spot_img

വിട്ടു മാറാത്ത തലവേദനയോ? മൈഗ്രൈന്‍ ആകാം

ചെറിയ തലവേദന തന്നെ സഹിക്കാന്‍ പ്രയാസമാണ്. അത് വിട്ടു മാറാത്ത തലവേദനയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. വേദനയുടെ കടുപ്പം വെച്ച്‌ നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പില്‍ നില്‍ക്കുന്ന രോഗമാണ് മൈഗ്രൈന്‍ അഥവാ കൊടിഞ്ഞി. തലയുടെ ഒരു ഭാഗത്തെ മാത്രമാണ് ഇത് ബാധിക്കുന്നത്. തലവേദന കൂടാതെ കാഴ്ചക്കുറവും വെളിച്ചത്തിലും ശബ്ദത്തിലും നില്‍ക്കുമ്പോള്‍ അസ്വസ്ഥതകളും അനുഭവപ്പെടും. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വേദനയാണ് ഇതിന്‍റെ ലക്ഷണം.

തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും വികസിക്കുന്നതുമാണ് മൈഗ്രൈനിന്‍റെ കാരണം. ഇതിന് പിന്നില്‍ ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ട്. സ്ത്രീകളില്‍ ഹോര്‍മോണ്‍ നിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് മൈഗ്രൈന് പിന്നില്‍. ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന വ്യതിയാനം പലപ്പോഴും സ്ത്രീകളില്‍ ഈ രോഗത്തിനുള്ള കാരണമാണ്. ഗര്‍ഭ കാലത്തും ആര്‍ത്തവ വിരാമ കാലത്തും സ്ത്രീകളില്‍ ഇത് കണ്ടു വരുന്നുണ്ട്.

മദ്യപാനവും ഇതിനൊരു കാരണമാണ്. ഇത് കൂടാതെ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ മൂലവും മൈഗ്രൈന്‍ വരാന്‍ സാധ്യതയുണ്ട്. ചില ഘടകങ്ങള്‍ മൈഗ്രൈന്‍ സാധ്യത വര്‍ധിപ്പിക്കാറുണ്ട്. ചോക്ലേറ്റ്, കാപ്പി, ചായ, മദ്യം, കൃത്രിമ മധുരം എന്നിവ പലര്‍ക്കും മൈഗ്രൈന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.  

തലവേദന തുടങ്ങുന്നതിന് മുന്‍പായി പല ലക്ഷണങ്ങളും കാണാറുണ്ട്. കണ്ണിന് മുന്‍പില്‍ പ്രകാശ വലയം കാണുക എന്നതാണ് പലര്‍ക്കും പൊതുവേ അനുഭവപ്പെടാറ്. തലച്ചോറിനു ചുറ്റുമുള്ള കലകളില്‍ നിന്നാകും വേദന തുടങ്ങുക. പിന്നീട് തലവേദനയോടൊപ്പം ശര്‍ദ്ദിയും ഉണ്ടായേക്കാം.

അസുഖത്തിന്‍റെ സ്വഭാവമനുസരിച്ച് കടുത്ത വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്.  അപൂര്‍വ്വം ചില സംഭവങ്ങളില്‍ ശരീരത്തിന്‍റെ ഒരു ഭാഗത്ത്‌ ശേഷിക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. നടക്കുമ്പോള്‍ ബാലന്‍സ് ഇല്ലാതെ വീഴാന്‍ ഒരുങ്ങുന്നതും സംസാരത്തില്‍ അവ്യക്തത ഉണ്ടാകുന്നതും മൈഗ്രൈന്‍ മൂലമാകാം. ചിലപ്പോള്‍ ഈ അസുഖം കണ്ണുകളെയും ബാധിക്കാറുണ്ട്. കാഴ്ചക്കുറവ്, കോങ്കണ്ണ്, കാണുന്നത് രണ്ടായി തോന്നുക എന്നിങ്ങനെ പല തരത്തിലാണ് ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍.

സ്ത്രീകളിലാണ് ഈ രോഗം പ്രധാനമായും കാണപ്പെടുന്നത്. മിക്കവാറും സ്ത്രീകളില്‍ ആര്‍ത്തവത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മൈഗ്രൈന്‍ കാണാറുണ്ട്. ഗര്‍ഭിണികളിലും ഏറിയും കുറഞ്ഞും മൈഗ്രൈന്‍ ഉണ്ടാകാറുണ്ട്. മിക്കവാറും നാല്‍പ്പത് വയസ് കഴിയുന്നതോടെ തലവേദനയുടെ തീവ്രത കുറയാറാണ് പതിവ്. എന്നാല്‍ ചിലരില്‍ ആര്‍ത്തവ വിരാമത്തോടെ ഇത് കൂടാനും സാധ്യതയുണ്ട്.

ക്ലാസിക്കല്‍ മൈഗ്രൈന്‍, കോമണ്‍ മൈഗ്രൈന്‍, ക്ലസ്റ്റര്‍ തലവേദന എന്നിങ്ങനെ മൈഗ്രൈന്‍ മൂന്ന് വിധമുണ്ട്. സാധാരണ തലവേദനയാണ് ക്ലാസിക്കല്‍ മൈഗ്രൈന്‍. ഓക്കാനവും വെളിച്ചത്തോട് വിമുഖതയും ഇതിന്‍റെ ഭാഗമാണ്. കോമണ്‍ മൈഗ്രൈന്‍ പാരമ്പര്യമായി സംഭവിക്കുന്നതാണ്. ഉറക്കത്തില്‍ തുടങ്ങുന്ന തലവേദന രോഗി ഉണരുന്നതോടെ ശക്തമാകും.  

എന്നാല്‍ ക്ലസ്റ്റര്‍ മൈഗ്രൈന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്. തലയുടെ ഒരു ഭാഗത്ത് വേദന തുടങ്ങി ആ ഭാഗത്തെ കണ്ണില്‍ നിന്നും വെള്ളം പുറത്തേക്ക് വരുന്നു. ദിവസവും ഒരേ സമയത്ത് തുടങ്ങുന്ന വേദന എപ്പോഴെങ്കിലും വിട്ട് പോവാനാണ് സാധ്യത. മരുന്നുകള്‍ കൊണ്ട് ഗുണം ചെയ്യാന്‍ പ്രയാസമായതിനാല്‍ ശസ്ത്രക്രിയകള്‍ ചെയ്യാറുണ്ട്.

ചികിത്സ

വേദനയുടെ തീവ്രത കുറയ്ക്കാനായുള്ള മരുന്നുകളാണ് ഇതിന് പ്രധാനമായി നല്‍കുന്നത്. ഇവ കഴിച്ച് കൃത്യമായി വിശ്രമിക്കുന്നത് രോഗിയെ സഹായിക്കും. ട്രിപ്റ്റന്‍, എര്‍ഗോറ്റമൈന്‍ എന്നീ മരുന്നുകള്‍ കൂടാതെ വേദന സംഹാരികളും ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

ഇത് കൂടാതെ ഇരുട്ടുള്ള മുറിയില്‍ കണ്ണടച്ച് വിശ്രമിക്കുന്നത് വേദനയുടെ തീവ്രത കുറക്കാന്‍ സഹായിക്കും. നനഞ്ഞ തുണിയോ ഐസ് പാക്കോ നെറ്റിയില്‍ വെക്കുന്നതും ഫലപ്രദമാണ്. ധാരാളം വെള്ളം കുടിക്കാനും മറക്കണ്ട.

മരുന്നിനോടൊപ്പം ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അസുഖത്തെ പ്രതിരോധിക്കാം. സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടാണ് മൈഗ്രൈന്‍ ഉള്ളതെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് നല്ലതാണ്. പൊണ്ണത്തടിയുള്ളവര്‍ ശരീരഭാരം കുറക്കണം.

മാനസിക സംഘര്‍ഷം പരമാവധി കുറച്ച് സ്വസ്ഥമായി ഇരിക്കാനുള്ള വഴികള്‍ നോക്കുക. ഏതെങ്കിലും പ്രത്യേക ഭക്ഷണമോ മരുന്നുകളോ കഴിക്കുന്നത് മൂലമാണോ തലവേദന എന്ന് ശ്രദ്ധിക്കണം. ഇങ്ങനെ കണ്ടെത്തിയാല്‍ അവ ഒഴിവാക്കാനും മറക്കണ്ട.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.