spot_img

ലോക മലമ്പനി ദിനാചരണം ഏപ്രില്‍ 25

2007 മുതല്‍ ലോകാരോഗ്യ സംഘടന ഓരോ വര്‍ഷവും ഏപ്രില്‍ 25 ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ലോക രാജ്യങ്ങള്‍ ഇതു വരെ മലമ്പനിക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളും ഇനി തുടരേണ്ട കാര്യങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സ്യഷ്ടിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

ഈ വര്‍ഷത്തെ മലമ്പനി ദിനാചരണ സന്ദേശം മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം  എന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ ആരോഗ്യ വകുപ്പിനോടൊപ്പം ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിട വിട്ടുള്ള ദിവസങ്ങളിലോ, മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായികരുതാം. ഇതോടൊപ്പം മനം പുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി പ്രത്യക്ഷപ്പെടാറുണ്ട്.

മലമ്പനി രോഗാണുക്കള്‍

പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഏക കോശ പരാദ ജീവകളാണ് മലമ്പനിയുണ്ടാക്കുന്നത്. അതില്‍ അഞ്ച് ഉപവിഭാഗങ്ങള്‍ ഉണ്ട് . പ്ലാസ്‌മോഡിയം ഫാല്‍സിപാരം, പ്ലാസ്‌മോഡിയം ഒവെയില്‍, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോവല്‍സി, പ്ലാസ്‌മോഡിയം വൈവാക്‌സ് എന്നിവയാണ് ഉപ വിഭാഗങ്ങള്‍. ഇന്ത്യയില്‍ പ്രധാനമായും പ്ലാസിമോഡിയം ഫാല്‍സിപാരം, പ്ലാസ്‌മോഡിയം വൈവാക്‌സ് എന്നീ വിഭാഗങ്ങളാണ് മലമ്പനിക്ക് കാരണമാകുന്നത്. ചിലരില്‍ ഈ രണ്ട് രോഗാണുക്കളും രോഗ കാരണമാകാറുണ്ട്.

രോഗപ്പകര്‍ച്ച

അനോഫിലിസ് പെണ്‍ കൊതുകുകള്‍ മുഖേന പകരുന്ന ഒരു രോഗമാണ് മലമ്പനി. ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിന് രോഗം പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗ ബാധയുള്ളയാളിന്റെ രക്തം സ്വീകരിക്കുന്നത് വഴിയും രോഗ പകര്‍ച്ചയുണ്ടാകാം. മലമ്പനി ബാധിച്ച ഒരാളെ കൊതുകുകള്‍ കടിക്കുമ്പോള്‍ രോഗാണുക്കള്‍ കൊതുകിന്റെ ശരീരത്തില്‍ എത്തുകയും നിശ്ചിത ദിവസത്തിനുശേഷം കൊതുക് മറ്റൊരു വ്യക്തിയെ കടിക്കുമ്പോള്‍ അയാളിലേക്ക് രോഗാണുക്കള്‍ പകരുകയുമാണ് ചെയ്യുന്നത്.

രോഗ സ്ഥിരീകരണം

രക്ത സ്മിയര്‍ പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. കൈ വിരലുകളില്‍ നിന്നും എടുക്കുന്ന രണ്ടോ മൂന്നോ തുള്ളി രക്തം മതിയാകും സ്മിയര്‍ പരിശോധയ്ക്ക് ഇത് മൈക്രോസ്‌കോപ്പില്‍ കൂടി നോക്കി ഏത് വിഭാഗത്തില്‍പ്പെട്ട മലമ്പനിയാണെന്ന് കണ്ടു പിടിക്കാനാകും.

പ്ലാസ്‌മോഡിയം ഫാല്‍സിപാരം, വൈവാക്‌സ് എന്നിവ തരം തിരിച്ച് അറിയുവാന്‍ സാധിക്കുന്ന ബൈവാലന്റ് ആര്‍.ഡി.റ്റി. കിറ്റുകളും (ദ്രുതപരിശോധനാകിറ്റുകള്‍) സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരിശോധനകള്‍ തികച്ചും സൗജന്യമാണ്.

മലമ്പനിയുടെ ലക്ഷണങ്ങള്‍ക്ക് മറ്റ് പനിയുടെ ലക്ഷണമായി സാമ്യമുള്ളതിനാല്‍ പനി മലമ്പനിയല്ലെന്നുള്ളത് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവരിലും അതിഥി തൊഴിലാളികളിലും.

ചികിത്സാ മാര്‍ഗ്ഗങ്ങള്‍

മലമ്പനിക്ക് ഫലപ്രദമായ സമ്പൂര്‍ണ്ണ ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. ഫാല്‍സി പാരം മലമ്പനിക്ക് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചികിത്സയും, വൈവാക്‌സ് മലമ്പനിക്ക് പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ചികിത്സയുമാണ് നല്‍കുന്നത്. രണ്ടു തരം രോഗാണുകളും ഒരുമിച്ച് കാണുന്നവരില്‍ പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ചികിത്സ നല്‍കുന്നുണ്ട്. പനിയുള്ളവര്‍ എത്രയും പെട്ടെന്ന് രക്ത പരിശോധന നടത്തി രോഗം കണ്ടു പിടിച്ച് ശരിയായ ചികിത്സ ഉറപ്പു വരുത്തണം.

രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

1. രോഗം എത്രയും നേരത്തേ കണ്ടുപിടിച്ച് സമ്പൂര്‍ണ്ണ ചികിത്സ ഉറപ്പാക്കുക.
2. കൊതുക് കടി ഏല്‍കാതിരിക്കാനായി വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.
3. ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്ര ധാരണം രാത്രി കാലങ്ങളില്‍ ശീലമാക്കുക.
4. കൊതുക് വല കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍, വൈദ്യുത റിപ്പലന്റുകള്‍, കൊതുക് തിരികള്‍ എന്നിവ ഉപയോഗിക്കുക.
5. വീടുകളുടെ ജനലുകളിലും, വാതിലുകളിലും കൊതുക് കടക്കാത്ത വിധത്തിലുള്ള കമ്പി വലകള്‍ ഘടിപ്പിക്കുക.

കൊതുകിന്റെ ഉറവിട നശീകരണം

മലമ്പനിയുണ്ടാകുന്ന കൊതുകുകള്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ ഉറവിട നശീകരണം കാര്യക്ഷമമാക്കണം. വെള്ളം സംഭരിച്ച് വെച്ചിരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ കൊതുക് കടക്കാത്ത വിധം കൊതുക് വലയോ തുണിയോകൊണ്ട് മൂടുകയോ അടച്ച്‌ സൂക്ഷിക്കുകയോ ചെയ്യണം. വെള്ളം കെട്ടി നില്‍കുന്നത് ഒഴുക്കി കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം.

ആഴം കുറഞ്ഞ കിണറുകളില്‍ ഗപ്പി, ഗാംബൂസിയ തുടങ്ങിയ കൂത്താടികളെ തിന്നുന്ന ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കൊതുക് കടക്കാത്ത വിധം വലകൊണ്ട് മൂടി സൂക്ഷിക്കുകയോ ചെയ്യണം.

തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൂത്താടികള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ കൊതുക് നാശിനികള്‍ തളിക്കുകയോ ബോട്ടുകള്‍ കമഴ്ത്തി ഇടുകയോ ചെയ്യുക.

റോഡ്/കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും വീപ്പകളിലും കൊതുക് വളരുന്നില്ല വന്ന് ഉറപ്പവരുത്തുക.

രോഗനിയന്ത്രണം

ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ മറ്റു കുടുംബാഗങ്ങളുടെയും ചുറ്റുമുള്ള അന്‍പത് വീട്ടുകളില്‍ ഉള്ളവരുടെയും രക്ത പരിശോധന നടത്തി രോഗപ്പകര്‍ച്ച സാധ്യത ഉറപ്പ് വരുത്തേണ്ടതാണ്‌. പത്ത് ദിവസത്തിനുള്ളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളായ ഐ.ആര്‍.എസ്.(ചുമരില്‍ കീടനാശിനി തളിക്കുന്നത്), ഐ.എസ്.എസ്., ഫോഗിംഗ് എന്നീ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.  ഇതിനായി പൊതുജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കേണ്ടതാണ്.

ശ്രദ്ധിക്കുക

മലമ്പനി രോഗനിര്‍ണ്ണയവും മലമ്പനിക്കുള്ള ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. പനിയുള്ളപ്പോള്‍ രക്തം പരിശോധിച്ച് മലമ്പനി അല്ലെന്ന് ഉറപ്പ് വരുത്തുക. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം മലമ്പനിയുടെ ചികിത്സ പൂര്‍ണ്ണമായി എടുക്കുക.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്ന് 2020 ഒടെ തദ്ദേശീയ മലമ്പനി ഇല്ലാതാക്കുവാനും, മലമ്പനി മൂലമുണ്ടാകുന്ന മരണം ഇല്ലാതാക്കുന്നതിനുമാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കായി ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശ സ്വയം ഭരണവകുപ്പിന്റെയും, ഇതര വകുപ്പുകളുടയെും, ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.