spot_img

നല്ല ഉറക്കം കിട്ടാനുള്ള ആറ് വഴികൾ

എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. പകല്‍ മുഴുവന്‍ പലതരത്തിലുള്ള ജോലികള്‍ ചെയ്ത് തളര്‍ന്ന് രാത്രി നമുക്ക് വിശ്രമിക്കാന്‍ കിട്ടുന്ന ഒരേയൊരു സമയമാണ് ഉറക്കം. ഉറക്കം സംബന്ധിച്ച അസുഖങ്ങളിൽ പൊതുവായി കാണപ്പെടുന്ന പ്രശ്‌നമാണ് ഇൻസോമ്‌നിയ അഥവാ ഉറക്കമില്ലായ്മ. ഉറക്കം തീരെ കിട്ടാതെ വരുന്നതാണ് ഇതിന്‍റെ ലക്ഷണം. മതിയായ ഉറക്കം കിട്ടാതെ പുലർച്ചെ ഉണരുമ്പോൾ ഇവർക്ക് ഒട്ടും തന്നെ ഉന്മേഷം തോന്നുകയില്ല.

ക്ഷീണം, ശ്രദ്ധക്കുറവ്, പൊടുന്നനെയുണ്ടാകുന്ന മനംമാറ്റങ്ങൾ, ജോലിസ്ഥലത്ത് കൃത്യമായ മികവ് പുലർത്താൻ പറ്റാതെ വരിക എന്നീ പ്രശ്‌നങ്ങൾ ഉറക്കക്കുറവ് മൂലമുണ്ടാകാം. നല്ല ഉറക്കം കിട്ടുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ കാര്യങ്ങൾ ചെയ്താൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

ഉറങ്ങുന്നതിന് മുന്‍പൊരു കുളി പതിവാക്കുക

ഒരു മുഷിപ്പൻ ദിവസത്തിൻറെ അവസാനത്തില്‍ ഒരു കുളി പാസാക്കുന്നത് നല്ലതാണ്. കുളി നിങ്ങളെ ശാന്തരാക്കും, നല്ല ഉറക്കം കിട്ടാനും സഹായിക്കും. ഇനിയിപ്പോള്‍ രാത്രി തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ വയ്യെങ്കില്‍ ചെറു ചൂടുവെള്ളത്തിലാകട്ടെ കുളി.   

ഉറക്കത്തിന്‍റെ സമയം ക്രമീകരിക്കുക

ഉറക്കത്തിനായി സമയം ക്രമീകരിക്കുന്നത് അധികമാരും ചെയ്യാത്ത കാര്യമാണ്. ഏതാണ്ട് കൃത്യ സമയത്ത് ഉറങ്ങാന്‍ കിടക്കുന്നവര്‍ക്ക് കൃത്യമായ ഉറക്കം കിട്ടാറുണ്ട്. ഉറക്കച്ചടവില്ലാത്ത പകലുകള്‍ ഇവര്‍ക്ക് മാത്രം സ്വന്തം. ഉറക്കത്തില്‍ ഒരു കൃത്യ നിഷ്ഠയുമില്ലാത്തവര്‍ പകലും കൂടി ഉറങ്ങേണ്ടി വരുന്നു. ജോലി ചെയ്യുന്നവരാണെങ്കില്‍ ഓഫീസിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വരും.

ചിലര്‍ ജോലിക്ക് പോകുന്ന ദിവസങ്ങളിലൊക്കെ വളരെ കൃത്യമായി ഉറങ്ങുമെങ്കിലും അവധി ദിവസം ഏതെങ്കിലുമൊക്കെ സമയത്താകും ഉറക്കം. ഇതും അപകടകാരിയാണ്. ഒരു ദിവസത്തെ ഉറക്കമിളപ്പിന് രണ്ട് ദിവസത്തെ ക്ഷീണം ഉറപ്പാണ്.

സമയത്ത് ഉറങ്ങുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ചില കാര്യങ്ങളുണ്ട്. കൃത്യമായ ഉറക്കം വഴി നിങ്ങളുടെ സ്ലീപ്‌ സൈക്കിള്‍ ക്രമീകരിക്കപ്പെടുകയാണ്. അതില്‍ താളപ്പിഴ സംഭവിക്കാതെ നോക്കിയാല്‍ മാത്രം മതി.

ചൂടുപാൽ  തേൻ ചേർത്ത് കുടിക്കുക


ഒരു കപ്പ് ചൂടുപാല് തേൻ ചേർത്ത് കുടിക്കാം. ഉറക്കം കൂട്ടാൻ കാലങ്ങളായി ഉപയോഗിച്ചു വരുന്ന കൂട്ടാണ് പാലും തേനും. പ്രകൃതി ദത്തമായ മയക്കു മരുന്നിൻറെ ജോലി ചെയ്യുന്ന ഹോർമോണായ അമിനോ ആസിഡ് ട്രിപ്‌റ്റോഫൻ ഇതിൽ അടങ്ങിയിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ ഇത് നിങ്ങളെ സഹായിക്കും.

തിരുമ്മൽ

മനസിനെയും ശരീരത്തെയും ഒരേപോലെ ശാന്തമാക്കാനുള്ള ഏറ്റവും നല്ല വിദ്യയാണ് തിരുമ്മൽ അഥവാ മസാജ്. രാത്രി സമയത്തെ മസാജുകൾ വേദന, ഉത്ക്കണ്ഠ, വിഷാദരോഗം  എന്നിവ കുറയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യുന്നതിന് സഹായിക്കും. ഇതിനായി വിദഗ്ദ്ധരായ തിരുമ്മല്ലുകാരുടെ ആവശ്യമൊന്നുമില്ല. വീട്ടിൽ വച്ച് സ്വയം ചെയ്യാവുന്നതേയുള്ളൂ ഇത്.

ഔഷധ ചായ

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അൽപം ഹെർബൽ ചായ കുടിക്കൂ. രാത്രിയിലെ ഔഷധ ചായ ഉറക്കം പിടിക്കാനുള്ള സമയ ദൈർഘ്യം കുറയ്ക്കുകയും ശരീരത്തെ ശാന്തമാക്കുകയ്യും ചെയ്യും.

ലഹരി ഉപേക്ഷിക്കുക

ഉറക്കത്തിനു മുൻപുള്ള പുകവലി, കാപ്പികുടി, മദ്യപാനം എന്നിവ പൂർണമായും ഉപേക്ഷിക്കുക. മദ്യം ഉറക്കത്തെ സഹായിക്കില്ലെന്നാണ് ഭൂരിപക്ഷം പഠനങ്ങളും പറയുന്നത്. അതുപോലെ തന്നെയാണ് കാപ്പികുടിയും പുകവലിയും.

ഇത് കൂടാതെ കിടപ്പിന് രണ്ട് മണിക്കൂർ മുൻപ് ലളിതമായി ആഹാരം കഴിക്കുക. അതേപോലെ തന്നെ ഉറക്കത്തിന് മുൻപുള്ള മൊബൈൽ, ടിവി നോക്കലും മാറ്റിവയ്ക്കുക. സുഖമായ ഉറക്കം നിങ്ങളെ തേടിയെത്തും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.