സന്ധികളില്‍ നീര്‍ക്കെട്ടും വേദനയുമുണ്ടാക്കുന്ന എല്ലാ തരം അസുഖങ്ങളെയും സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കാം. പ്രായമുള്ളവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നതെങ്കിലും ചെറുപ്പക്കാരിലും അത്ര കുറവല്ല. എന്തിന് കുട്ടികളില്‍ പോലും സന്ധിവാതം കണ്ടുവരുന്നു. ഇതിനെ ജുവനൈല്‍ ആര്‍ത്രൈറ്റിസ് എന്ന് പറയുന്നു. മെയ്യനങ്ങാത്ത പുതുജീവിതശൈലികള്‍ നമ്മെ പൊണ്ണത്തടിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. പൊണ്ണത്തടിയുള്ളവര്‍ക്ക് ആര്‍ത്രൈറ്റിസ് സാധ്യത കൂടുതലാണ്.
സന്ധിവാതം പലവിധത്തിലുണ്ട്. 50 വയസെത്തുന്നതോടെ ശരീരത്തിലെ സന്ധികള്‍ക്ക് തേയ്മാനം സംഭവിച്ചു തുടങ്ങും. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന തരുണാസ്ഥിക്ക് തേയ്മാനമുണ്ടാകുന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഈ രോഗത്തിന് കാരണം.
പ്രധാനമായും കൈകാല്‍ മുട്ടുകളിലാണ് സന്ധിവാതം കണ്ടുവരുന്നത്. കഴുത്ത്, ഇടുപ്പ്, നട്ടെല്ല് എന്നിവിടങ്ങളിലും ഇത് കാണാറുണ്ട്. ചെറുപ്പത്തില്‍ ഏതെങ്കിലും വിധത്തില്‍ സന്ധികള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സന്ധിവാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നര്‍ത്ഥം. പുരുഷന്മാരേക്കാള്‍ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലുള്ളത് സ്ത്രീകള്‍ക്കാണ്.
പുരുഷന്മാരില്‍ മാത്രം കാണുന്ന മറ്റൊരുതരം സന്ധിവാതമാണ് ഗൌട്ട്. രക്തത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞുകൂടി നീര്‍ക്കെട്ടും ശക്തമായ വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ് ഗൗട്ട്. അമിതവണ്ണവും മദ്യപാനവുമുള്ള പുരുഷന്മാരെയാണ് ഇത് ബാധിക്കുന്നത്. സന്ധികളില്‍ ചുമപ്പും തിണര്‍പ്പുമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നീ രോഗങ്ങളുള്ളവരാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഈ അസുഖം വന്നേക്കാം. കൃത്യമായ വ്യായാമമില്ലാതെ ജീവിക്കുന്ന ആര്‍ക്കും വരാവുന്ന ഒന്നാണ് സന്ധി വാതമെന്നതും ഓര്‍ക്കണം.
എന്താണ് സന്ധി വാതത്തിനുള്ള ചികിത്സ?
ഏതു തരം അസുഖമാണെന്നതിനെ ആശ്രയിച്ചിരിക്കും സന്ധി വാതത്തിനുള്ള ചികിത്സ. എന്നിരുന്നാലും വേദനയും നീര്‍ക്കെട്ടും കുറച്ച്, സന്ധികള്‍ കൃത്യമായി ചലിപ്പിക്കുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. വേദന സംഹാരികളാണ് ഇതിനൊരാശ്രയം.
തുടക്ക സമയത്ത് പാരസെറ്റമോള്‍, ട്രാമഡോള്‍ , എന്നിങ്ങനെയുള്ള വേദന സംഹാരികളോ കുറച്ച് കൂടി ഡോസ് കൂടിയ നോണ്‍-സ്റ്റിറോയ്ഡല്‍ ആന്‍റി ഇന്‍ഫ്ലമേറ്ററി ഡ്രഗ്സ് അഥവാ എന്‍എസ്എഐഡി മരുന്നുകളായ ആസ്പിരിന്‍, ഐബൂപ്രൂഫിന്‍, മേലോക്സികം, എന്നിങ്ങനെയുള്ള മരുന്നുകളോ ആകും നല്‍കുക. എന്നാല്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ ഈ മരുന്നുകള്‍ ദീര്‍ഘകാല ഉപയോഗത്തിന് പറ്റിയതല്ല.
സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം, ലൂപ്പസ് എന്നിങ്ങനെയുള്ള സന്ധിവാതങ്ങളാണെങ്കില്‍ അതിന് ഡിസീസ് മോഡിഫൈയിംഗ് ഡ്രഗ്സ് അഥവാ DMARD മരുന്നുകളാണ് നല്‍കുക. വിദഗ്ധനായ ഒരു ഡോക്ടറിന്‍റെ ഉപദേശത്തോടെ മാത്രം മരുന്ന് കഴിക്കുക.
ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയിലെ തകരാറുകള്‍ കൊണ്ടാണ് ഇതിലെ പല രോഗങ്ങളുമുണ്ടാകുന്നത്. എല്ലാത്തരം അണു ബാധകളെയും തടയാനായി ശരീരത്തിന് സ്വന്തമായി ഒരു പ്രതിരോധ വ്യവസ്ഥയുണ്ട്. ഇതിന് തകരാര്‍ സംഭവിക്കുമ്പോള്‍ കാവല്‍ക്കാരാകേണ്ട പ്രതിരോധ വ്യവസ്ഥ ആന്‍ റിബോഡികള്‍ ഉത്പാദിപ്പിച്ച് ശരീര കോശങ്ങളെ തന്നെ ആക്രമിക്കുന്നു. ലൂപ്പസ്, റുമാറ്റോയ്ഡ് എന്നീ സന്ധി വാതങ്ങള്‍ ഇങ്ങനെയുണ്ടാകുന്നതാണ്.
സന്ധിവാതം എങ്ങനെ തടയാം?
ചില സന്ധിവാതങ്ങള്‍ പ്രത്യേക ശ്രദ്ധ കൊടുത്താല്‍ തടയാന്‍ സാധിക്കുമെങ്കിലും മറ്റ് ചിലത് തടയാന്‍ പ്രയാസമാണ്. കൃത്യമായ വ്യായാമം ചെയ്യുക, ശരീരഭാരം കുറയ്ക്കുക, തെറ്റായ ഇരിപ്പ്
രീതികള്‍ ഉപേക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയാനാകും. ഇത് പോലെ തന്നെ ഗൌട്ടും ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ തടയാവുന്ന രോഗമാണ്.
എന്നാല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള ഗൌരവമായ സന്ധിവാതങ്ങള്‍ തടയാന്‍ പ്രയാസമാണ്. ഇവയുടെ കാരണം ജനിതകമാണ്. ജീനുകളെ മാറ്റിമറിക്കാനോ നീക്കം ചെയ്യാനോ സാധ്യമല്ലാത്തത് കൊണ്ടുതന്നെ ഈ വിധത്തിലുള്ള സന്ധിവാതങ്ങള്‍ പൂര്‍ണമായും തടയാന്‍ പ്രയാസമാണ്. എന്നാല്‍ രോഗവിവരം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.
Your writing is perfect and complete. baccarat online However, I think it will be more wonderful if your post includes additional topics that I am thinking of. I have a lot of posts on my site similar to your topic. Would you like to visit once?