spot_img

മാരക രോഗങ്ങളെ അടുത്തറിയാന്‍ ബയോപ്‌സി

മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ശേഖരിച്ച് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പഠന വിധേയമാക്കുകയും അതിന് ശേഷം എന്താണ് കോശങ്ങള്‍ക്ക് സംഭവിച്ചതെന്നും മനസിലാക്കുന്നതാണ് ബയോപ്സി.

പ്രയോജനങ്ങള്‍
ബയോപ്സി ചെയ്യുന്നതിലൂടെ പ്രാഥമികമായ ഒരു രോഗത്തിന്റെ ക്യത്യമായ നിര്‍ണയം സാധ്യമാകുന്നു. സംശയകരമായ പല അസുഖങ്ങള്‍ക്കും ഒരേ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ക്യത്യമായ ഏത് രോഗമാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. അസുഖത്തിന് ഏത് തരം ചികിത്സയാണ് വേണ്ടെതെന്നും തിരിച്ചറിയാന്‍ സാധിക്കും. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ എവിടെയാണ് ബാധിച്ചിരിക്കുന്നതെന്നും എന്ത് ചികിത്സ നല്‍കണമെന്നും ബയോപ്സിയിലൂടെ മനസിലാക്കാം. ചികിത്സയുടെ ജയപരാജയങ്ങള്‍ പ്രവചിക്കാന്‍ ബയോപ്സിയിലൂടെ സാധിക്കും. ചികിത്സയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യവും ശരീരഘടനയും ക്യത്യമായി മനസിലാക്കാന്‍ സാധിക്കും. രോഗിയേയും രോഗിയുടെ കൂടെയുള്ളവര്‍ക്കും രോഗത്തിന്റെ വ്യാപ്തി മനസിലാക്കി കൊടുക്കാനും അതിന്റെ ഭാവി വ്യക്തമാക്കി നല്‍കാനും ഡോക്ടര്‍ക്ക് സാധിക്കും.

എങ്ങനെയാണ് ബയോപ്സി ചെയ്യുന്നത്

മനുഷ്യ കലകളെ ഒരു സൂചിയോ, ചെറിയ കത്തിയോ, ഉപയോഗിച്ചാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. അതിന് ശേഷം ഫോര്‍മാലിന്‍ ലിക്വിഡില്‍ ഇട്ടു വെക്കുന്നു. ശേഷം പാരഫിന്‍ വാക്സ് എമ്പഡിങ്ങിലേക്ക് കടക്കുന്നു. മൈക്രോ ടോം എന്ന ഉപകരണം ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നു. ശേഷം, ഇയോസിന്‍, അമടോക്സിന്‍ സ്റ്റെയ്ന്‍ ഉപയോഗിച്ച് പല നിറങ്ങളും നല്‍കുന്നു. ഇങ്ങനെ നിറം നല്‍കുന്നതിലൂടെ ഓരോ ടിഷ്യൂസിനെയും കാണാന്‍ സാധിക്കും. അതിന് ശേഷം മൈക്രോ സ്‌കോപിലൂടെ നാം അത് പരിശോധിക്കുന്നു. ഇവയെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ഇങ്ങനെ മനസിലാക്കാന്‍ സാധിക്കും. ഒരാഴ്ചയോളം സമയമെടുത്ത് ചെയ്യുന്ന പ്രക്രിയ ആതിനാലാണ് ബയോപ്സി റിസള്‍ട്ട് വരാന്‍ താമസിക്കുന്നത്. എന്നാല്‍ ക്യത്യമായി രോഗ നിര്‍ണയം നടത്താം.

ബയോപ്സി ടെക്നിക്കുകള്‍
സൈറ്റൊ പതോളജിയും ഹിസ്റ്റോ പതോളജിയും എന്നിങ്ങനെ രണ്ടു തരത്തിലാണ് സാധാരണയായി ബയോപ്സി ടെക്നിക്കുകള്‍ ഉള്ളത്. സൈറ്റോ പതോളജി കൊണ്ടുളള ഉപകാരം നാം ചുരണ്ടിയെടുക്കുന്ന ചെറിയ കലകളിലൂടെ വേഗം റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. നമുക്ക് ഓരോ കലകളേയും പ്രത്യേകം പഠിക്കാനും സൈറ്റോ പതോളജിയിലൂടെ സാധിക്കും. രണ്ട് ടെക്നിക്കുകളാണ് സാധാരണയായി സൈറ്റോ പത്തോളജിയില്‍ ഉപയോഗിക്കുന്നത്. ഒന്ന്, പാപ്സ്മിയ- ഗര്‍ഭാശയത്തിലോ, വായിലോ മറ്റോ മുഴകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഐസ്‌ക്രീം സ്റ്റിക്ക് കൊണ്ട് അവ ചുരണ്ടിയെടുത്ത് പാപ്സ്മിയര്‍ എന്ന സ്റ്റെയ്ന്‍ ഉപയോഗിച്ച് എന്ത് രോഗമാണ് എന്ന് മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്തുന്നു. രണ്ടാമത് എഫ്എന്‍എസി- ഫൈ നീഡില്‍ ആസ്പിരേഷന്‍ ടെക്നോലജി. ചെറിയ ഒരു സൂചികൊണ്ട് എത്തിപ്പെടാന്‍ മറ്റാത്ത മുഴകളില്‍ (ഉദാഹരണം തൈറോയിഡ്) നിന്ന് സൂചി ഉപയോഗിച്ച് ടിഷ്യുകള്‍ ശേഖരിക്കുന്നു. ശേഷം സ്റ്റെയ്നിങിന് ശേഷം പരിശോധിക്കുന്നു.

ഹിസ്റ്റോ പതോളജിയിലൂടെ മനുഷ്യകോശങ്ങളെ മൊത്തമായി പഠിക്കാന്‍ കഴിയുമെന്നതാണ് ഗുണം. ഇന്‍സിഷണല്‍ ബയോപ്സി, എക്സിഷണല്‍ ബയോപ്സി, റിസിഷണല്‍ ബയോപ്സി, വെഡ്ജ് ബയോപ്സി, കോര്‍ ബയോപ്സി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന ടെക്നിക്കുകള്‍. ഇതില്‍ ഇന്‍സിഷണല്‍ ബയോപ്സി എന്നു പറയുന്നത് മുഴകളോ കാന്‍സര്‍ ഭാഗങ്ങളോ ഉണ്ടെങ്കില്‍ അതില്‍ നിന്നും ചെറിയൊരു ഭാഗം മെല്ലെ അടര്‍ത്തി എടുത്തതിന് ശേഷം പഠന വിധേയമാക്കുന്നു. മുഴകളും മറ്റും പൂര്‍ണമായി അടര്‍ത്തിയെടുത്ത് പഠന വിധേയമാക്കുന്നതാണ് എക്സിഷണല്‍ ബയോപ്സി. രക്തകുഴലുകളിലോ മറ്റോ കാന്‍സര്‍ സംബന്ധമായ സംശയമുണ്ടെങ്കില്‍ അടുത്തുള്ള ഭാഗം മെല്ലെ എടുത്ത് പഠന വിധേയമാക്കുന്നതാണ് റിസിഷണല്‍ ബയോപ്സി. ചെറിയൊരു ഭാഗം മാത്രം എടുത്ത് പഠന വിധേയമാക്കുന്നതാണ് വെഡ്ജ് ബയോപ്സി. എന്നാല്‍ ഇതിലൂടെ ക്യത്യമായ വിവരം ലഭിക്കണമെന്നില്ല. ഗര്‍ഭാശയങ്ങളിലെയും മറ്റും മുഴകളുടെ ചെറിയ ഭാഗം അടര്‍ത്തി എടുത്ത് പഠിക്കുന്നതാണ് കോര്‍ ബയോപ്സി.

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ എത്രത്തോളം ശരീരത്തെ ബാധിച്ചിട്ടുണ്ട്, ഏത് സ്റ്റേജിലാണുള്ളത് എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ ക്യത്യമായി ബയോപ്സിയിലൂടെ സാധിക്കുന്നു. സമാനമായ ഒരുപാട് കാന്‍സറുകള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തെ ബാധിച്ചിരിക്കുന്നത് ഏത് കാന്‍സറാണെന്നും അതിന്റെ ക്യത്യമായ ചികിത്സയും ബയോപ്സിയിലൂടെ കണ്ടെത്തി ഡോക്ടര്‍ക്ക് വിശദീകരിക്കാന്‍ സാധിക്കും. കോശങ്ങളെ ക്യത്യമായി അപഗ്രഥിക്കാനും, രക്തക്കുഴലുകളെയും ഗ്രന്ഥികളേയും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനും ബയോപ്സി സഹായകരമാണ്. കാന്‍സര്‍ മാത്രമല്ല, പല രോഗങ്ങള്‍ കണ്ടു പിടിക്കുന്നതിന് ബയോപ്സി ചെയ്യാറുണ്ട്. അതിനാല്‍ ബയോപ്സി എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ടതില്ല. ക്യത്യമായ രോഗ നിര്‍ണയം നടത്താനും ചികിത്സ തിരഞ്ഞെടുക്കാനും സഹായിക്കുന്ന ഒരു പരിശോധനാ രീതിയാണ് ബയോപ്സി

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.