spot_img

നെല്ലിക്ക ശീലമാക്കാം

ഉപ്പിലിട്ടും തേനിലിട്ടും ഉപ്പു മുക്കിയുമൊക്കെ ആസ്വദിച്ച് നെല്ലിക്ക കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.

നെല്ലിക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്നത് ആയുര്‍വേദത്തിലാണ്. ച്യവന മഹര്‍ഷിക്ക് ജരാനരകള്‍ ബാധിച്ചപ്പോള്‍ അദ്ദേഹം വിധിപ്രകാരം പത്ഥ്യാനുഷ്ഠാനത്തോടു കൂടി സേവിച്ച രസായനത്തില പ്രധാന ഘടകം നെല്ലിക്കയായിരുന്നുവെന്നും അതേത്തുടര്‍ന്ന് അദ്ദേഹം വീണ്ടും യൗവനയുക്തനായെന്നും പുരാണങ്ങളില്‍ പറയുന്നു. ആയുര്‍വേദത്തിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തില്‍ ച്യവനപ്രാശം ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുന്നിടത്തും ഇതേ കഥയുണ്ട്.

ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമുള്ള ഉത്തമമായ ആഹാരവും ഔഷധവുമാണ് നെല്ലിക്ക. യൂഫോര്‍ബിയേസി എന്ന സസ്യ കുടുംബത്തില്‍പ്പെടുന്നതും ഇല പൊഴിയുന്നതുമായ നെല്ലി മരമാണ് നെല്ലിക്ക എന്ന ഫലം തരുന്നത്. ഇന്ത്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്കയുടെ സ്വദേശം ഇന്ത്യയാണ്. നെല്ലി മരത്തിന്റെ കായ്, വേര്, തൊലി എന്നിവയും ഔഷധയോഗ്യമാണ്. ഓറഞ്ച് നീരില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 മടങ്ങ് വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ടെന്നാണ് കണക്ക്. 100 ഗ്രാം നെല്ലിക്കയില്‍ 720 മുതല്‍ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു.

നെല്ലിക്കയിലുള്ള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട് നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട്. നെല്ലിക്ക പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തൃഫലചൂര്‍ണ്ണം, ച്യവനപ്രാശം, അരവിന്ദാസവം എന്നീ ആയുര്‍വേദ മരുന്നുകളിലെ പ്രധാന ഘടകം നെല്ലിക്കയാണ്. നെല്ലിക്കയില്‍ പെക്റ്റിന്‍, വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ്, കാത്സ്യം, ഇരുമ്പിന്റെ അംശം എന്നിവ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇലാജിക് ആസിഡ്, ഗാലിക് ആസിഡ്, ടാനിക് ആസിഡ്, റെസിന്‍, പഞ്ചസാര, അന്നജം, പ്രോട്ടീന്‍, ആല്‍ബുമിന്‍, സെല്ലുലോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ശരീരത്തിനു തണുപ്പ് നല്‍കുന്ന ഫലം കൂടിയാണ്. അമിതവണ്ണം, മുടികൊഴിച്ചില്‍ എന്നിവ കുറക്കാനും നെല്ലിക്ക നല്ലതാണ്. രക്ത ശുദ്ധീകരണത്തില്‍ പ്രധാന പങ്കു വഹിക്കുന്നു എന്നു മാത്രമല്ല, കണ്ണിന് കുളിര്‍മയും കാഴ്ചശക്തിയും നല്‍കുന്നു. നാഡികള്‍ക്ക് ബലം പ്രദാനം ചെയ്യുന്നതോടൊപ്പം രുചിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്നു. ജരാനരകളെ തടയുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും നെല്ലിക്ക ഉത്തമമാണ്. കൂടാതെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നതിലും നെല്ലിക്കയുടെ ധര്‍മം വളരെ വലുതാണ്.

 

നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍

 

  1. നെല്ലിക്കയിട്ടു തിളപ്പിച്ച വെളത്തില്‍ പതിവായി കുളിച്ചാല്‍ തൊലിക്ക് ശക്തിയും കുളിര്‍മയും ഉന്മേഷവും ഉണ്ടാകും.
  2. പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നത് കണ്ണിലുണ്ടാകുന്ന മിക്ക അസുഖങ്ങള്‍ക്കും കുറവ് വരുത്തുന്നു.
  3. നെല്ലിക്കാ നീര്, അമൃതിന്റെ നീര് എന്നിവ 10 മില്ലി വീതമെടുത്ത് അതില്‍ ഒരു ഗ്രാം പച്ച മഞ്ഞളിന്റെ പൊടിയും ചേര്‍ത്ത് ദിവസേന രാവിലെ പതിവായി കഴിച്ചാല്‍ പ്രമേഹം ശമിക്കും.
  4. പച്ചനെല്ലിക്ക കുരു കളഞ്ഞത് പാലില്‍ കലക്കി ദിവസേന രണ്ടുനേരം വീതം കുടിച്ചാല്‍ അസിഡിറ്റി, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
  5. മൂത്രതടസ്സം ഉണ്ടാകുമ്പോള്‍ നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടുന്നത് ഉത്തമമാണ്.
  6. ഉണക്ക നെല്ലിക്ക ദിവസവും ചവച്ച് തിന്നുന്നത് കുടല്‍പുണ്ണിനും അരച്ചുപുരട്ടുന്നത് ചൊറിച്ചിലിനും നല്ലതാണ്.
  7. നെല്ലിക്ക ചേര്‍ത്ത എണ്ണകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലതാണ്.

 

നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ പ്രചരിപ്പിച്ച് അവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി ദേശീയ തലത്തില്‍ അംല മിഷന്‍ എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.