മനുഷ്യനെ സംബന്ധിച്ച് വായുവിനെ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് വെള്ളവും. അത് ആവശ്യത്തിന് ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. എന്നാല്‍ ഭക്ഷണം കഴിക്കുന്നതില്‍ നാം കാണിക്കുന്ന ജാഗ്രതയുടെ ചെറിയൊരു അംശം പോലും വെള്ളം കുടിക്കുന്ന കാര്യത്തില്‍ നാം കാണിക്കാറില്ല.
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വളരെ അത്യാവശ്യമാണ്. വിയര്‍പ്പായും മൂത്രമായുമൊക്കെ ശരീരത്തില്‍നിന്ന് വെള്ളം പുറന്തള്ളപ്പെടുന്നതിനാല്‍ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കൂടാതെ ശരീരത്തിന് വെള്ളം ആവശ്യമാണെങ്കില്‍ നമ്മെ അറിയിക്കാനുള്ള സംവിധാനങ്ങളും ശരീരം സജ്ജീകരിച്ചിരിക്കുന്നു.
ഉത്തമം ചൂട് വെള്ളം
വെള്ളം ചൂടാക്കിയാല്‍ വെള്ളത്തിലെ കീടാണുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്ന് നമുക്ക് അറിയാം. അതിനാല്‍ തന്നെ മിക്കവരും ചൂട് വെള്ളമാണ് ഉപയോഗിക്കാറ്. ചൂട് വെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്.
വിശപ്പിനെ ഉത്തേജിപ്പിക്കാനും ദഹനം എളുപ്പത്തിലാക്കാനും ചൂടുവെള്ളം സഹായിക്കും. കൂടാതെ മൂത്രസഞ്ചി വൃത്തിയാക്കാനും വാത, കഫക്കെട്ട് എന്നിവ കൊണ്ടുള്ള പ്രശ്നങ്ങള്‍ക്കും ചൂട് വെള്ളം പരിഹാരമാണ്. അടിഞ്ഞുകൂടിയതും ദഹിക്കാത്തതുമായ ഭക്ഷണത്തില്‍ നിന്ന് മുക്തി നേടാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. ഒപ്പം ഇടുപ്പിലും പുറകിലും വേദന ശമിപ്പിക്കും.
രോഗശമനത്തിന് ചൂട് വെള്ളം
ചൂട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ ശാന്തമായി കിടക്കുന്ന പേശികളെയും നാഡികളെയും ഉത്തേജിപ്പിക്കുകയും ശരീര താപനില അല്‍പം ഉയര്‍ത്തുകയും ചെയ്യും. ഇതിനാല്‍ ശരീരത്തിലെ സുഷിരങ്ങള്‍ തുറക്കപ്പെടുകയും വിയര്‍പ്പ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ വിയര്‍പ്പിന്റെ കൂടെ ഒഴിവാക്കുകയും ചെയ്യും.
അധികം തണുപ്പിക്കണ്ട
നിങ്ങള്‍ സ്ഥിരമായി തണുത്തവെള്ളം കുടിക്കുന്നവരാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നതിനെയും ദഹനത്തെയും ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഭഷണത്തിന് ശേഷം തണുത്തവെള്ളം കുടിക്കുന്നത് ശരീരത്തില്‍ അമിതമായി കഫം ഉല്‍പാദിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യും.
ഈ സമയങ്ങളില്‍ തണുത്തവെള്ളം കുടിക്കാം
തണുത്തവെള്ളം ദോഷം ചെയ്യുമെങ്കിലും ചില സമയത്ത് ഇത് ഉപകാരവുമാണ്. തണുത്തവെള്ളം കുടിക്കുകയാണെങ്കില്‍ അമിതമായി നമ്മുടെ ശരീരത്തിലുള്ള കലോറിയെ കത്തിക്കാവുന്നതാണ്. അതിനാല്‍ തന്നെ വ്യായാമ സമയങ്ങളില്‍ തണുത്തവെള്ളം കുടിക്കുന്നത് നല്ലതാണ്.
എത്രത്തോളം വെള്ളം കുടിക്കണം
ഓരോ വ്യക്തികളിലും അവരുടെ പ്രവൃത്തികളനുസരിച്ച് വെള്ളത്തിന്റെ ആവശ്യകതയില്‍ മാറ്റമുണ്ടാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. അതിനാല്‍ ശരീരത്തിന് എത്രത്തോളം വേണമെന്ന് സ്വയം മനസിലാക്കി വെള്ളം കുടിക്കണം.
വ്യായാമ സമയങ്ങളില്‍ എങ്ങനെ വെള്ളം കുടിക്കണം
നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍നിന്ന് വിയര്‍പ്പായും മറ്റും കൂടുതലായി വെള്ളം പുറന്തള്ളപ്പെടും. അപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുകയും ഇത് തലകറക്കം, അലസത, പേശി പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങിയവയിലേക്ക് നയിക്കും. അതിനാല്‍ വ്യായാമ സമയങ്ങളില്‍ കൂടുതലായി വെള്ളം കുടിക്കേണ്ടതുണ്ട്.
ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ വെള്ളം കുടിക്കാമോ ?
ഉറക്കമുണര്‍ന്നതിനുശേഷം വെള്ളം കുടിക്കുന്നത് വൃക്കരോഗം, ഗ്യാസ്‌ട്രൈറ്റിസ്, പ്രമേഹം, മലബന്ധം തുടങ്ങിയ അസുഖങ്ങള്‍ ഭേദമാക്കുന്നതിനും തടയുന്നതിനും ഏറെ സഹായകമാണ്. ഉണര്‍ന്നതിനുശേഷം ദിനവും ആറ് ഔണ്‍സ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളാണുള്ളത്. ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായകമാകും. മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വിശപ്പ് വര്‍ധിപ്പിക്കാനും തലവേദന തടയാനും സഹായിക്കും. വന്‍കുടലിനെ ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.
വെള്ളം കുടിക്കുന്നതിലെ ആയുര്‍വേദം
നിന്ന് കൊണ്ട് വെള്ളം കുടിക്കുന്നതിനേക്കാള്‍ ഇരുന്ന് വെള്ളം കുടിക്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ചൂടുവെള്ളം കുടിക്കുന്നതാണ് ഉത്തമം. കൂടുതല്‍ വെള്ളം ഒറ്റയടിക്ക് കുടിക്കുന്നതിനേക്കാള്‍ കുറച്ച് കുറച്ചായി കുടിക്കുന്നതാണ് നല്ലത്.
രാവിലെ നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങളേറെ
എല്ലാദിവസവും രാവിലെ വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിച്ചാല്‍ നിരവധി രോഗങ്ങളില്‍നിന്ന് മുക്തി നേടാം. ദഹനം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ അയവുള്ളതാക്കാനും നാരങ്ങാവെള്ളം കുടിക്കുന്നത് സഹായിക്കും. ജലദോഷവും പനിയും അകറ്റുന്നതിനും വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ധനവിനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ ശരീര ഭാരം കുറയ്ക്കാനും ഇത് സഹായകമാകും.