെട്ടെന്ന് ചതവുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് ലുക്കീമിയയുടെ ലക്ഷണമാണെന്ന് തിരിച്ചറിയുക. മൂക്കില്‍ നിന്നും മോണയില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. ത്വക്കില്‍ കാണപ്പെടുന്ന ചെറിയ ചുവന്ന പാടുകളും ജാഗ്രത വേണ്ട ലക്ഷണമാണ്. ത്വക്കിനടിയില്‍ രക്തസ്രാവമുണ്ടാകുന്നതു കൊണ്ടാണ് നിറം മാറ്റം സംഭവിക്കുന്നത്.

 

ചീര്‍ത്ത ഗ്രന്ഥികളും പ്ലീഹകളും

ചീര്‍ത്തതോ അമിതമായി വലുതായതോ ആയ ലിംഫ് നോഡുകളാണ് മറ്റൊരു ലക്ഷണം. നിങ്ങളുടെ കക്ഷത്തിലും കഴുത്തിലും വീര്‍ത്ത ഗ്രന്ഥികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധന നടത്തണം. അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ വീര്‍ത്ത പ്ലീഹകളും ജാഗ്രതയോടെ കാണേണ്ടതാണ്.

 

നിരന്തരമായ അണുബാധ

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമാണ് രക്തം. അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വെളുത്ത രക്താണുക്കളുടെ മേല്‍ അര്‍ബുദ കോശങ്ങള്‍ ആധിപത്യം നേടുന്നതിനാല്‍ അണുബാധ തടയാനാവാതെ വരുന്നു. അതിനാല്‍ രക്താര്‍ബുദം ഉള്ളവര്‍ നിരന്തരമായ അണുബാധയ്ക്ക് വിധേയരാകും.

 

ഭാരം കുറയല്‍

ഭാരം കുറയുന്നത് പൊതുവെ എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ അകാരണമായും അമിതമായും ഭാരം കുറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ലുക്കീമിയയുടെ മാത്രമല്ല, ഏതു അര്‍ബുദത്തിന്റെയും പ്രധാന ലക്ഷണമാണ് ഭാരം കുറയല്‍. ശരീരത്തെ ബാധിച്ച അര്‍ബുദത്തെക്കൂടി പ്രതിരോധിക്കുന്നതിന് ശരീരം കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നതു മൂലമാണിത്.

പ്ലീഹ വലുതായിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷണം കഴിക്കാനും സാധിക്കുകയില്ല. വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ സാധാരണ കഴിക്കുന്നത്ര ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.