കാലങ്ങളായി മുറിവുണക്കാനും നീര് പോകാനും എന്നിങ്ങനെ അകമേയും പുറമേയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേദനകള്‍ക്കും മരുന്നായി മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു. ഇത്തരത്തിലുള്ള മഞ്ഞളിന്‍റെ മറ്റൊരു ഗുണമാണ് ഇത് സന്ധി വേദനയെ അകറ്റുമെന്നത്.
വേദനക്ക് ശമനം നല്‍കുമെന്നത് കൂടാതെ സന്ധികളുടെ ആരോഗ്യത്തിനും മഞ്ഞള്‍ നല്ലതു തന്നെ. സന്ധി വാതത്തിന്‍റെ വേദന ശമിപ്പിക്കാന്‍ മൂന്ന് വിധത്തിലാണ് മഞ്ഞള്‍ ഉപയോഗിക്കുക. ഒന്നുകില്‍ കഴിക്കുകയോ അല്ലെങ്കില്‍ കുടിക്കുകയോ പുറമേ തേക്കുകയോ ആകാം.
സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധി രോഗങ്ങളെ ചികിത്സിക്കാന്‍ മഞ്ഞള്‍ നല്ലതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിരുന്നാലും ഈ പ്രകൃതിദത്തമായ മരുന്ന് എല്ലാവര്‍ക്കും ചേര്‍ന്നതല്ല. താഴെ പറയുന്ന പ്രശ്നങ്ങളുള്ളവരാണ് നിങ്ങളെങ്കില്‍ മഞ്ഞളുപയോഗിക്കരുത്.
* രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍
* മഞ്ഞളിനോട് അലര്‍ജിയുള്ളവര്‍
* ഇരുമ്പിന്‍റെ അഭാവം ഉള്ളവര്‍
* ഗര്‍ഭിണിയോ പാലൂട്ടുന്ന അമ്മയോ ആയ സ്ത്രീകള്‍
* പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍
* വൃക്ക രോഗമുള്ളവര്‍
* മുകളില്‍ പറഞ്ഞ കൂട്ടത്തിലല്ല നിങ്ങളെങ്കില്‍ സന്ധിവാതം മൂലമുള്ള വേദനക്ക് നിങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്.
1) മഞ്ഞള്‍ ചായ
ഇടക്ക് ഒരു മഞ്ഞളിട്ട ചായ കുടിക്കുന്നത് രുചി മുകുളങ്ങള്‍ക്കൊരു വിരുന്നാകും. സന്ധി വേദനയ്ക്ക് അത് വലിയൊരു ആശ്വാസവുമാകും. കൂടുതലൊന്നും ചെയ്യേണ്ട, ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. കുറച്ച് ഇഞ്ചി ചിരകിയിട്ട് മധുരത്തിനായി ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കാം. നന്നായി തിളച്ച ശേഷം വാങ്ങി വച്ച് ആറ്റി കുടിക്കുക. ദിവസം രണ്ട് നേരം ഇത് കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് വേദനയ്ക്ക് നല്ല മാറ്റമുള്ളതായി കാണാം. ഇതൊരു ശീലമാക്കി മാറ്റിയാല്‍ സന്ധിവേദന പമ്പ കടക്കും.
2) എണ്ണയും മഞ്ഞളും ചേര്‍ന്ന മിശ്രിതം
മഞ്ഞള്‍ നേരിട്ട് കഴിക്കുന്നത് അത്ര ഭംഗിയായി തോന്നാത്തവര്‍ക്ക് ഇതൊരു പേസ്റ്റ് ആക്കി വേദനയുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ മഞ്ഞള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ച് വേദന മാറ്റാന്‍ സഹായിക്കും. ചെയ്യേണ്ടത് ഇത്ര മാത്രം, ഒരു സ്പൂണ്‍ മഞ്ഞളിലേക്ക് കുറച്ച് എണ്ണ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം വേദനയുള്ള ഭാഗത്ത് പുരട്ടുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടു വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പേസ്റ്റ് പുരട്ടുന്നത് വേദനയകറ്റാന്‍ സഹായിക്കും.
3) മഞ്ഞളും വെള്ളവും
ഇതിനായി അരക്കപ്പ് വെള്ളം തിളപ്പിക്കുക. അതില്‍ കപ്പിന്‍റെ നാലിലൊന്ന് മഞ്ഞള്‍ ചേര്‍ക്കുക. ഇത് കുറുകി കട്ടിയാകുന്നത് വരെ ചെറിയ തീയില്‍ ചൂടാക്കുക. മിശ്രിതം കരിയാതെയിരിക്കാന്‍ ഇളക്കിക്കൊടുക്കുക. ഒരു മാസം വരെ ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയുന്നത് വേദന അകറ്റാന്‍ സഹായിക്കും. ദിവസം രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ സന്ധികളുടെ മാറ്റം തിരിച്ചറിയാം.