ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ ഉത്കണ്ഠ അനുഭവിക്കാത്തവരില്ല. ഭയം പോലെ തന്നെയുള്ള വികാരങ്ങളില്‍ ഒന്നാണ് ഉത്കണ്ഠ. സാധാരണയായി അപകട സാധ്യതകളെ നേരിടേണ്ടി വരുമ്പോഴാണ് നമ്മള് ഉത്കണ്ഠാകുലരാകുന്നത്. ഇത്തരം സമയങ്ങളില്‍ നമ്മുടെ ശരീരവും കൈകളും കാലുകളും വിറക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം തൊണ്ട വരണ്ട് സംസാരിക്കാന്‍ പറ്റാതെ വരികയും മറ്റും ചെയ്യാം.
എന്നാല്‍ ചെറിയ കാര്യങ്ങളില്‍ പോലും ഉത്കണ്ഠപ്പെടാന്‍ തുടങ്ങിയാല്‍ അത് രോഗാവസ്ഥയിലേക്ക് മാറും. ഇതിനെയാണ് ഉത്കണ്ഠാ രോഗം എന്ന് പറയുന്നത്. എപ്പോഴും അപകടങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാവുന്നത് ഇത്തരക്കാരുടെ പ്രശ്നമാണ്.
അപകടം സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് തുടങ്ങി അപകടത്തിന് ശേഷം എന്തൊക്കെയാണ് സംഭവിക്കുക എന്ന് വരെ കാട് കേറി ചിന്തിച്ചു കളയും ഇവര്‍. ചിലപ്പോള്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ക്ക് ഇവര്‍ ആശങ്കപ്പെടും. ഒരിക്കല്‍ പോലും സ്വസ്ഥത കിട്ടാതെയുള്ള ജീവിതമാകും ഇവരുടേത്.
എപ്പോഴും തനിക്കോ തന്റെ ഉറ്റവര്‍ക്കോ എന്തെങ്കിലും മോശം സംഭവിക്കുമോ എന്ന് ആകുലപ്പെടും ഇവര്‍. ഇത് വഷളായി ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന അവസ്ഥയിലെത്തും. ഇത് ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും വിട്ട് നില്ക്കാന് രോഗിയെ പ്രേരിപ്പിക്കുന്നു.
അമിതമായാല്‍ ഒരാളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും തന്നെ മാറ്റിക്കളയും ഈ രോഗം. ഈ അവസ്ഥയില്‍ ഉത്കണ്ഠാ രോഗത്തിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.
ഉത്കണ്ഠാരോഗത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. പാരിസ്ഥിതിക കാരണങ്ങള്‍ കൊണ്ടും മാനസിക സംഘര്‍ഷങ്ങള്‍ കൊണ്ടുമാണ് പ്രധാനമായും ഇത് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തല്‍. അച്ഛനമ്മമാരില്‍ ഒരാള്‍ക്ക് എങ്കിലും ഉത്കണ്ഠാ രോഗമുണ്ടെങ്കില്‍ ഇവരുടെ കുട്ടികള്‍ക്കും ഇത് വരാനുള്ള സാധ്യതയുണ്ട്.
വൈകാരികമായ ആഘാതങ്ങള്‍ ചിലപ്പോള്‍ രോഗം വരുന്നതിന് പിന്നില്‍ ഉണ്ടാകാം. ഉത്കണ്ഠാ രോഗങ്ങള്‍ പല തരത്തിലുണ്ട്.
പാനിക് ഡിസോഡര്‍ അഥവാ അമിത ഭീതി
പാനിക് അറ്റാക്കുകളുടെ രൂപത്തിലാണ് ഇതുണ്ടാവുക. പ്രത്യേകിച്ച് മുന്നറിയിപ്പുകള്‍ ഒന്നും തന്നെയില്ലാതെ ഭയം പിടികൂടുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഹൃദയം പടപടാ ഇടിക്കുക, നെഞ്ച് വേദനിക്കുക, അമിതമായി വിയര്‍ക്കുക, ഭ്രാന്ത് പിടിക്കുന്നുവെന്ന് തോന്നുക എന്നതും ഇതിന്റെ ലക്ഷണമാണ്. ചിലപ്പോള്‍ ഹൃദയാഘാതം വരുന്നത് പോലെയും അനുഭവപ്പെടാറുണ്ട്.
ഫോബിയ
ചില അവസരങ്ങളെ പറ്റി ചിന്തിക്കുകയോ വസ്തുക്കളെ കാണുകയോ ചെയ്യുമ്പോള്‍ കാര്യമായി ഉത്കണ്ഠപ്പെടുകയും പിന്നീട് അതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ ചെയ്യുന്നത് ഫോബിയയുടെ ലക്ഷണമാണ്.
ഫോബിയ പല തരമുണ്ട്. തുറസായ സ്ഥലത്ത് തനിയെ ഇരിക്കുക, ആള്‍ക്കൂട്ടത്തില്‍ പെട്ടു പോവുക, തിരക്കുള്ള ബസില്‍ യാത്ര ചെയ്യുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ ചിലര്‍ ഉത്കണ്ഠ അനുഭവപ്പെടാറുണ്ട്. ഇതിനെ അഗോറ ഫോബിയ എന്ന് പറയുന്നു. ഈ രോഗമുള്ളവര്‍ യാത്ര ചെയ്യാന്‍ ഒട്ടും തന്നെ താല്പര്യപ്പെടാറില്ല. വീട്ടില്‍ തന്നെയിരിക്കാനാണ് ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
ചില അനുഭവങ്ങളെ അടിസ്ഥാനമാക്കിയ ഭയങ്ങള്‍ സ്പെസിഫിക് ഫോബിയയില് പെടുന്നവയാണ്. ക്ലോസ്ട്രോഫോബിയ അഥവാ അടച്ചിട്ട മുറിയില്‍ തനിച്ചിരിക്കാനുള്ള പേടി ഈ കൂട്ടത്തില്‍ പെടുന്നു. മൃഗങ്ങളോടും പക്ഷികളോടുമുള്ള പേടിയും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
ആള്‍ക്കൂട്ടത്തെ നേരിടുകയും മറ്റ് ആളുകളുടെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ അമിതമായി ആശങ്കപ്പെടാറുണ്ട്. ഇത്തരം അവസരങ്ങള്‍ ഇവര്‍ മനപൂര്‍വം ഒഴിവാക്കുന്നു. ഇതിനെ സോഷ്യല്‍ ഫോബിയ എന്ന് പറയുന്നു. മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്തായിരിക്കും കരുതുന്നത് എന്നോര്‍ത്ത് മനസു വിഷമിപ്പിക്കും ഇവര്‍. ഇത് മൂലം ചെറിയ സംസാരങ്ങള്‍ പോലും ഇവര്‍ കഴിവതും ഒഴിവാക്കും. ഉത്കണ്ഠ കൂടി സമൂഹവുമായുള്ള ബന്ധം തന്നെ ഇവര്‍ അവസാനിപ്പിച്ചേക്കാം.
ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍
തടയാന്‍ കഴിയാത്ത വിധത്തിലുള്ള പേടിപ്പിക്കുന്ന ചിന്തകള്‍ ഒരാളുടെ മനസില്‍ കടന്നു കൂടാറുണ്ട്. ഇതിനെയാണ് ഒബ്സെഷന് എന്ന് വിളിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഇത്തരത്തില്‍ വരുന്നതാണ്. ശരീരത്തില്‍ അണുക്കള്‍ ഉണ്ടെന്ന് കരുതി വീണ്ടും വീണ്ടും കുളിക്കുന്നതും മറ്റും ഇതിന്റെ ലക്ഷണമാണ്.
കുറ്റബോധം, അമിത പരിശോധന എന്നിവയും ഇവരില്‍ ഉണ്ടാകാറുണ്ട്. അമിത വൃത്തിയാണ് ഇത്തരം രോഗികളില്‍ പൊതുവേ കാണപ്പെടുന്ന ലക്ഷണം.
ചികിത്സ
ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ് ഉത്കണ്ഠ. ഈ രോഗങ്ങളെ കോഗ്നിറ്റീവ് ബീഹേവിയറല്‍ തെറാപ്പിയിലൂടെ ഭേദമാക്കാവുന്നതാണ്. വിദഗ്ദ്ധന്റെ സഹായത്തോടെ പ്രശ്നകാരിയായ പെരുമാറ്റങ്ങളെ തിരിച്ചറിഞ്ഞ് അവയെ നീക്കാന്‍ ഇതിലൂടെ സാധിക്കും.
സൈക്കോ തെറാപ്പിയില്‍ ഒരു മനശാസ്ത്ര വിദഗ്ദ്ധന് രോഗിയോട് സംസാരിക്കും. രോഗിയുടെ വൈകാരിക തലങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.
ഇതോടൊപ്പം ഉത്ക്കണ്ഠ കുറക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നതും രോഗത്തെ അകറ്റാന്‍ സഹായിക്കും. ആന്റി ഡിപ്രസന്റ് മരുന്നുകളും രോഗിയെ സഹായിക്കും. ചിലരില്‍ ജീവിത രീതിയിലും ഭക്ഷണ ക്രമത്തിലും മാറ്റം വരുത്തുന്നത് സഹായകമാകും.