spot_img

നിങ്ങളുടെ കുഞ്ഞിന്റെ ആദ്യത്തെ കരച്ചില്‍ : അറിയേണ്ടതെല്ലാം

നിങ്ങള്‍ കാത്തിരുന്ന ആ നിമിഷം, നിങ്ങളുടെ കുഞ്ഞിന്റെ ആദ്യ കരച്ചില്‍.. ആ സമയത്തുണ്ടാകുന്ന സന്തോഷവും അത്ഭുതവും ഒന്നു വേറെ തന്നെയാണ്. കുഞ്ഞുങ്ങളുടെ ആദ്യ കരച്ചില്‍ സൂചിപ്പിക്കുന്നത് അവര്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ്. 

കുഞ്ഞുങ്ങള്‍ ജനിച്ചാലുടന്‍ തന്നെ കരയേണ്ടതുണ്ട്. ഇത് കുഞ്ഞിന്റെ ശ്വാസ കോശത്തെ ഉണര്‍ത്തുകയും ശ്വസനത്തെ സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ ആരോഗ്യത്തെ സംബന്ധിച്ച പരിശോധനകളില്‍ ആദ്യത്തേതാണത്. ജനിച്ചയുടനെ ഒന്നാമത്തെ മിനിറ്റിലും അഞ്ചാമത്തെ മിനിറ്റിലും നടത്തുന്ന പരിശോധനയാണ് അപ്ഗര്‍. ഒന്നാമത്തെ മിനിറ്റില്‍ കുഞ്ഞിന്റെ ജനന പ്രക്രിയ എത്രമാത്രം സുഖകരമായിരുന്നുവെന്നും അഞ്ചാമത്തെ മിനിറ്റില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്ത് കുഞ്ഞ് എത്ര കംഫര്‍ട്ടബിളാണെന്നും പരിശോധിക്കുന്നു. കുഞ്ഞിന്റെ നിറം, ശ്വസന ശ്രമം, ഹൃദയ സ്പന്ദന നിരക്ക്, പ്രതികരണശേഷി, മസില്‍ ടോണ്‍ എന്നിവ ഈ പരിശോധനയ്ക്കിടയില്‍ ശ്രദ്ധിച്ച് പൂജ്യം മുതല്‍ രണ്ടു വരെ സ്‌കോര്‍ നല്‍കുന്നു. ഒരു കുഞ്ഞിനു കിട്ടുന്ന പരമാവധി സ്‌കോര്‍ 10 ആണ്. എന്നാല്‍ വളരെ കുറച്ച് കുഞ്ഞുങ്ങള്‍ മാത്രമേ മുഴുവന്‍ സ്‌കോര്‍ നേടാറുള്ളൂ. പലപ്പോഴും നിറത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വ്യതിയാനങ്ങള്‍ വരാറുണ്ട്. കുഞ്ഞുങ്ങളുടെ പാദങ്ങള്‍ക്കും കൈകള്‍ക്കും പലപ്പോഴും നീല നിറം ഉണ്ടാകാറുണ്ട്. അതിനാല്‍ ഒന്നാമത്തെ മിനിറ്റിലെ പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴു മുതല്‍ 10 വരെയുള്ള സ്‌കോര്‍ മതിയാകും. എന്നാല്‍ നാലിനും ആറിനും ഇടയിലുള്ള സ്‌കോര്‍ നിങ്ങളുടെ കുഞ്ഞിന് ശ്വസനത്തിനും മറ്റും ചില സഹായങ്ങള്‍ ആവശ്യമുണ്ടെന്നും നാലിനു താഴെയുള്ള സ്‌കോര്‍ ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ ആവശ്യമുണ്ടെന്നും സൂചിപ്പിക്കുന്നു. ഏഴിനു താഴെയുള്ള സ്‌കോര്‍ കുഞ്ഞിനെ ഇനിയും നിരീക്ഷിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു.

അപ്ഗര്‍ സ്‌കോറും നിങ്ങളുടെ കുഞ്ഞിന്റെ കരച്ചിലും തമ്മിലുള്ള ബന്ധം എന്താണ് ? കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ശക്തി അവരുടെ ശ്വസനം എത്ര ആരോഗ്യകരമാണ് എന്ന് സൂചിപ്പിക്കുന്നു. കുഞ്ഞ് ശ്വസിക്കുന്നില്ലെങ്കില്‍ സ്‌കോര്‍ പൂജ്യവും, കരച്ചില്‍ ശബ്ദം കുറഞ്ഞും മുരള്‍ച്ച രൂപത്തിലുമാണെങ്കില്‍ സ്‌കോര്‍ ഒന്നും ശക്തിയായ നല്ല കരച്ചിലിന് സ്‌കോര്‍ രണ്ടുമായിരിക്കും.

എന്തു കൊണ്ടാണ് ജനിച്ചയുടനെ കുഞ്ഞുങ്ങള്‍ കരയുന്നത് ?

ആലോചിച്ചു നോക്കൂ, ഇരുട്ടു നിറഞ്ഞ, ചെറു ചൂടുള്ള കംഫര്‍ട്ടബിളായ ഒരു സ്ഥലത്തുനിന്ന് വെളിച്ചമുള്ള തണുത്ത ലോകത്തേക്ക് എത്തുമ്പോള്‍ നന്നായൊന്ന് കരയാന്‍ തോന്നില്ലേ ! ഗവേഷകര്‍ പറയുന്നത് തണുപ്പും വെളിച്ചവും ശബ്ദവും വേദനയുമൊക്കെയാണ് കുഞ്ഞ് കരയാന്‍ കാരണമെന്നാണ്. കൂടാതെ കുഞ്ഞിന് ഗുരുത്വാകര്‍ഷണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്രനാള്‍ അംനിയോട്ടിക് ഫ്‌ളൂയിഡില്‍ ഭാരമില്ലാതെ ഒഴുകി നടന്നിരുന്ന കുഞ്ഞ് തന്റെ മുഴുവന്‍ ഭാരവുമറിഞ്ഞ് പുറത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ആ സമ്മര്‍ദ്ദത്തിലാണ് കുഞ്ഞുങ്ങള്‍ കരയുന്നത്. മറ്റൊന്ന്, ഇത്രനാള്‍ കുഞ്ഞുങ്ങള്‍ക്ക് അംബ്ലിക്കല്‍ കോഡ് വഴി പ്ലാസന്റയില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിച്ചിരുന്നത്. പുറത്തെത്തിയാലുടനുള്ള ശക്തമായ കരച്ചില്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലെ ഫ്‌ളൂയിഡിനെ പുറത്തേക്ക് തള്ളി ശ്വസനം സാധ്യമാക്കുന്നു. 

തലച്ചോറിനേല്‍ക്കുന്ന മുറിവുകള്‍, അമ്മയുടെ മദ്യപാനം എന്നിവ കുഞ്ഞിന്റെ കരച്ചിലിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഓട്ടിസം പോലെയുള്ള പ്രയാസങ്ങളുള്ള കുട്ടികളുടെ കരച്ചിലുകള്‍ പ്രത്യേക തരത്തിലുള്ളതായിരിക്കുമെന്ന് ആറു മാസം പ്രായമുള്ള കുട്ടികളുടെ കരച്ചിലില്‍ ഗവേഷണം നടത്തിയ വിദഗ്ധര്‍ പറയുന്നു. കൂടാതെ കുഞ്ഞുങ്ങള്‍ വേദന മൂലമാണോ അല്ലാതെയാണോ കരയുന്നതെന്നും തിരിച്ചറിയാനാവും. രണ്ടും വ്യത്യസ്ത തരത്തിലുള്ള കരച്ചിലുകളാണ്. വേദനയെടുക്കുന്നതിനെ തുടര്‍ന്നുള്ള കരച്ചിലുകള്‍ നിര്‍ത്തി നിര്‍ത്തിയുള്ളവയായിരിക്കും. 37-42 ആഴ്ചകള്‍ക്കിടയിലുള്ള കുഞ്ഞുങ്ങളുടെ കരച്ചില്‍ മെലഡി രീതിയിലുള്ളതാണെങ്കില്‍ അവര്‍ സിസേറിയനിലൂടെ ജനിച്ചവരും സങ്കീര്‍ണ്ണമായ ശബ്ദക്രമമുള്ള കരച്ചിലുള്ള കുഞ്ഞുങ്ങള്‍ സാധാരണ പ്രസവത്തില്‍ ജനിച്ചവരുമായിരിക്കും. ഗവേഷകര്‍ പറയുന്നത് പ്രസവത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് അവരുടെ ശ്വസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരിക്കും എന്നാണ്.

കുഞ്ഞ് ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തന്നെ പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. പുറം ലോകത്തേക്ക് എത്തി ദിവസങ്ങളാകുമ്പോള്‍ തന്നെ കുഞ്ഞ് പല ശബ്ദങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളുടെ കരച്ചില്‍ ശ്രദ്ധിച്ചാല്‍ അവരുടെ ആവശ്യങ്ങളെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.