spot_img

ആര്‍ത്രൈറ്റിസിനെ അറിയാം, പ്രതിരോധിക്കാം; അശാസ്ത്രീയ ചികിത്സക്ക് പുറകെ പോകാതിരിക്കുക

ഒക്ടോബര്‍ 12 ലോക ആര്‍ത്രൈറ്റിസ് ദിനമാണ്. നമ്മുടെ ഇന്നത്തെ ആരോഗ്യ സംവിധാനത്തില്‍ ഈ ദിനാചരണത്തിന് വലിയ പങ്കുണ്ട്. ആര്‍ത്രൈറ്റിസ് എന്നാല്‍ സന്ധി വാതം, പ്രായം കൊണ്ടും അല്ലാതെയും സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനം തുടങ്ങിയവയാണ്. ഇത് നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് ആവശ്യമാണ്. ഒരുപാട് പേരെ ബാധിക്കുന്ന അസുഖമാണെങ്കിലും, ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സയുണ്ടെങ്കിലും ഈ അസുഖത്തെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകള്‍ ആളുകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. അതു കൊണ്ടു തന്നെ പലപ്പോഴും അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പിന്തുടരാനും അതിനായി ധാരാളം സമയവും പണവും അനാവശ്യമായി ചെലവാക്കാനും സാധ്യതയുണ്ട്. അത്തരം അശാസ്ത്രീയ ചികിത്സകളുടെ പുറകേ പോകുന്നതിനെ തുടര്‍ന്ന് വിലപ്പെട്ട സമയം നഷ്ടപ്പെടുകയും രോഗനിര്‍ണ്ണയം വൈകുകയും അതുവഴി ചികിത്സ വൈകുകയും ചെയ്യുന്നു. പലരും പലപ്പോഴും നടക്കാനോ മറ്റു ചലനങ്ങള്‍ക്കും വയ്യാതാകുന്ന അവസ്ഥയിലാണ് അത്തരം ചികിത്സാ രീതികള്‍ വിട്ട് മോഡേണ്‍ മെഡിസിനിലേക്ക് വരുന്നതു തന്നെ. അതു കൊണ്ടു തന്നെ ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളെക്കുറിച്ച് കൃത്യമായ വിവരം ജനങ്ങളിലെത്തിക്കാന്‍ ഇത്തരം ദിനാചരണങ്ങള്‍ ഉപയോഗപ്രദമാണ്.

സന്ധികളെ സംബന്ധിക്കുന്ന രോഗങ്ങള്‍ പലതാണ്. സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനം ആണ് പ്രധാന പ്രശ്നം. പ്രായം കൊണ്ടും അല്ലാതെയും തേയ്മാനം സംഭവിക്കാം. സന്ധികളിലെ ലോലമായ തരുണാസ്ഥിയ്ക്ക് തേയ്മാനം ഉണ്ടാകുന്നതാണ് ഇതിനു കാരണം. ഇടുപ്പെല്ലിനും മുട്ടെല്ലിനുമെല്ലാം ഈ പ്രയാസം ഉണ്ടാകാറുണ്ട്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയും. സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ രോഗം വരുന്നതിനു മുന്നേ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

സമ്മര്‍ദ്ദപൂര്‍ണ്ണമായ ജീവിതരീതി പരമാവധി ഒഴിവാക്കുന്നത് ആര്‍ത്രൈറ്റിസിനു മാത്രമല്ല ഏതു രോഗത്തിന്റെ പ്രതിരോധത്തിനും ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരേണ്ടതും സന്ധികളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത്, ധാന്യങ്ങളുടെ അല്ലെങ്കില്‍ പ്രോട്ടീനുകളുടെ അളവ് കൂടുന്നത് അനാരോഗ്യകരമാണ്. സന്തുലിതമായ ഭക്ഷണ ശൈലിയാണ് ആവശ്യം. ഓരോ വ്യക്തിക്കും അവരുടെ ജീവിത രീതിയനുസരിച്ചുള്ള ഭക്ഷണമാണ് ആവശ്യം. അനാവശ്യമായി ഭക്ഷണം കഴിക്കുന്നതും അമിതഭാരം ഉണ്ടാകുന്നതും ഒഴിവാക്കുക. കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിച്ചിരിക്കണം.

ആവശ്യത്തിന് കൃത്യമായ വ്യായാമം ചെയ്യേണ്ടതും സന്ധികളുടെ മാത്രമല്ല, സമഗ്ര ആരോഗ്യത്തിന് ആവശ്യമാണ്. എന്നാലിന്ന് മുതിര്‍ന്നവര്‍ക്കോ കുട്ടികള്‍ക്കോ കൃത്യമായ വ്യായാമമില്ല. മുതിര്‍ന്നവര്‍ ദിവസവും അര മണിക്കൂര്‍ നടക്കുകയെങ്കിലും വേണം. കുട്ടികള്‍ ദിവസവും ഒരു മണിക്കൂര്‍ ഓടിക്കളിക്കണം.

രോഗം ബാധിച്ചു കഴിഞ്ഞതിന്റെ പ്രധാന ലക്ഷണം വേദനയാണ്. കൈ-കാല്‍ മുട്ടുകളിലോ, കഴുത്തിലോ നടുവിനോ, തോളിലോ ഉണ്ടാകുന്ന വേദനകളായാണ് ആദ്യം രോഗം പ്രത്യക്ഷപ്പെടുക. സന്ധികളില്‍ വീക്കം, രൂപവ്യത്യാസം, ചലനത്തിനു പ്രയാസം തുടങ്ങിയവയുമുണ്ടാകും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് രോഗം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണം. രോഗം തിരിച്ചറിഞ്ഞാലുടനെ തന്നെ ചികിത്സ ആരംഭിക്കുകയും വേണം. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഇപ്പോള്‍ പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലും കണ്ടു വരുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയപ്പെടേണ്ടതുണ്ട്. സന്ധി രോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്ന തെറ്റിദ്ധാരണയുണ്ട്. അതിനാല്‍ നിരവധിയാളുകള്‍ ബദല്‍ ചികിത്സാ മാര്‍ഗങ്ങളില്‍ വിശ്വസിച്ച് സമയവും പണവും ആയുസ്സും നഷ്ടപ്പെടുത്തുന്നു. മോഡേണ്‍ മെഡിസിനില്‍ ആര്‍ത്രൈറ്റിസിന് ചികിത്സയുണ്ടെന്നതാണ് വാസ്തവം. എല്ലാ ആര്‍ത്രൈറ്റിസും ചികിത്സിച്ചു ഭേദമാക്കാവുന്നവയല്ല. ചിലത് പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതും ചിലത് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നവയുമാണ്. രോഗലക്ഷണങ്ങള്‍ പരമാവധി കുറച്ചു കൊണ്ടു വന്ന് സ്ഥിരമായി ചികിത്സ നല്‍കി രോഗം നിയന്ത്രിച്ചു നിര്‍ത്തി രോഗിയുടെ ദൈനംദിന ജീവിതം അനായാസകരമാക്കുന്നതാണ് രണ്ടാമത്തെ രീതി.

ആര്‍ത്രൈറ്റിസിനെക്കുറിച്ചുള്ള തെറ്റായ ധാരണകളകറ്റി ശരിയായ ചികിത്സ നേടി എല്ലാവരും ആരോഗ്യത്തോടെയിരിക്കാന്‍ ഈ ദിനം നമ്മളോട് ആഹ്വാനം ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.