തണ്ണിമത്തൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ജലാശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പഴവർഗമാണ് തണ്ണിമത്തൻ. വേനൽക്കാലത്തായാലും മറ്റു സീസണുകളിലായാലും ഈ ഫലത്തിന് ഡിമാന്റേറെയാണ്. ദാഹവും വിശപ്പും അകറ്റി ഉൻമേഷം നൽകാൻ മാത്രമല്ല, ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ ഉത്തമമാണ്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകളും വിറ്റമിനുകളും ചർമ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ തണ്ണിമത്തൻ പതിവാക്കിക്കൊള്ളൂ.. സൗന്ദര്യം വർധിക്കട്ടെ..
യുവത്വം നിലനിർത്തുന്നു
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകൾ, വിറ്റമിൻ സി, ഗ്ലൂറ്റതിയോൺ എന്നിവ ചർമ്മ സൗന്ദര്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് മുഖത്തിന്റെ തിളക്കം നശിപ്പിക്കുകയും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. ഇതിനെ തടയാൻ ആന്റിയോക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇക്കാര്യത്തില്‍ തണ്ണിമത്തൻ നല്ലൊരു പ്രതിവിധിയാണ്.
സൺബേണിൽ നിന്ന് സംരക്ഷിക്കുന്നു
വേനൽക്കാലത്തും ചൂടുള്ള സമയങ്ങളിലും പുറത്തിറങ്ങുമ്പോള്‍ സൺബേൺ ഉണ്ടാകുന്നത് സാധാരണയാണ്. ചർമ്മത്തിന്റെ നിറവും സൗന്ദര്യവും നശിപ്പിക്കുന്ന സൺബേണിൽ നിന്ന് രക്ഷ നേടാനുള്ള ഉപായമായും തണ്ണിമത്തൻ ഉപയോഗിക്കാം. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈകോപെനി എന്ന ഘടകം സൂര്യന്റെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മം ചുവന്നുതടിക്കുന്നത് തടയുകയും ചെയ്യുന്നു. ചെറിയ തക്കാളിയിൽ ഉള്ളതിനേക്കാൾ ലൈകോപെനി തണ്ണിമത്തനിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തണ്ണിമത്തൻ കഴിയ്ക്കുന്നതിനൊപ്പം തന്നെ നല്ലൊരു സൺസ്ക്രീൻ കൂടി ചർമ്മത്തിൽ പുരട്ടി പുറത്തിറങ്ങുക.
ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റായ ഗ്ലൂറ്റാതിയോൺ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്ന ഘടകമാണ്. തിളക്കം വർധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് നല്ല നിറം നല്‍കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം വർധിക്കുന്നത് ചർമ്മം കറുക്കാൻ കാരണമാകും. ഇത് ഒഴിവാക്കി മെലാനിന്റെ ഉത്പാദനം നിയന്ത്രണ വിധേയമാക്കി സുന്ദരമായ ചർമ്മം ലഭിക്കാൻ ഗ്ലൂറ്റാതിയോൺ സഹായിക്കുന്നു.
മലിനീകരണത്തില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു
മലിനമായ പരിസ്ഥിതി ചർമ്മത്തെയും മലിനമാക്കുന്നു. പൊടിയും മാലിന്യങ്ങളും ചർമ്മത്തിൽ അടിഞ്ഞുകൂടി പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു. തണ്ണിമത്തന് ഈ സാഹചര്യങ്ങളെ നേരിടാനുളള കഴിവുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മറ്റൊരു അമിനോ ആസിഡിനെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നു. ഈ രണ്ട് ആസിഡുകളും ചേർന്ന് ചർമ്മത്തെ മലിനമായ പരിസ്ഥിതികളിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നു.
ചർമ്മത്തിന്റെ വരൾച്ചയും ചുളിവുകളും മാറ്റുന്നു
23.3 ഗ്രാം വിറ്റമിനാണ് തണ്ണിമത്തനിൽ നിന്ന് ലഭിക്കുന്നത്. ശരീരത്തിന് അത്യന്താപേക്ഷിതമായ ആന്റിയോക്സിഡന്റുകൾ വരണ്ട ചർമ്മം ഉണ്ടാകുന്നത് തടയുന്നു. ഈർപ്പവും തിളക്കമുള്ള ചർമ്മവും നിലനിർത്താന്‍ ഇവ സഹായിക്കുന്നു. മുഖത്തും ശരീരത്തിലും ചുളിവുകളും പാടുകളും വരുന്നത് തടയാനും ഇവ സഹായിക്കുന്നു.
മൃത കോശങ്ങളെ നീക്കം ചെയ്യുന്നു
ചർമ്മത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ബാധിക്കുന്നവയാണ് മൃതകോശങ്ങൾ. ഇവയെ പുറന്തള്ളിയില്ലെങ്കിൽ അവ ചർമ്മത്തിന് ദോഷമായി മാറും. ഇത് തടയാനായി തണ്ണിമത്തൻ ഉപയോഗിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ മ്യതകോശങ്ങളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങളുടെ മുഖവും ചർമ്മവും കട്ടിയുള്ളതും എണ്ണമയമുള്ളതുമാണെങ്കിൽ അതിന് കാരണം മൃതകോശങ്ങളാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ മ്യതകോശങ്ങൾ നീക്കം ചെയ്താലേ ഈ അവസ്ഥയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനാകൂ. തണ്ണിമത്തൻ ജൂസ് മുഖത്ത് നന്നായി പുരട്ടി മ്യതകേശങ്ങളെ നീക്കം ചെയ്യാവുന്നതാണ്. തണ്ണിമത്തൻ ജ്യൂസിൽ അൽപം ഉപ്പ് കൂടി ചേർത്താൽ നല്ലൊരു സ്ക്രബർ കൂടിയാകും.