പലര്‍ക്കും അറിയാത്ത കാര്യമാണ് മറ്റു അവയവങ്ങളിലെ രോഗവും വായ്നാറ്റത്തിന് കാരണമാകും എന്നത്. ദന്ത ശുചിത്വത്തിന്റെ കുറവ് മാത്രമല്ല വായ്നാറ്റത്തിന് നിദാനമെന്ന് വൈദ്യശാസ്ത്രം പറയുന്നു. രാവിലെ ഉറങ്ങി എഴുന്നേല്ക്കുമ്പോള് എല്ലാവരിലും വായ്നാറ്റം ഉണ്ടാകും. ഉറക്കുന്ന നേരത്ത് വായിലെ ഉമിനീരിന്റെ പ്രവര്‍ത്തനം കുറയും. ഇത് കാരണം വായിലെ കീടാണുക്കളുടെ പ്രവര്‍ത്തനങ്ങള്‍ കൂടും. ഇവയുടെ പ്രവര്‍ത്തനം കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന രാസ സംയുക്തങ്ങളാണ് ഈ വായ്നാറ്റത്തിന് കാരണം. ഇത് സാധാരണ പല്ല് തേയ്ക്കുന്നതോടെ മാറും.
ഇനി വേറെ ഒരു തരം വായ്നാറ്റമുണ്ട്. അത് ദന്തരോഗ സംബന്ധമായ കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. ദന്തക്ഷയം, മോണവിക്കം, മോണപഴുപ്പ്, നാവിനെ ബാധിക്കുന്ന പൂപ്പല്‍ ബാധ, ഹെര്‍പ്പിസ് വൈറസ് ബാധ മൂലമുണ്ടാകുന്ന ദന്തരോഗങ്ങള്‍ തുടങ്ങിയവയാണ് ഇവ. ഇത് കൂടാതെ ശരീരത്തിലെ മറ്റു അവയവങ്ങളിലെ രോഗങ്ങളും വായ്നാറ്റത്തിന് കാരണമായി മാറും.
മൂക്കിലെയും തൊണ്ടയിലെയും രോഗങ്ങളുടെ പ്രതിഫലനമായി വായ്നാറ്റവും കണ്ടു വരുന്നുണ്ട്. ഇത് രോഗ ലക്ഷമാണ് . സൈനസൈറ്റിസ് , മുക്കിലുള്ള പഴുപ്പ്, ശ്വസനനാളിയിലെ അണുബാധ, ശബ്ദനാളത്തിലെ അണുബാധ, ശബ്ദനാളത്തിലെ അര്‍ബുദം തുടങ്ങിയവയെ ഈ ഗണത്തില്‍പ്പെടുത്താം.
ഉദര സംബന്ധിയായ രോഗങ്ങളും ശ്വാസകോശ സംബന്ധിയായ രോഗങ്ങളും പ്രമേഹവും വായ്നാറ്റത്തിന് കാരണമായി മാറും. ഉദരത്തിലെ അണുബാധ, പഴുപ്പ്, ഗ്യാസ്ട്രബിള്‍, ഹെര്‍ണിയ എന്നിവയിലൂടെ ലക്ഷണമായി വായ്നാറ്റം വരാം.ശ്വാസംമുട്ട്, ആസ്ത്മ, ക്ഷയരോഗം, ശ്വാസകോശാര്‍ബുദം, ന്യൂമോണിയ എന്നിവയാണ് വായ്നാറ്റത്തിന് കാരണമാകുന്ന ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍. കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ ഇവയും വായ്നാറ്റത്തിന് കാരണമാകും.