വീട്ടിലൊരു അക്വേറിയം ഉണ്ടാകുന്നത് വീട്ടിനകത്തെ ഭംഗിയുടെ മാത്രം വിഷയമല്ല. ഇതിന് ചില ഔഷധഗുണങ്ങളുമുണ്ട്. അക്വേറിയത്തിന്റെ വലുപ്പം പ്രധാനമല്ല. സ്ഫടികക്കല്ലുകളും ചെറു ചെടികളും മീനുകളുമുള്ള ചെറിയ അക്വേറിയം തന്നെ ധാരാളം. ഇത് നിങ്ങൾ പെട്ടെന്നു ശ്രദ്ധിക്കുന്നിടത്തായിരിക്കണം വെക്കേണ്ടത്. ദിവസവും അൽപനേരം അതിലേക്ക് ശ്രദ്ധിക്കുന്നത് അത്ഭുതകരമായ ഫലങ്ങൾ നൽകുന്നു.
- സമ്മർദ്ദം കുറയ്ക്കുന്നു
ദിവസവും അൽപസമയം അക്വേറിയം നോക്കിനിൽക്കുന്നത് നിങ്ങളുടെ സമ്മർദ്ദത്തിന്റെ തോത് കുറക്കുന്നു. വളരെ വൃത്തിയോടും ഭംഗിയോടും സൂക്ഷിച്ചിരിക്കുന്ന അക്വേറിയത്തിൽ പല നിറത്തിലുള്ള മത്സ്യങ്ങൾ അവയുടെ പ്രകൃതിദത്തമായ പരിസ്ഥിതിയിൽ നീന്തിക്കളിക്കുന്നത് കാണുന്നത് നിങ്ങളുടെ മനസ്സിനെ കുറച്ചുനേരത്തേക്ക് മറ്റൊരു അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു. ഇത് സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.
- ഉൽക്കണ്ഠ കുറയ്ക്കുന്നു
മീനുകൾ നീന്തുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കാണുന്നത് സ്വാഭാവികമായിത്തന്നെ നിങ്ങളുടെ ഉൽക്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹിപ്നോസിസ് പോലെയാണ്. ഈ കാഴ്ച നിങ്ങളുടെ ശ്രദ്ധയും സമയവും ആവശ്യപ്പെടുന്നതിനാൽ നിങ്ങൾ ആശങ്കകൾ മറന്ന് കാഴ്ചയിൽ മുഴുകുന്നതാണ് കാരണം.
- കുട്ടികളെ ശാന്തരാക്കുന്നു
ഹൈപ്പർ ആക്ടീവായ കുട്ടികൾ ഫിഷ് ടാങ്കിന്റെ കാഴ്ചയിൽ ശാന്തരായി പെരുമാറുന്നു. ലൈറ്റുകൾ അണക്കുമ്പോഴും നന്നായി ഉറങ്ങാൻ ഇത് കുട്ടികളെ സഹായിക്കുന്നു. അക്വേറിയം കുട്ടികളിൽ പ്രകൃതിയെക്കുറിച്ചും ജീവികളെക്കുറിച്ചും പഠിക്കാനുള്ള താൽപര്യം ജനിപ്പിക്കുന്നു.
- ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു
ഓഫീസിൽ അക്വേറിയം ഒരുക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കുറക്കുന്നു. നിങ്ങളുടെ സമ്മർദ്ദം കുറച്ച് കൂടുതൽ ശ്രദ്ധയോടെ ജോലി ചെയ്യാനും കൂടുതൽ ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമാകാനും ഇത് സഹായിക്കുന്നു. അക്വേറിയം നിങ്ങളുടെ ഓഫീസിനെ മനോഹരവുമാക്കുന്നു.
- അൾഷിമേഴ്സ് രോഗികളെ സഹായിക്കുന്നു
അക്വേറിയം കണ്ടുനിൽക്കുന്നത് പ്രായമായ അൾഷിമേഴ്സ് രോഗികൾക്കും പ്രയോജനകരമാണ്. ഡൈനിംഗ് റൂമിൽ അക്വേറിയം ഉണ്ടെങ്കിൽ അവർ നന്നായി ഭക്ഷണം കഴിക്കുന്നു. അവർ കൂടുതൽ അക്രമ സ്വഭാവം കാണിക്കാതിരിക്കുകയും കൂടുതൽ സന്തോഷവാന്മാരായിരിക്കുകയും ചെയ്യും.
- വേദന കുറക്കുന്നു
ആശുപത്രികളിലും ക്ലിനിക്കുകളിലും വെയ്റ്റിംഗ് ഏരിയയിൽ അക്വേറിയം തയ്യാറാക്കി വെച്ചിരിക്കുന്നത് അലങ്കാരത്തിന്റെ ഭാഗമായി മാത്രമല്ല. അക്വേറിയം മനുഷ്യരുടെ വേദന കുറക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദന്തരോഗികൾക്ക് അക്വേറിയം നിരീക്ഷിച്ചശേഷം ഡോക്ടറെ കാണുമ്പോൾ ചികിത്സാ സമയത്ത് കുറവ് വേദന അനുഭവപ്പെടുന്നതായും വേദനസംഹാരികൾ കുറച്ചുമാത്രം ഉപയോഗിക്കേണ്ടിവന്നതായും പഠനങ്ങൾ പറയുന്നു.
- ഉറക്കം മെച്ചപ്പെടുത്തുന്നു
ബെഡിനരികിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. ഇത് സമ്മർദ്ദം കുറച്ച് ശാന്തമായിരിക്കാനും നന്നായി ഉറങ്ങാനും സഹായിക്കും. നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കി എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീഴുന്നതിന് ഇത് ഫലപ്രദമാണ്. ഉറങ്ങുന്ന മുറിയിൽ അക്വേറിയം വെക്കുക എല്ലായ്പ്പോഴും സാധ്യമായിരിക്കണമെന്നില്ല. അതിനാൽ മീനുകൾ നീന്തുന്ന വീഡിയോകളും മറ്റും കാണുന്നതും ഫലപ്രദമാണ്.