പുഡിംഗ്, കേക്ക്, എന്നിങ്ങനെ പല ഭക്ഷണങ്ങളും ഉണ്ടാക്കുമ്പോള്‍ അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിയുന്നത് പതിവാണ്. ഇവ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. വ്യത്തിയായി ഭക്ഷണം തയ്യാറാക്കാനും പാചകം എളുപ്പമാക്കാനും അലുമിനിയം ഫോയിലുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ അലുമിനിയം ഫോയിലില്‍ അടങ്ങിയിരിക്കുന്ന മെറ്റല്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അലുമിനിയം ഫോയിലിലെ മെറ്റല്‍ ഭക്ഷണത്തില്‍ കലരുന്നു
അലുമിനിയം ഫോയില്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഫോയിലിലെ മെറ്റല്‍ ഭക്ഷണങ്ങളില്‍ കലരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും തുടര്‍ച്ചയായി ഫോയിലില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ മെറ്റല്‍ ഭക്ഷണത്തില്‍ കലരുകയും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം മെറ്റലുകള്‍ തുടര്‍ച്ചയായി ശരീരത്തിനുള്ളില്‍ എത്തുന്നത് വളരെ അപകടമാണ്. ഭക്ഷണത്തിന്റെ അസിഡിറ്റി, ഏത് താപനിലയിലാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നതെല്ലാം ഫോയിലിലെ മെറ്റല്‍ ഭക്ഷണത്തില്‍ കൂടുതലായി കലരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അലുമിനിയം ഫോയില്‍ ഉപയോഗിച്ച് വലിയ താപനിലയില്‍ കുറച്ച് സമയം ഭക്ഷണം പാകം ചെയ്താലും മെറ്റല്‍ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തില്‍ അലുമിനിയത്തിന്റെ അളവ് എത്രവേണം
WHO യുടെ കണക്ക് പ്രകാരം ഭക്ഷണം, വെള്ളം, മരുന്നുകള്‍ എന്നിവയിലെല്ലാം അലുമിനിയത്തിന്റെ സാന്നിധ്യം ഉണ്ട്. ഇത് പലപ്പോഴും ഒഴിവാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ശരീര ഭാരം അനുസരിച്ച് ആഴ്ചയില്‍ രണ്ട് മില്ലിഗ്രാം അലുമിനിയം ശരീരത്തില്‍ എത്തുന്നത് അത്ര വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറില്ല. ഇങ്ങനെ ചെറിയ തോതില്‍ ശരീരത്തില്‍ എത്തുന്ന അലുമിനിയം മൂത്രത്തിലൂടെയും മറ്റുമായി ശരീരം തന്നെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ ശരീരത്തില്‍ അലുമിനിയത്തിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്.
ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല, എങ്കിലും ശ്രദ്ധ വേണം
അവശ്യ ഘട്ടങ്ങളില്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നിരുന്നാലും ശരീരത്തിനുള്ളില്‍ അലുമിനിയത്തിന്റെ അളവ് വര്‍ധിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഭക്ഷണം, വെള്ളം, എന്നിവയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന അലുമിനിയത്തോടൊപ്പം ഫോയില്‍ വഴിയും അലുമിനിയം ശരീരത്തില്‍ എത്തുന്നത് ഇതിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു. ചായ, ബേക്കിങ് പൗഡര്‍, പ്രോസസ്ഡ് ചീസ് എന്നിവയില്‍ അലുമിനിയത്തിന്റെ അംശം കൂടുതലായിരിക്കും.
അലുമിനിയത്തിന്റെ അളവ് കൂടിയാലുള്ള പ്രശ്നങ്ങള്‍
ഭക്ഷണം, വെള്ളം എന്നിവയിലൂടെ അലുമിനിയം ചെറിയ അളവില്‍ ശരീരത്തില്‍ എത്തുന്നുണ്ട്. ഇവയുടെ അളവ് കൂടുന്നത് ഡിമെന്‍ഷ്യ, മാനസിക പ്രശ്നങ്ങള്‍ തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. കേന്ദ്രനാഢീ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കാന്‍ കാരണമാകുന്നു. അലുമിനിയത്തിന്റെ അംശം ശരീരത്തില്‍ വര്‍ധിക്കുന്നത് ഡിമെന്‍ഷ്യയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ബാധിക്കാനും കോശങ്ങളുടെ വളര്‍ച്ച മരവിപ്പിക്കാനും അലുമിനിയത്തിന് സാധിക്കും. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ശരീരത്തിലെ അലുമിനിയത്തിന്റെ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. ചിലതരം വൃക്കരോഗങ്ങള്‍ക്ക് കാരണവും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന അമിതമായ അലുമിനിയത്തിന്റെ സാന്നിധ്യമാണ്. മൂന്ന് മാസം കൂടുമ്പോള്‍ കിഡ്നി ചെക്കപ്പുകള്‍ നടത്തണമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. പ്രായമായവരില്‍ അലുമിനിയത്തിന്റെ അളവ് കൂടുതലാണെങ്കില്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
ഉപയോഗം കുറയ്ക്കുക
അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കുന്നതിലൂടെ അപകട സാധ്യതയും കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനായി സ്റ്റെയ്ന്‍ലെസ് ഗ്രില്ലിങ് ബാസ്കെറ്റുകള്‍ ഉപയോഗിക്കുക, ഫോയിലിന് പകരം ബേക്കിങ് ട്രേകള്‍ ഉപയോഗിച്ചും ഭക്ഷണം പാകം ചെയ്യാം. ഫോയിലുകളില്ലാതെ ഭക്ഷണം പാകം ചെയ്യാനാവില്ല എന്ന തെറ്റിദ്ധാരണ ഒഴിവാക്കുക. അലുമിനിയം ഫോയിലുകള്‍ ഇല്ലെങ്കിലും നന്നായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുക.