കുട്ടി എന്നത് ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വലിയ സ്വപ്നമാണ് എന്നാല്‍ വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി ദമ്പതികളും വ്യക്തികളും നമുക്ക് ഇടയില്‍ ഉണ്ട്. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടി ചികിത്സ നേടുന്നവരും നമ്മുടെ നാട്ടില്‍ നിരവധിയാണ്. ഭീമമായ തുക ചിലവഴിച്ച് ചികിത്സ നടത്തിയിട്ടും കുരുന്നിനെ ലഭിക്കാത്ത വിഷമത്തിലാണ് പല രക്ഷിതാക്കളും. അതോടൊപ്പം തന്നെ പല കാരണത്താല്‍ വിവാഹം കഴിക്കാന്‍ സാധിക്കാത്തവ രും വിവാഹ ബന്ധം വേര്‍പെടുത്തിയവരും പങ്കാളി മരണപെട്ടവരും സ്വന്തമായി കുട്ടികളെ വളര്‍ത്താനും സംരക്ഷിക്കാനും ആഗ്രഹം ഉള്ളവരും നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. ഇത്തരത്തില്‍ കുട്ടികളെ സ്ഥിരമായി ഏറ്റെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും നമ്മുടെ രാജ്യത്ത് അതിന് ആവശ്യമായ നിയമം നിലവിലുണ്ട്.അതില്‍ വളരെ പ്രധാനപ്പെട്ട ഒരേഒരു മാര്‍ഗമാണ് ദത്തെടുക്കല്‍ എന്നത്. ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങള്‍ ആണ് സമൂഹത്തില്‍ ഉള്ളത്.ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നത് മൂലം പല രക്ഷിതാക്കളും ദത്തെടുക്കല്‍ എന്ന പ്രക്രിയയോട് താല്‍പ്പര്യം പ്രകടിപ്പിക്കാതെ നില്‍ക്കുകയാണ്.മാത്രവുമല്ല ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.ഇതെല്ലം കാണിക്കുന്നത് ദത്തെടുക്കലുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള അജ്ഞതയാണ്. നിലവില്‍ ഇന്ത്യയില്‍ ദത്തെടുക്കല്‍ പ്രക്രിയ നടന്നു വരുന്നത് ഓണ്‍ലൈന്‍ മുഖേനയാണ്(WWW.CARA.NIC.IN).
എന്താണ് ദത്തെടുക്കല്‍ ?
ജന്മം നല്‍കിയ രക്ഷിതാക്കള്‍ക്ക് വിവിധ സാഹചര്യങ്ങളില്‍ കുട്ടിയെ വളര്‍ത്താന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ സ്ഥിരമായി കുട്ടിയെ വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമ പരമായ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്യങ്ങളും ബാല നീതി നിയമം 2015 പ്രകാരം കുഞ്ഞിന് ലഭ്യമാകുകയും ചെയ്യുന്ന നടപടിയാണ് ദത്തെടുക്കല്‍ .
ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങള്‍
നിലവില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണ് ബാല നീതി നിയമം അഥവാ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ്.ഈ നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടാണ് ഇന്ത്യയില്‍ ദത്തെടുക്കല്‍ പ്രക്രിയ നടന്നു വരുന്നത്. അതോടൊപ്പം തന്നെ ദത്തെടുക്കലിനെ കുറിച്ച് കേന്ദ്ര ബാല നീതി ചട്ടം 2016, ദത്തെടുക്കല്‍ മാര്‍ഖരേഖ 2017 എന്നിവയിലും വിശദമായി പ്രതിബാധിക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹിന്ദു അഡോപ്ഷന്‍ മൈന്റനിസ് ആക്ട് പ്രകാരവും കുട്ടികളെ ദത്തെടുക്കല്‍ സാധ്യമാണ് .
ആര്‍ക്കെല്ലാം കുട്ടികളെ ദത്തെടുക്കാം?
ശാരീരികമായോ മാനസികമായോ വൈകാരികമായോ പ്രയാസങ്ങള്‍ / രോഗങ്ങള്‍ അനുഭവിക്കാത്ത രക്ഷിതാക്കള്‍.
സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കാത്ത രക്ഷിതാക്കള്‍.
വിവാഹിതരാവാത്ത വ്യക്തികള്‍ ( സ്ത്രീ ആണ് കുട്ടിയെ ദത്തെടുക്കുന്നത് എങ്കില്‍ ആണ്‍ കുട്ടിയേയും പെണ്‍ കുട്ടിയേയും ദത്തെടുക്കാം ; പുരുഷന്‍ ആണ് ദത്തെടുക്കുന്നത് എങ്കില്‍ ആണ്‍ കുട്ടിയെ മാത്രം ദത്തെടുക്കാം )
രണ്ടു വര്‍ഷത്തില്‍ കുറയാത്ത വിവാഹ ബന്ധം പുലര്‍ത്തുന്ന ദമ്പതികള്‍.
സ്വന്തമായി രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്ക് വരെ കുട്ടികളെ ദത്തെടുക്കാം
ദത്തെടുക്കുന്നതിന് രക്ഷിതാക്കളുടെയും വ്യക്തികളുടെയും പ്രായം പരിഗണിക്കുന്നുണ്ട്. ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാവുന്ന പരമാവധി പ്രായം 110 ആണ് ( രണ്ടു പേരുടെയും ഉള്‍പ്പടെ ) വ്യക്തിയുടേത് 55 വയസ്സ് ആണ്.
ഏതു പ്രായത്തില്‍ ഉള്ള കുട്ടികളെയാണ് ദത്തെടുക്കാന്‍ സാധിക്കുക ?
ദത്തെടുക്കലുമായി ബന്ധപ്പെട്ട് എല്ലാ രക്ഷിതാക്കള്‍ക്കും ഉള്ള ഏറ്റവും വലിയ ഒരു ആശങ്കയാണ് ഏതു പ്രായത്തില്‍ ഉള്ള കുട്ടികളെയാണ് ദത്തെടുക്കല്‍ പ്രകാരം ലഭിക്കുക എന്നത്. മാത്രവുമല്ല എല്ലാ രക്ഷിതാക്കള്‍ക്കും ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളെയാണ് ദത്തെടുക്കാന്‍ താല്‍പ്പര്യം . എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രായത്തെ സംബന്ധിച്ച് ബാല നീതി നിയമത്തിലും മേല്‍ നിയമത്തിന് അനുസൃതമായി വന്ന അഡോപ്ഷന്‍ ഗൈഡ് ലൈനിലും കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ദത്തെടുക്കുന്ന കുട്ടിയുടെയും ഏറ്റെടുക്കുന്ന രക്ഷിതാക്കളുടെയും തമ്മിലുള്ള പ്രായ വ്യത്യാസം 25 വയസ്സില്‍ കുറയാന്‍ പാടില്ല . ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് രക്ഷിതാക്കള്‍ക്കുള്ള വയസ്സാണ് ദത്തെടുക്കലിന്‍ പരിഗണിക്കുന്നത്.രക്ഷിതാക്കളുടെ പ്രായത്തിന് അനുസരിച്ചുള്ള കുട്ടികളുടെ പ്രായം ചുവടെ ചേര്‍ക്കുന്നു
- കുട്ടിയുടെ വയസ്സ്
- ദമ്പതികളുടെ സംയുക്തമായ പരമാവധി വയസ്സ്
- വ്യക്തിയുടെ
- പരമാവധി വയസ്സ്
- പൂജ്യം മുതല്‍ നാല് വയസ്സ് വരെ
- 90 വയസ്സ്
- 45 വയസ്സ്
- നാല് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ
- 100 വയസ്സ്
- 50 വയസ്സ്
- എട്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ
- 110 വയസ്സ്
- 55 വയസ്സ്
ദത്തെടുക്കലിന് ആവശ്യമായ രേഖകള്‍
- ദമ്പതികള്‍ / വ്യക്തികള്‍ എന്നിവരുടെ നിലവിലെ ഫോട്ടോ
- പാന്‍ കാര്‍ഡ്
- ജനന സര്‍ട്ടിഫിക്കറ്റ് / ജനന തിയതി തെളിയിക്കുന്ന രേഖ
- മേല്‍ വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡ്,വോട്ടര്‍ ഐ ഡി കാര്‍ഡ് , പാസ്സ്പോര്‍ട്ട് ,)
- വരുമാന സര്‍ട്ടിഫിക്കറ്റ്
- മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
- വിവാഹ സര്‍ട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നത് )
- വിവാഹ മോചന പത്രം ,പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ആവശ്യമായ കേസില്‍ )
റഫറന്‍സ് ലെറ്റര്‍ (2) - 5 വയസ്സില്‍ കൂടുതല്‍ ഉള്ള കുട്ടി ഉണ്ടെകില്‍ കുട്ടിയുടെ സമ്മത പത്രം
ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ എന്തല്ലാം ?
ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍/വ്യക്തികള്‍ WWW.CARA.NIC.IN എന്ന വെബ് സൈറ്റില്‍ PARENTS എന്ന ലിങ്കു മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ലിംഗം , കുട്ടിയെ ഏത് സംസ്ഥാനത്തില്‍ നിന്നാണ് എടുക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടിയെ ദത്തെടുക്കാന്‍ സാധിക്കും അല്ലാത്ത പക്ഷം രക്ഷിതാക്കള്‍ ആഗ്രഹിക്കുന്ന നിശ്ചിത സംസ്ഥാനങ്ങളെയും ദത്തെടുക്കുന്നതിനായി രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതിന് സൗകര്യം ഉണ്ട്. രജിസ്ട്രേഷന്‍ സമയത്ത് ലഭിക്കുന്ന യൂസര്‍ ഐ ഡി, പാസ്സ്വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് വെബ് സൈറ്റ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കേണ്ടത്. ദത്തെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ കുടുംബ , സാമ്പത്തിക, സാമൂഹിക അവസ്ഥ വിലയിരുത്തുന്നതിനായി രജിസ്ട്രേഷന്‍ സമയത്ത് ഹോം സ്റ്റഡി നടത്തുന്നതിനുള്ള അംഗീകൃത അഡോപ്ഷന്‍ ഏജന്‍സിയെ തിരഞ്ഞെടുക്കേണ്ടതാണ്. ദമ്പതികളുടെ/ വ്യക്തികളുടെ താമസസ്ഥലത്തിന് സമീപത്തുള്ള ഏജന്‍സിയാണ് ഹോം സ്റ്റഡിക്കായി തിരഞ്ഞെടുക്കേണ്ടത്. കേരളത്തില്‍ നിലവില്‍ 19 സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികള്‍ ഉണ്ട്. മലപ്പുറം ജില്ലയിലെ സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി മലപ്പുറം മൈലപ്പുറത്തുള്ള കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രമാണ്.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 30 ദിവസത്തിനകം മുകളില്‍ സൂചിപ്പിച്ച രേഖകള്‍ മേല്‍ വെബ് സൈറ്റില്‍ ഉള്ള ദമ്പതികളുടെ/ വ്യക്തികളുടെ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ അസാധു ആവുന്നതാണ്. രജിസ്ട്രേഷന്‍ സമയത്ത് തിരഞ്ഞെടുത്ത സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയില്‍ നിന്നുമുള്ള സോഷ്യല്‍ വര്‍ക്കര്‍ രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത് മുതല്‍ 30 ദിവസത്തിനകം ഹോം സ്റ്റഡി സംഘടിപ്പിച്ച് റിപ്പോര്‍ട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യും. സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയുടെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡോപ്ഷന്‍ പ്രകാരം കുട്ടിയെ ഏറ്റെടുക്കാന്‍ ദമ്പതികള്‍ / വ്യക്തികള്‍ യോഗ്യരാണോ അല്ലയോ എന്ന് തീരുമാനിക്കുക. രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് ഉള്‍പ്പടെ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളുടെ / വ്യക്തികളുടെ യും സീനിയോറിറ്റി തീരുമാനിക്കുന്നത്. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് കുട്ടികളുടെ ഫോട്ടോ, ചൈല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട്, വൈദ്യ പരിശോധന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് എന്നിവ കാര(CARAINGS) വെബ് സൈറ്റിലെ അക്കൗണ്ടിലൂടെ ദമ്പതികള്‍ക്ക് / വ്യക്തികള്‍ക്ക് കാണാവുന്നതാണ് .കുട്ടിയുടെ ഫോട്ടോയും രേഖകളും കണ്ടതിനു ശേഷം 48 മണിക്കൂറിനകം കുട്ടിയെ റിസേര്‍വ് ചെയ്യുന്നതിനായി ഓണ്‍ലൈനിലൂടെ തന്നെ പ്രതികരിക്കേണ്ടതാണ്.അല്ലാത്ത പക്ഷം കുട്ടിയെ റിസര്‍വ് ചെയ്യുന്നതിനുള്ള അവസരം നഷ്ടമാകുന്നതാണ്. കുട്ടിയുടെ മാച്ചിങ് പൂര്‍ത്തിയാവുന്ന മുറക്ക് കുട്ടി താമസിക്കുന്ന സ്ഥാപനത്തില്‍ വെച്ച് 20 ദിവസത്തിനകം അഡോപ്ഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്നതും ദത്തെടുക്കുന്ന രക്ഷിതാക്കള്‍ യോഗ്യരാണ് എന്ന് അഡോപ്ഷന്‍ കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന പക്ഷം കുട്ടിയെ പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ പ്രകാരം ദമ്പതികള്‍/ വ്യക്തികള്‍ എന്നിവര്‍ക്ക് കൈമാറുന്നതാണ്.
കുട്ടിയുടെ മാച്ചിങ് പൂര്‍ത്തിയായതിനു ശേഷം 10 ദിവസത്തിനകം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി ബന്ധപ്പെട്ട കുടുംബ കോടതിയില്‍ സമര്‍പ്പിക്കേണ്ടതും 2 മാസത്തിനകം കോടതിയില്‍ നിന്നും അഡോപ്ഷന്‍ ഉത്തരവ് ലഭ്യമാകുന്നതുമാണ്. കോടതിയില്‍ നിന്നുള്ള ഉത്തരവും ദത്തെടുത്ത രക്ഷിതാക്കളുടെ പേരും മേല്‍ വിലാസവും, കുട്ടിയുടെ പുതിയ പേരും ഉള്‍പ്പടെയുള്ള ജനന സര്‍ട്ടിഫിക്കറ്റും സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ദത്തെടുക്കുന്ന ദമ്പതികളുടെ / വ്യക്തികളുടെ ഹോം സ്റ്റഡി തയ്യാറക്കിയ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി കുട്ടിയെ അഡോപ്ഷനായി കൈമാറിയതു മുതല്‍ 6 മാസത്തെ ഇടവേളയില്‍ രണ്ടു വര്ഷം വരെ അഡോപ്ഷന്‍ ശേഷമുള്ള തുടര്‍ അന്വേഷണം നടത്തുന്നതാണ്.
ദത്തെടുക്കുന്നതിനുള്ള സാമ്പത്തിക ചിലവ്
- ഹോം സ്റ്റഡി സമയത്ത് സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയില്‍ നല്‍കേണ്ട തുക- 6000/-
- കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറുന്ന സമയത്ത് നല്‍കേണ്ട തുക- 24000/-
- കോടതിയില്‍ നിന്നുള്ള ഉത്തരവ് ലഭ്യമാവുന്ന സമയത്ത് നല്‍കേണ്ട തുക- 16000/-
- ആകെ തുക- 46,000/-
വിദേശത്ത് താമസിക്കുന്നവര്‍ക്കുള്ള ദത്തെടുക്കല്‍
വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനായി അതാതു രാജ്യങ്ങളിലെ അംഗീകൃത അഡോപ്ഷന്‍ ഏജന്‍സി മുഖേനയാണ് രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്.
ബന്ധുക്കള്‍ക്ക് ദത്തെടുക്കാന്‍ സാധിക്കുമോ?
ബാല നീതി നിയമ പ്രകാരം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കുട്ടിയെ ദത്തെടുക്കാവുന്നതാണ്.പ്രസ്തുത ദത്തെടുക്കല്‍ നടപടി ക്രമവും CARA വെബ് സൈറ്റ് പ്രകാരം തന്നെയാണ് നടത്തേണ്ടത്.കുട്ടിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സ്വന്തം രക്ഷിതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലോ സ്വമേധയാ കുട്ടിയെ ബന്ധുവിന് നല്‍കാന്‍ തയ്യാറാവുന്ന സാഹചര്യത്തിലോ സ്വന്തം രക്ഷിതാക്കളില്‍ പിതാവോ മാതാവോ അല്ലങ്കില്‍ രണ്ടു പേരുമോ മരണപ്പെട്ട സാഹചര്യത്തിലോ മേല്‍ നടപടി ക്രമം പ്രകാരം കുട്ടിയെ ബന്ധുക്കള്‍ക്ക് ദത്തെടുക്കാവുന്നതാണ്.
ദത്തെടുക്കാന്‍ സാധിക്കുന്ന ബന്ധുക്കള്‍ ആരെല്ലാം?
- മാതൃ സഹോദരന്‍
- മാതൃ സഹോദരി
- പിതൃ സഹോദരന്‍
- പിതൃ സഹോദരി
- പിതാവിന്റെയോ/മാതാവിന്റെയോ രക്ഷിതാക്കള്‍ (ഗ്രാന്‍ഡ്പേരെന്റ്‌സ്)
പ്രതേകം ശ്രദ്ധിക്കുക
ദത്തെടുക്കലിനുള്ള മുന്‍ഗണന എന്നത് രജിസ്റ്റര്‍ ചെയ്യുന്നതിന്റെയും രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ്. ആയതിനാല്‍ ദത്തെടുക്കല്‍ താല്‍പ്പര്യമുള്ളവര്‍ വളരെ വേഗത്തില്‍ മേല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക.
ദേശീയ തലത്തില്‍ ഏക ജാലകം വഴിയാണ് ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ നടന്നു വരുന്നത് . ആയതിനാല്‍ നേരത്തെയുള്ള രജിസ്ട്രേഷന്‍ കുട്ടികളെ വേഗത്തില്‍ ലഭിക്കാന്‍ കാരണമാകും . നിലവിലെ സഹചര്യത്തില്‍ ദത്തെടുക്കലിന് അര്‍ഹരായ കുട്ടികളുടെ എണ്ണം വളരെ കുറവും അപേക്ഷകരുടെ എണ്ണം വളരെ കൂടുതലുമാണ്. രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ രണ്ടു വര്‍ഷമെങ്കിലും അപേക്ഷകര്‍ കാത്തിരിക്കേണ്ടതുണ്ട്.
ലഭ്യത അനുസരിച്ച് 18 വയസ്സ് വരെയുളള കുട്ടികളെ ദത്തെടുക്കാവുന്നതാണ്. ദത്തെടുക്കലിനുള്ള രജിസ്ട്രേഷന്‍ നടത്തുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ബന്ധപ്പെടാവുന്നതാണ്.രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ സൗജന്യമാണ്.
വിവിധ സാമൂഹ്യ സാഹചര്യങ്ങളില്‍ അനാഥരായി പോവുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിലൂടെ ആ കുട്ടികള്‍ സനാഥരാവുകയും ഏറ്റെടുക്കുന്ന രക്ഷിതാക്കള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരവുമാണ് ദത്തെടുക്കല്‍ നടപടിയിലൂടെ സാധ്യമാവുന്നത്. ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപെടുക (9446 88 2775, 04832978888,[email protected])
തയ്യാറാക്കിയത്
ഫസല്‍ പുള്ളാട്ട്
പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്‍ ഐ സി
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് മലപ്പുറം