spot_img

അപകടമാണോ സൂര്യപ്രകാശം ?

ചില ദിവസങ്ങളില്‍ ഐ ലൈനറും ലിപ്സ്റ്റിക്കും വേണ്ടെന്നു വെച്ചാലും ഒരു ദിവസം പോലും വേണ്ടെന്നു വെക്കാനാവാത്ത, ബാഗിലിടാന്‍ മറക്കാത്ത ഒരു ബ്യൂട്ടി ഉല്‍പ്പന്നം പലര്‍ക്കും സണ്‍സ്‌ക്രീനായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികളെക്കുറിച്ചുള്ള പേടി അത്രയ്ക്കും ആഴത്തില്‍ നമ്മളില്‍ കയറിക്കൂടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തേക്കിറങ്ങുന്നത് നല്ല ഐഡിയയല്ല എന്ന് പലരും കരുതുന്നു. എന്നാല്‍ സണ്‍സ്‌ക്രീന്‍ കമ്പനികള്‍ പറയുന്നത്ര അപകടമാണോ സൂര്യപ്രകാശം ?

ശരീരത്തിന് സൂര്യപ്രകാശത്തിന്റെ ആവശ്യമെന്ത് ?

സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി ശരീരത്തില്‍ എല്ലുകള്‍, തലച്ചോര്‍, ഹൃദയം, പ്രോസ്‌റ്റേറ്റ് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഈ വിറ്റാമിന്‍ നാം സാധാരണ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലൊന്നും അടങ്ങിയിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെയും വളരെ കുറഞ്ഞ അളവിലായിരിക്കും. ശരീരത്തിനകത്ത് ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായാല്‍ മാത്രമേ ഭക്ഷണത്തില്‍ നിന്നുള്ള വിറ്റാമിന്‍ ഡി ഉപയോഗിക്കാനാവൂ. അതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴി. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെങ്കില്‍ ലോകജനസംഖ്യയുടെ 70 ശതമാനത്തെയും പോലെ നിങ്ങളും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

ശരീരത്തിന് എത്ര സൂര്യപ്രകാശം ആവശ്യമുണ്ട് ? 

ഇരുണ്ട ചര്‍മത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് കാര്യമായ അപകടമുണ്ടാക്കാന്‍ കഴിയില്ല. ത്വക്ക് എത്രത്തോളം ഇരുണ്ടതാകുന്നുവോ അത്രയ്ക്കും നല്ലതാണ്. ഒരു വ്യക്തിക്ക് 70 വയസ്സുവരെ ഉള്ള കാലയളവില്‍

ദിവസവും 600 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ ചര്‍മത്തിന് സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍, ശരീരത്തിന് ശരിക്കും എത്രത്തോളം സൂര്യപ്രകാശം ആവശ്യമാണ്, എത്ര സൂര്യപ്രകാശം അത് സ്വീകരിക്കുന്നു എന്നെല്ലാം അളക്കുക പ്രയാസമാണ്. പൊതുവെ അംഗീകരിക്കപ്പെട്ട രീതി വെളുത്ത ചര്‍മമുള്ളവര്‍ ദിവസവും സണ്‍സ്‌ക്രീന്‍ ഇല്ലാതെ 5-8 മിനിറ്റും തവിട്ട് / ബ്രൗണ്‍ നിറത്തിലെ ചര്‍മമുള്ളവര്‍ 15-20 മിനിറ്റും ഇരുണ്ട നിറമുള്ളവര്‍ കുറച്ചുകൂടി അധികസമയവും സൂര്യപ്രകാശമേല്‍ക്കുക എന്നതാണ്. 

ഏതു സമയത്ത് സൂര്യപ്രകാശമേല്‍ക്കാം ?

പകല്‍ 11 മണി മുതല്‍ 4 മണി വരെ സൂര്യപ്രകാശമേല്‍ക്കരുതെന്നാണ് പൊതുവെ പറഞ്ഞുകേള്‍ക്കാറ്. എന്നാല്‍ അടുത്തിടെ നടന്ന ചില പഠനങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിയോടടുത്ത് കുറച്ചു മിനിറ്റുകള്‍ വെയില്‍ കൊള്ളുന്നതാണ് ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാന്‍ നല്ലതെന്ന് കണ്ടെത്തുകയുണ്ടായി. കഠിനമായി വെയിലുള്ള പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ വളരെ കുറച്ച് സമയം മാത്രം വെയിലില്‍ നില്‍ക്കുക. 

സൂര്യപ്രകാശം അമിതമായാല്‍ ?

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മത്തില്‍ അര്‍ബുദമുണ്ടാകുന്നതിന്‌ കാരണമാകുന്നു. ചര്‍മത്തിലെ അര്‍ബുദം ഉണ്ടാകാന്‍ മറ്റ് കാരണങ്ങള്‍ ഉണ്ടെങ്കിലും ഇത് പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് തടയലാണ്. തീവ്രമായ സൂര്യപ്രകാശം 15 മിനിറ്റ് കൊള്ളുന്നതുപോലും അപകടകരമാണ്. എന്നാല്‍ എല്ലാവരുടെയും ചര്‍മം ഒരുപോലെയല്ല. പ്രത്യേകിച്ച് വെളുത്ത ചര്‍മമുള്ളവരെ സൂര്യപ്രകാശം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കും. ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് കുറച്ചുകൂടി ക്ഷമതയുണ്ട്. 20 വയസ്സിനു മുന്‍പാണ് ചര്‍മത്തിനു പ്രധാനമായും കേടുപാടുകള്‍ സംഭവിക്കുന്നത്. അതിനുശേഷം ചര്‍മരോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. എന്നാല്‍ പെട്ടെന്ന് അമിതമായി വെയിലേല്‍ക്കുന്ന സാഹചര്യം അര്‍ബുദത്തിന് കാരണമായേക്കാം. ഇവിടെയാണ് സണ്‍സ്‌ക്രീനുകള്‍ ശ്രദ്ധ നേടുന്നത്. 

വാസ്തവത്തില്‍ സണ്‍സ്‌ക്രീന്‍ നമുക്ക് ആവശ്യമുണ്ടോ ?

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത 40 ശതമാനം വരെ കുറക്കുന്നു. അതേസമയം അപകടകാരികളായ രാസവസ്തുക്കളടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സിങ്കും ടൈറ്റാനിയവുമടങ്ങിയ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുക. കൂടാതെ, സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ മുപ്പതോ അതിലധികമോ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പ്രകൃതിദത്തമായ സണ്‍സ്‌ക്രീനുകളായ വെളിച്ചെണ്ണ, കാരറ്റ് ഓയില്‍, ഷിയ ബട്ടര്‍ എന്നിവ ഉപയോഗിക്കാം. 

സണ്‍സ്‌ക്രീനിലടങ്ങിയിരിക്കുന്ന ഓക്‌സിബെന്‍സോണ്‍, ബെന്‍സോഫിനോണ്‍സ്, റെറ്റിനില്‍ പാല്‍മിറ്റേറ്റ്, വിറ്റാമിന്‍ എ പാല്‍മിറ്റേറ്റ്, പാരബെന്‍സ് എന്നിവ അര്‍ബുദത്തിന് കാരണമാകുന്നുവെന്നും ചില പഠനങ്ങളുണ്ട്. സൂര്യപ്രകാശവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലവിധത്തിലുള്ള കണ്ടെത്തലുകളാണുള്ളത് . അതിനാല്‍ വെയില്‍ കൊള്ളുന്ന സാഹചര്യത്തില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അപകടകാരിയല്ലാത്ത സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും ഉച്ചയ്ക്ക് കുറച്ചു മിനിറ്റുകള്‍ വെയില്‍കൊള്ളാനും ശ്രദ്ധിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം . വെയില്‍ കൊള്ളുന്ന സമയം നേരത്തേ പറഞ്ഞതിന്‍പ്രകാരം കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും നിങ്ങളുടെ ചര്‍മത്തിന്റെ നിറത്തിനുമനുസരിച്ച് തീരുമാനിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here