spot_img

പനിയുള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പനിയും ജലദോഷവും ചില്ലറ രോഗങ്ങളാണെങ്കിലും അത് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ അത്ര ചില്ലറയല്ല. പനിക്കൊപ്പം വരുന്ന ശരീരിക അസ്വസ്ഥതകളാണ് പലപ്പോഴും ആളുകളെ തളർത്തുന്നത്. തലവേദന, ശരീരവേദന, ചുമ, മൂക്കടപ്പ് ഇവയെല്ലാം പനിയുടെ ഒപ്പമെത്തുന്ന അസ്വസ്ഥതകളാണ്‌. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പനിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് മുത്തശിമാർ പറയുന്നത് വെറുതെയല്ല. ശരീരത്തിലെ ജലാംശം കുറഞ്ഞ് നിർജലീകരണം വരെ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ് പനിക്കാലം. ഏതെല്ലാം ഭക്ഷണങ്ങളാണ് പനിയുള്ളപ്പോൾ ഒഴിവാക്കേണ്ടതെന്ന് നോക്കാം.. 

ഫാസ്റ്റ് ഫുഡ്

ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങൾ പനിയില്ലാത്തപ്പോൾ പോലും പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. പനിയുള്ളപ്പോൾ ഉള്ള കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ.. ഫാസ്റ്റ് ഫുഡുകൾ പലതും ദഹിക്കാൻ ഏറെ പ്രയാസമുള്ളതും, എണ്ണയും മസാലയും മറ്റ് അസംസ്‌ക്യത വസ്തുക്കളും ചേർന്നതുമാണ്‌. ഇത് ദഹനപ്രക്രിയയെ സാരമായി ബാധിക്കാൻ ഇടയുണ്ട്. പോഷകഗുണങ്ങളേക്കാൾ പ്രിസർവേറ്റീവ്‌സ് ആണ് ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇവ ഒഴിവാക്കി എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിയ്ക്കുക. 

മദ്യം

ശരീരത്തിന്റെയും തലച്ചോറിന്റെയും താളം തെറ്റിക്കുന്നതിൽ മദ്യത്തിന് നല്ലൊരു പങ്കുണ്ട്. പനിയുള്ളപ്പോൾ മദ്യം കഴിയ്ക്കുന്നവർക്ക് തൊണ്ടയ്ക്ക് ആശ്വാസവും ശരീരസുഖവും തോന്നുന്നത് താൽക്കാലികം മാത്രമാണ്. എന്നാൽ യഥാർത്ഥത്തിൽ മദ്യം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധ ശേഷി കുറയുന്നതോടെ പനി മാറാൻ കാലതാമസം എടുക്കുകയും പനിക്കൊപ്പം മറ്റ് പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. 

എണ്ണമയമുള്ള ഭക്ഷണങ്ങൾ

എണ്ണമയമുള്ള ഭക്ഷണങ്ങളിൽ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ പനിയുള്ള സമയത്ത് കഴിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ ദഹിക്കാത്ത ഭക്ഷണങ്ങൾ ഉളളിൽ കിടക്കുന്നത് ഛർദിക്കും കാരണമാകാം. ഒപ്പം വയറിനും പ്രശ്‌നങ്ങൾ സ്യഷ്ടിച്ചേക്കാം. ചിപ്‌സ്, ചിക്കൻ ഫ്രൈ എന്നിവ കഴിയ്ക്കുന്നതിലൂടെ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുന്നതിനൊപ്പം രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു. 

പാൽ ഉത്പന്നങ്ങൾ

കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങളെ മാറ്റി നിർത്തിയാൽ ബാക്കിയുള്ളവയെല്ലാം പനിയുള്ള സമയത്ത് ഒഴിവാക്കേണ്ടവയാണ്. അവയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ഇത് ദഹനം സുഗമമാകുന്നതിന് തടസം സ്യഷ്ടിക്കുന്നു. 

അമിത മധുരമുള്ള ഭക്ഷണങ്ങൾ

പനിയുള്ള സമയത്ത് പലർക്കും ഭക്ഷണത്തിന് രുചിയുള്ളതായി തോന്നാറില്ല. ഈ സമയം മധുരമുള്ള ഭക്ഷണങ്ങളായിരിക്കും ഇത്തരക്കാർ തിരഞ്ഞെടുക്കുന്നത് . എന്നാൽ ആരോഗ്യപരമായി ഇത് വലിയ വിപത്തുകൾക്ക് കാരണമാകും.പാക്കറ്റിൽ ലഭിക്കുന്ന ജ്യൂസ്, ഡോനട്ട്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാൽ ശ്വേതരക്താണുക്കൾക്ക് രോഗാണുക്കൾക്കെതിരെ പൊരുതാനുള്ള കഴിവ് നഷ്ടമാകും. ഇത് പിന്നീട് രോഗം മൂർച്ഛിക്കാനോ, ഏറെ നാൾ രോഗം തുടരാനോ കാരണമാകാം. ജ്യൂസ് കുടിക്കാൻ താൽപര്യമുണ്ടെങ്കിൽ വീട്ടിൽ തന്നെ സ്വന്തമായി ഉണ്ടാക്കുക. അതിലും പഞ്ചസാര ചേർക്കേണ്ടതില്ല. 

തണുത്ത ഭക്ഷണങ്ങൾ

പനിയുള്ള സമയത്ത് തണുത്ത ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് കൂടുതൽ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും. അതേ സമയം ചെറുചൂടുള്ള ഭക്ഷണങ്ങൾ, സൂപ്പ് എന്നിവ കഴിയ്ക്കുന്നതിലൂടെ രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നു. തണുത്തത് കഴിക്കുമ്പോൾ തൊണ്ടയ്ക്കും ശരീരത്തിനും വീണ്ടും ആയാസം നൽകുകയാണ് ചെയ്യുന്നത്. തണുത്ത ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രകിയ മന്ദഗതിയിലാക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു. പനിപോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ ചൂട് നിലനിർത്തുന്ന തരം ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ടത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.