spot_img

ആസ്ത്മ: പ്രതിരോധവും പരിഹാരങ്ങളും

ഒരിക്കല്‍ വന്നാല്‍ പിന്നെ ജീവിത കാലം മുഴുവന്‍ വേട്ടയാടുന്ന രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ശ്വാസ കോശത്തെ ബാധിക്കുന്ന രോഗങ്ങളില്‍ സര്‍വ സാധാരണമാണിത്. ശാസനാളിയെ ആണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.

ആസ്ത്മക്ക് കാരണമായേക്കാവുന്ന ചില വസ്തുക്കള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. ഇവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ശ്വാസനാളിയില്‍ നീര്‍ക്കെട്ട് ഉണ്ടാവുന്നതാണ് ഇതിന്‍റെ കാരണം. ഈ നീര്‍ക്കെട്ട് മൂലം ശ്വാസനാളികള്‍ ചുരുങ്ങുകയും ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയും ചെയ്യും. ഇത് ആസ്ത്മാ രോഗത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

അലര്‍ജിക്ക് കാരണമായ വസ്തുക്കളുമായി ഇടപെടുമ്പോഴാണ് പ്രധാനമായും ആസ്ത്മ ഉണ്ടാകുന്നത്. പൊടി, പുക, പൂവ്, പൂമ്പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍, പെയിന്‍റ്, ഭക്ഷണം എന്നിവ ആസ്ത്മക്ക് കാരണമാണ്. ജലദോഷം, തണുത്ത വായു എന്നിവ ആസ്ത്മ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ആസ്പിരിന്‍, ഐബൂപ്രൂഫിന്‍, നാപ്രോക്സെന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്ക് ഈ രോഗം വന്നേക്കാം.

വൈകാരിക സംഘര്‍ഷങ്ങള്‍ ഒരുവനില്‍ രോഗം വരുത്താനുള്ള സാധ്യത കൂട്ടുന്നു. ഇതോടൊപ്പം പാരമ്പര്യവും ആസ്ത്മക്ക് കാരണമാകുന്നു. പുകവലി കൂടുതലുള്ളവരില്‍ രോഗ സാധ്യത കൂടുതലാണ്. അന്തരീക്ഷം, പരിസ്ഥിതി മലിനീകരണങ്ങള്‍ മൂലവും രോഗം പിടിപെടാം. രാസ വസ്തുക്കളുമായി ഇടപെടല്‍ വേണ്ട ജോലികള്‍ ചെയ്യുന്നവര്‍ക്കും ആസ്ത്മ സാധ്യതയുണ്ട്.

തുടര്‍ച്ചയായി നിര്‍ത്താതെ ചുമക്കുക, ശ്വാസ തടസം അനുഭവപ്പെടുക, വലിവ്, ശ്വാസം എടുക്കുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്ത്മയുടെ ലക്ഷണങ്ങള്‍. ഇത് കൂടാതെ നെഞ്ചില്‍ വേദനയും മുറുക്കവും അനുഭവപ്പെടാനും സാധ്യതയുണ്ട്. വായില്‍ കൂടി ശ്വാസമെടുക്കുന്നതും ഇതിന്‍റെ ലക്ഷണമാണ്.     

ലംഗ് ഫങ്ക്ഷന്‍ ടെസ്റ്റുകള്‍ വഴിയാണ് പ്രധനമായും രോഗ നിര്‍ണയം നടത്തുന്നത്. ഇതിലൂടെ രോഗി ശ്വസിക്കുമ്പോള്‍ എത്ര അളവ് വായു ആണ് പുറത്തേക്കും ഉള്ളിലേക്കും പോകുന്നതെന്ന് കണ്ടെത്തും.

ചികിത്സ

ഇന്‍ഹേലറുകളുടെ വരവാണ് ആസ്ത്മ രോഗത്തിന്‍റെ ചികിത്സ കൂടുതല്‍ എളുപ്പമാക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പലര്‍ക്കും തെറ്റിദ്ധാരണകളാണ് കൂടുതല്‍. അതുകൊണ്ട് തന്നെ പലരും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഗുളികയുടെയോ സിറപ്പിന്‍റെയോ രൂപത്തില്‍ കഴിക്കുന്നതിന്‍റെ ഇരുപതില്‍ ഒന്ന് അളവ് മരുന്ന് മാത്രമേ ഇന്‍ഹേലറിന് ആവശ്യമുള്ളൂ.

മുതിര്‍ന്നവരിലും കുട്ടികളിലുമൊക്കെ ഒരേ പോലെ ഫലപ്രദവും സുരക്ഷിതവുമാണ് ഈ ചികിത്സ. പ്രശ്ന ബാധിതമായ ശ്വാസ നാളികളില്‍ മരുന്ന് എത്തിക്കാന്‍ ഇന്‍ഹേലര്‍ വഴി സാധിക്കും. അതുകൊണ്ട് തന്നെ രോഗബാധിതര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ ഇതിന് കഴിയും.

പ്രതിരോധം

ആസ്തമയ്ക്ക് കാരണമാകാവുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യാനുള്ളത്. പൊടി, പുക എന്ന് തുടങ്ങുന്ന അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളില്‍ നിന്നും വിട്ട് നില്‍ക്കുക.

പൊടി പിടിച്ച വസ്തുക്കള്‍, തുണികള്‍, പുസ്തകങ്ങള്‍, കാര്‍പ്പറ്റ് എന്നിവ രോഗിയുടെ മുറിയില്‍ നിന്നും നീക്കം ചെയ്യുക. പെട്ടെന്ന് പൊടി പിടിക്കാന്‍ സാധ്യതയുള്ള ഫാന്‍ പോലെയുള്ള ഉപകരണങ്ങള്‍ ഇടക്കിടെ തുടച്ച് വൃത്തിയാക്കുക.

രോഗിയുടെ കിടക്ക പൊടിയടിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കിടക്ക വിരികളും തലയിണയുടെ കവറും കഴുകി സൂക്ഷിക്കുക. രോഗിയുടെ സമീപത്തു നിന്നും വളര്‍ത്തു മൃഗങ്ങളെ അകറ്റി നിര്‍ത്തുക. പുകവലി അവസാനിപ്പിക്കുകയും പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം കുറക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്‌.

ശ്വാസനാളികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ തടയാന്‍ മികച്ചതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.