കേക്ക് കഴിക്കാമോ ഇല്ലയോ എന്നത് പൊതുവായി എല്ലാവര്‍ക്കുമുള്ള സംശയമാണ്. കേക്ക് വളരെ അപകടകരമാണ്, കഴിക്കാന്‍ പാടില്ല എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നുമില്ല. കേക്ക് കഴിക്കുന്നതില്‍ കുഴപ്പമില്ല, അറിഞ്ഞ് കഴിക്കണമെന്നേയുള്ളൂ.
ഒരു കിലോ പാക്കുകളിലാണ് പൊതുവെ കേക്കുകള്‍ ലഭിക്കുന്നത്. ഒരു കിലോയുടെ കേക്ക് 10 കഷ്ണങ്ങളായി വിഭജിച്ചാല്‍ ഓരോ കഷ്ണവും 100 ഗ്രാം വീതമുണ്ടാകും. 100 ഗ്രാമിന്റെ ഒരു പീസ് കേക്കില്‍ 400 മുതല്‍ 500 വരെ കലോറിയുണ്ട്. ഈ 100 ഗ്രാം കേക്കില്‍ 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, അതില്‍ത്തന്നെ 40 ഗ്രാം ഷുഗര്‍, 30 ഗ്രാം ഫാറ്റ്, 10-20 ഗ്രാം പ്രോട്ടീന്‍ എന്നിങ്ങനെയാണ് അടങ്ങിയിരിക്കുന്നത്. കേക്കില്‍ കൊഴുപ്പുണ്ടോ എന്നു സംശയിക്കണ്ട. കേക്കില്‍ കൊഴുപ്പുണ്ട്. വളരെ ചെറിയ അളവില്‍ അയണ്‍, മൈക്രോ ന്യൂട്രിയന്റ്സ് എന്നിവയും ഉണ്ടാകാം.
100 ഗ്രാമിന്റെ 4 പീസ് കേക്ക് ഒരാള്‍ കഴിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അത് ഏകദേശം 2000 കലോറിയോളം വരും. അതായത് ഒരു ദിവസം നമുക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജം (കലോറി) അയാള്‍ കേക്കില്‍ നിന്നു മാത്രം കഴിക്കുന്നുവെന്ന് അര്‍ത്ഥം.
കേക്കില്‍ കാര്‍ബോഹൈഡ്രേറ്റും അതില്‍ത്തന്നെ ഷുഗറുമാണ് കൂടുതലുള്ളത് എന്നതുകൊണ്ട് പ്രമേഹരോഗികള്‍ ശ്രദ്ധിക്കണം. കുറച്ചു മാത്രം കഴിക്കുന്നതാണ് നല്ലത്. കൂടാതെ കേക്ക് വാങ്ങുമ്പോഴും കഴിക്കുമ്പോഴും ഗുണനിലവാരമുള്ളത് നോക്കി വാങ്ങുകയും കഴിക്കുകയും ചെയ്യുക.
കേക്ക് കഴിക്കാം. പക്ഷേ അളവറിഞ്ഞ്, പോഷകമൂല്യമറിഞ്ഞ് കഴിക്കണമെന്നു മാത്രം.