ഓട്ടം ഏറ്റവും ജനകീയമായ വ്യായാമമാണ് എന്നു പറയാം. യാതൊരു ചെലവുമില്ലാത്ത വ്യായാമമാണ് ഇത്. ആര്‍ക്കും എവിടെയും ചെയ്യാമെന്നത് ഇതിന്റെ വലിയ സൗകര്യമാണ്. ഒരു റോഡോ പറമ്പോ ഉണ്ടെങ്കില്‍ ആവശ്യമുള്ള ആര്‍ക്കും ഈ വ്യായാമം ചെയ്ത് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയും.
ഓട്ടത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
- മരണസാധ്യത കുറക്കുന്നു
ദിവസവും ചുരുങ്ങിയത് 10 മിനിറ്റെങ്കിലും ഓടുന്നവര്‍ ഹൃദ്രോഗങ്ങള്‍ വന്നു മരിക്കാനുള്ള സാധ്യത കുറവാണ്. വളരെ വേഗത്തില്‍ ഓടണമെന്നില്ല. മണിക്കൂറില്‍ ആറു മൈല്‍ വേഗതയില്‍ കുറഞ്ഞ് ഓടിയാലും മതി. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച ജേണലിലാണ് ഇതുസംബന്ധിച്ചുള്ള പഠനത്തെക്കുറിച്ച് പറയുന്നത്. സ്ഥിരമായി ഓടുന്നവരുടെ ശ്വസന പ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നു. കൂടുതല്‍ ഓക്സിജന്‍ അകത്തേക്കെടുക്കാന്‍ ഈ എയറോബിക് എക്സര്‍സൈസ് കൊണ്ട് കഴിയുന്നു. കൂടാതെ ഇത് ഹൃദയസ്പന്ദന നിരക്കും രക്തയോട്ടവും ശരിയായ രീതിയിലാക്കുകയും ചെയ്യുന്നു.
- മൂഡിനെ സ്വാധീനിക്കുന്നു
ഓടുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ മൂഡിനെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹൈപ്പോതലാമിക് പീറ്റിയൂട്ടറി അഡ്രിനാലിനെ സ്വാധീനിക്കുന്നു. ഏതുവിധത്തിലുള്ള വ്യായാമവും ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കുന്നതിനാല്‍ സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നു. പൊതുവെ വ്യായാമങ്ങള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളായ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ കുറക്കുന്നു.
- ഉറക്കം മെച്ചപ്പെടുത്തുന്നു
മൂന്നാഴ്ച തുടര്‍ച്ചയായി എല്ലാ ദിവസവും രാവിലെ ഓടുന്നത് ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉറക്കത്തെ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് ശരിയായ നിലയില്‍ നിര്‍ത്താന്‍ ഓട്ടത്തിനു കഴിയുന്നു. ഓട്ടത്തിനെത്തുടര്ന്ന് ശരീരത്തിന്റെ താപനിലയില്‍ കുറവു വരുന്നതിനാല്‍ പെട്ടെന്നുതന്നെ ഉറങ്ങാന്‍ കഴിയുന്നു. അതിനാല്‍ രാത്രിയുള്ള ഓട്ടം ഉറക്കത്തിന് സഹായിക്കും.
- കാല്‍മുട്ടുകള്‍ക്ക് ബലം നല്കുന്നു
ഓടുന്നത് കാല്‍മുട്ടുകളുടെ ജോയിന്റിന് വരുന്ന രോഗമായ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണമാകുമെന്ന് പലരും കരുതുന്നു. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഓടുന്നത് കാല്‍മുട്ടുകളെ ബലപ്പെടുത്തുമെന്നാണ്. നടക്കുന്നവരേക്കാളും മറ്റു വ്യായാമം ചെയ്യുന്നവരേക്കാളും ഓടുന്നവര്‍ക്ക് പകുതി മാത്രമേ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിക്കാറുള്ളൂ എന്നാണ് പഠനങ്ങള്‍.
- ഓസ്റ്റിയോപൊറോസിസിനെ തടയുന്നു
പ്രായമാകുമ്പോള്‍ എല്ലിലെ കോശങ്ങളില്‍ ധാതുക്കളുടെ സാന്ദ്രത കുറഞ്ഞുവരുന്നു, പ്രത്യേകിച്ച് കാത്സ്യം. എല്ലുകള്‍ പൊട്ടുകയും ഫ്രാക്ചര്‍ ഉണ്ടാകുകയും ചെയ്യുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. സൈക്ലിങിനേക്കാള് മുട്ടിന്റെ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നത് ഓട്ടമാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മറ്റു പല വ്യായാമങ്ങളേക്കാള്‍ ആരോഗ്യത്തിനു നല്ലത് ഓട്ടമാണെന്ന് യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് എന്‍ഡോക്രൈനോളജിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
- ഓര്‍മയും പഠനവും മെച്ചപ്പെടുത്തുന്നു
ഓടുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഓടുമ്പോള്‍ തലച്ചോര്‍ കാതെപ്സിന്‍ ബി പുറപ്പെടുവിക്കുന്നു. ഓര്‍മയെയും അതുവഴി പഠനത്തെയും ഉത്തേജിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. ശാരീരികമായ ഫിറ്റ്നസ് മാത്രമല്ല പ്രായമാകുന്തോറും തലച്ചോറിനെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളില്‍ നിന്നും ഓട്ടം നിങ്ങളെ സംരക്ഷിക്കുന്നു.
- ശ്രദ്ധയും ഫോക്കസും വര്‍ധിപ്പിക്കുന്നു
ഓട്ടത്തിന് ശ്രദ്ധ വര്‍ധിപ്പിക്കാന്‍ കഴിയുന്നതായി കണ്ടെത്തിയത് സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്രനേഡയാണ്.
- ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കുന്നു
ഓട്ടവും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തി പറയുന്നത് പലരും കേട്ടിരിക്കില്ല. എന്നാല്‍ ഓട്ടം ലൈംഗിക ചോദനയെ വര്‍ധിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. സെക്സിനു 30 മിനിറ്റ് മുമ്പ് ഓടുകയോ മറ്റു എയറോബിക് വ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യുന്നത് ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്ന വ്യക്തികളുടെ സെക്സ് മികച്ചതാക്കുമെന്നാണ് കണ്ടെത്തല്‍. ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്ന വ്യക്തികളുടെ മാത്രമല്ല മറ്റുള്ളവര്‍ക്കും ഇത് ഉപയോഗപ്രദമാണ്. സ്ഥിരമായി ഓടുന്നത് സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോണിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നതും ഇതിനു കാരണമാണ്.