ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം തന്നെ പണിപ്പെടുന്ന കാര്യമാണ് ക്യത്യമായ ശരീരഭാരം നിയന്ത്രിക്കുക എന്നുള്ളതും. കാരണം ചെറിയ ശ്രദ്ധ കുറവ് കൊണ്ട് പോലും പെട്ടെന്ന് ശരീരഭാരം വർധിക്കുന്നവർ നിരവധിയാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മനസിനും ശരീരത്തിനും ഉൻമേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു. ശരീരഭാരം കുറച്ചവരിൽ 20 ശതമാനം ആളുകൾ മാത്രമാണ് ഭാരം നിയന്ത്രിക്കുന്നതിൽ വിജയിക്കുന്നുള്ളൂ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ശരീരഭാരം നിയന്ത്രണവിധേയമായി നിലനിർത്താനുള്ള വഴികൾ
നിങ്ങൾ ആഗ്രഹിച്ച പോലെ ശരീരഭാരം കുറയ്ക്കാനായാൽ അതേ ഭാരം നിലനിർത്തണമെന്ന് നിശ്ചയിക്കുക. മനസിനെ അതിനായി പാകപ്പെടുത്തുക. ഭാരം കുറഞ്ഞതുകൊണ്ട് നിങ്ങൾക്കുണ്ടായ മാറ്റങ്ങൾ, ഗുണങ്ങൾ എന്നിവയെ കുറിച്ച് ഓർക്കുന്നതും മറ്റും ശരീരഭാരം നിയന്ത്രണവിധേയമാക്കി നിർത്താൻ നിങ്ങളെ സഹായിക്കും. ക്യത്യമായ ഡയറ്റ് പ്ലാനും വ്യായാമവും ശീലമാക്കുക. എന്നും ഒരേതരം ഭക്ഷണങ്ങൾ മടുപ്പുണ്ടാക്കുന്നെങ്കിൽ പോഷക സമ്പുഷ്ടമായ മറ്റ് ഭക്ഷണരീതികളും പരീക്ഷിക്കാവുന്നതാണ്.
അവധി ദിനങ്ങളിലും വെക്കേഷൻ മൂഡിലും വ്യായാമത്തിനും ക്യത്യമായ ഡയറ്റിനും താൽക്കാലിക വിരാമം ഇടരുത്. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. എവിടെയായാലും ശരീരഭാരം കുറയ്ക്കാനായി നിങ്ങൾ പിന്തുടർന്ന ശീലങ്ങളും ഒപ്പം കൂട്ടുക. അവധി ആഘോഷങ്ങൾക്ക് പോകുമ്പോൾ നേരത്തേ തന്നെ കാര്യങ്ങൾ പ്ലാൻ ചെയ്യുക. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ വാങ്ങാൻ കിട്ടുന്ന സ്ഥലങ്ങൾ, പച്ചക്കറികളും മറ്റും ലഭിക്കുന്ന ഇടങ്ങൾ, വ്യായാമത്തിന് പറ്റിയ അന്തരീക്ഷം എന്നിവ മുൻകൂട്ടി തീരുമാനിച്ചതിന് ശേഷം യാത്രയ്ക്ക് തയ്യാറാകുക. ഒരിക്കലും ദിനചര്യകളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാം എന്ന മനോഭാവം അവധി ആഘോഷങ്ങൾക്കിടെ കാണിക്കരുത്.
ഭക്ഷണം കഴിയ്ക്കുമ്പോൾ എപ്പോഴും കലോറി കുറഞ്ഞവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ദിനചര്യകൾക്ക് ആവശ്യമായ കലോറി ലഭിക്കാനുള്ള ഭക്ഷണം കഴിയ്ക്കുക. കാർബോഹൈട്രേറ്റ് കൂടുതൽ ശരീരത്തിൽ എത്തുന്നതാണ് പൊണ്ണത്തടിക്കും ശരീരഭാരം കൂടാനും കാരണമാകുന്നത്. വ്യായാമവും കലോറി കുറഞ്ഞ ഭക്ഷണവും ക്യത്യമായ വെയ്റ്റ് ലൂസ് പ്ലാനുമുള്ള ഒരാൾക്ക് ശരീരഭാരം നിയന്ത്രിച്ച് നിർത്തുക അത്ര വലിയ പണിയല്ല.
പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാമെന്ന മണ്ടൻ തീരുമാനങ്ങൾ ഉപേക്ഷിക്കുക. ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ചും പ്രഭാത ഭക്ഷണം. യുകെ നാഷണൽ ഹെൽത്ത് സർവീസ് നടത്തിയ പഠനത്തിൽ രാവിലത്തെ ആഹാരം മുടക്കുന്നവർക്ക് ശരീരഭാരം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെ, പ്രഭാത ഭക്ഷണം കഴിയ്ക്കാത്തവർക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെടാനും സാധ്യത ഏറെയാണ്.
ശരീരഭാരം കുറച്ചു, ഇനി പഴയ ശീലങ്ങളിലേക്ക് മടങ്ങി പോകാം എന്ന് കരുതുന്നതും തെറ്റാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയവർ അതുതന്നെ തുടർന്ന് പോകുക. ഒരിക്കലും പിന്നോട്ട് ചിന്തിക്കരുത്. മടി അനുഭവപ്പെടുന്നവർ തങ്ങൾക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുക. ശരീരഭാരം കുറച്ചപ്പോൾ ലഭിച്ച നല്ല വാക്കുകൾ ഓർക്കുക. പൊണ്ണത്തടിയിലെത്തിയാലുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ചിന്തിക്കുക. ഇവയെല്ലാം ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായകരമാണ്.