കേരളത്തിന്‍റെ സംസ്ഥാന ഫലമാണ് ഇന്നിപ്പോള്‍ ചക്ക. ഒരുകാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന ചക്ക അതിന്‍റെ രാജകീയ തിരിച്ചുവരവുകള്‍ നടത്തുകയാണ്. ആ തിരിച്ചു വരവിനെയാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ ‘പ്രഥമ ഫലം’ എന്ന് ആദരിച്ചത്. അറിഞ്ഞതും കേട്ടതും വച്ച് നോക്കിയാല്‍ ഈ ആദരവെല്ലാം ചക്ക അര്‍ഹിക്കുന്നുണ്ടെന്ന് മനസിലാകും. രുചിയും ഗന്ധവും കൊണ്ട് വിസ്മയപ്പെടുത്തുന്ന ഈ ഭീമന്‍ പഴത്തിന് ഗുണങ്ങള്‍ ഏറെയാണ്.
പത്ത് കിലോ ഭാരമുള്ള ഒരു ചക്കപ്പഴത്തില്‍ നിന്ന് അറുനൂറ് രൂപയുടെ മൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ നിര്‍മിക്കാമെന്നത് അതിന്‍റെ വിപണി മൂല്യം കാണിക്കുന്നു. അതിനപ്പുറം വിലമതിക്കാനാകാത്ത പോഷകാഹാര ഘടകങ്ങളാണ് ചക്കയിലുള്ളത്.
പോഷകസമൃദ്ധം
പ്രധാനപ്പെട്ട പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം ചക്കയില്‍ അടങ്ങിയിട്ടുണ്ട്. നൂറു ഗ്രാം ചക്കയില്‍ 82-94 കിലോ കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, അയണ്‍ തുടങ്ങി നിരവധി ധാതുക്കളാല്‍ സമ്പന്നമാണ് ചക്ക. വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളില്‍ ഒന്നായ വിറ്റാമിന്‍ ബി1, ബി2, ബി3 എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ടുന്ന വിറ്റാമിനുകളാണിവ.
ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കണ്ണുകള്‍ക്ക് ഉത്തമം
കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ Aയുടെ കലവറയാണ് ചക്ക. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളുടെ റെറ്റിനയെ സംരക്ഷിക്കുന്നതിനും ഇതാവശ്യമാണ്.
ആന്‍റി ഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നു
പലതരം അസുഖങ്ങളെ ചെറുക്കാനുള്ള ആന്‍ റിഓക്സിഡന്റുകള്‍ ചക്കയിലുണ്ട്. മാനസിക സംഘര്‍ഷം കുറക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ C, ക്യാരറ്റനോയിഡ്സ്, ഫ്ലവനോന്‍സ് എന്നിവയാണ് ചക്കയിലെ മറ്റ് പോഷകങ്ങള്‍.
ശരിയായ ദഹനത്തിന് സഹായിക്കുന്നു
ദഹനപ്രക്രിയ കൃത്യമായി നടക്കാന്‍ പ്രകൃതിദത്തമായ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ചക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനത്തെ എളുപ്പമാക്കുന്നു. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.
ചര്‍മം സംബന്ധിച്ച പ്രശ്നങ്ങളോട് വിട
ചക്കയിലും കുരുവിലും നിറഞ്ഞിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ക്ക് പ്രായം തോന്നിപ്പിക്കാന്‍ കാരണമായ ഫ്രീ റാഡിക്കലുകളളെ ചെറുക്കാന്‍ സാധിക്കും. നല്ല വിറ്റാമിനുകളും പോഷകങ്ങളും രക്തത്തിന്‍റെ സുഗമമായ ഒഴുക്കിന് സഹായിക്കുന്നു. ഇത് കൂടാതെ തൊലിപ്പുറത്തെ പാടുകള്‍, അണുബാധകള്‍ എന്നിവ തടയാനും ഇവ നല്ലതാണ്.
ചക്കക്കുരു നല്ലതാണ്
ചക്കയും കുരുവും ഒരേപോലെ ഭക്ഷ്യ യോഗ്യമാണ്. മാംസ്യത്തിന്‍റെ കാര്യത്തില്‍ മറ്റ് മാംസ്യ സമ്പുഷ്ടമായ ഭക്ഷണങ്ങളോട് കിടപിടിക്കും ചക്കക്കുരു. ഇത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
എല്ലാവരും ഉപേക്ഷിച്ച് കളയുന്ന ചക്കമടലില്‍ പ്രമേഹം, കൊളസ്ട്രോള്‍, ക്യാന്‍സര്‍ എന്നിവ തടയുന്ന പെക്റ്റിന്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എങ്ങനെ നോക്കിയാലും ചക്ക ഒന്നാന്തരം ഒരു വിഭവം തന്നെയാണ്. അടിമുടി പോഷകസമൃദ്ധം.