കണ്ണിലെ ഒപ്റ്റിക് ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. കണ്ണില്‍ നിന്നും തലച്ചോറിലേക്ക് കാഴ്ച്ചയുടെ സിഗ്നലുകള്‍ എത്തിക്കുന്നത് ഈ ഞരമ്പുകളാണ്. ഇതിനു തകരാറുണ്ടായാല്‍ കാഴ്ച്ചയുടെ സിഗ്നലുകള്‍ എത്താതെ നിങ്ങള്‍ അന്ധനാകുമെന്ന് ചുരുക്കം. ഞരമ്പുകള്‍ക്ക് സംഭവിച്ച തകരാറിന്റെ വ്യാപ്തി അനുസരിച്ച് നിങ്ങളുടെ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് അങ്ങേയറ്റം ശ്രദ്ധിക്കേണ്ട അസുഖമാണ് ഗ്ലോക്കോമ.
കണ്ണുകള്‍ക്കുള്ളിലെ മര്‍ദ്ദം കൂടുന്നതാണ് ഗ്ലോക്കോമയുടെ കാരണം. ഇത് മൂലം കാഴ്ചക്ക് മങ്ങല്‍ അനുഭവപ്പെടുകയും ക്രമേണ അന്ധതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വേണ്ടത്ര പരിഗണിക്കാതെ വിടുകയാണെങ്കില്‍ ഗ്ലോക്കോമ അപകടകാരിയാകുo. കാര്യമായ ലക്ഷണങ്ങളൊന്നും തന്നെയില്ല എന്നതാണ് ഗ്ലോക്കോമയുടെ പ്രധാന പ്രശ്നം. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ വന്ന് കാഴ്ച കവര്‍ന്നെടുക്കുന്ന രോഗമാണ് ഗ്ലോക്കോമ.
ഗ്ലോക്കോമയുടെ കാരണങ്ങള്‍ എന്തൊക്കെ?
നമ്മുടെ ജീവന് നിലനിര്‍ത്താന്‍ രക്തം ചെയ്യുന്ന ജോലി കണ്ണുകള്‍ക്ക് വേണ്ടി ചെയ്യുന്നത് അക്വസ് ഹ്യൂമര്‍ ദ്രാവകമാണ്. ആരോഗ്യമുള്ള കണ്ണ് ആണ് നിങ്ങളുടേതെങ്കില്‍ അക്വസ് ഹ്യൂമര്‍ ദ്രാവകം വറ്റിപ്പോകുന്നതിനനുസരിച്ച് നിര്‍മിക്കപ്പെട്ടു കൊണ്ടിരിക്കും. കണ്ണിന് മുന്‍വശത്തെ അറയിലൂടെ ഡ്രെയ്നേജ് ആംഗിളിലൂടെ ഒഴുകി അക്വസ് ഹ്യൂമര്‍ രക്തത്തില്‍ ചേരും.
ഇതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അക്വസ് ഹ്യൂമര്‍ ദ്രാവകം കൃത്യമായി ഒഴുകിപ്പോകാതെ കെട്ടിനിന്ന് കണ്ണിനുള്ളിലെ മര്‍ദ്ദം, ഐഓപി അഥവാ ഇന്‍ട്രാഒകുലര്‍ പ്രെഷര്കൂടാന് സാധ്യതയുണ്ട്. ഇങ്ങനെ മര്‍ദ്ദം കൂടുന്നത് ഒപ്റ്റിക് ഞരമ്പുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതാണ് ഗ്ലോക്കൊമയുടെ കാരണം.
ഗ്ലോക്കൊമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
കാഴ്ചശക്തി കുറയുമ്പോള്‍ മാത്രമാണ് പലപ്പോഴും നമ്മള് ഈ രോഗം തിരിച്ചറിയുന്നത്. ഒപ്റ്റിക് ഞരമ്പുകള്‍ പൂര്‍ണമായും തകരുന്നത് അന്ധതയിലേക്ക് നയിക്കും. അപൂര്‍വ്വം ചില കേസുകളില്‍ വളരെ പെട്ടെന്ന് കാഴ്ചശക്തി കുറയുന്നു. ഇതിനെ അക്യൂട്ട് ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ എന്നു പറയുന്നു. കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഇത് അന്ധതയ്ക്ക് കാരണമാകും.
കാഴ്ച കുറയുക, കണ്ണുകള്‍ വേദനിക്കുക, ചുവക്കുക, ശര്‍ദ്ദി എന്നിവ അക്യൂട്ട് ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കണ്ട.
ഗ്ലോക്കോമ എത്രതരം?
ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കൊമയാണ് സാധാരണയായി കണ്ടുവരുന്നത്. മറ്റൊന്ന് ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ. ഇത് പതിയെ രൂപപ്പെടുന്നതോ വളരെ പെട്ടെന്നുണ്ടാകുന്നതോ ആകാം.
രോഗനിര്‍ണയം
1. കൃത്യമായ നേത്ര പരിശോധനയാണ് ഇതിനാവശ്യം. കാഴ്ച ശക്തി പരിശോധിക്കുകയും കണ്ണിലെ ഒപ്റ്റിക് ഞരമ്പ് പൂര്‍ണമായും പരിശോധിച്ച് ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം.
2. ടോണോമെട്രി അഥവാ ടോണോമീറ്റര്‍ ഉപയോഗിച്ചുള്ള നേത്ര പരിശോധന- ടോണോമീറ്റര്‍ ഉപയോഗിച്ചാണ് നേത്ര പരിശോധനകളില്‍ കണ്ണിനുള്ളിലെ മര്‍ദ്ദം അളക്കുന്നത്. ഉയര്‍ന്ന റീഡിംഗ് സൂചിപ്പിക്കുന്നത് അക്വസ് ഹ്യൂമര്‍ ദ്രാവകത്തിന്റെ ആധിക്യമാണ്.
3. പെരിമെട്രി അഥവാ വിഷ്വല്‍ ഫീല്‍ഡ് പരിശോധന- കാഴ്ച്ചയുടെ പരിധി ചുരുങ്ങി വരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന ലക്ഷണം. പെരിമെട്രിയില് ഇത് പരിശോധിക്കുന്നു.
4. പാക്കിമെട്രി- കണ്ണിലെ കോര്‍ണിയയുടെ കട്ടി അളക്കുന്ന പരിശോധനയാണ് പാക്കിമെട്രി.
വിട്ടു മാറാത്ത തലവേദയുള്ളവരും ഇടക്കിടെ കണ്ണട മാറ്റുന്നവരുമാണ് നിങ്ങളെങ്കില്‍ ഒട്ടും വൈകാതെ ഡോക്ടറെ കാണിക്കൂ. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ഗ്ലോക്കോമ പരിശോധന നടത്തേണ്ടതാണ്.
എങ്ങനെ ചികിത്സിക്കാം?
തുള്ളി മരുന്നുകളുടെ സഹായത്തോടെ കണ്ണുകളിലെ മര്‍ദ്ദം കുറയ്ക്കുക എന്നതാണ് പ്രധാന ചികിത്സ. മരുന്ന് കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ രോഗം മൂലമുണ്ടാകുന്ന അന്ധത ഒഴിവാക്കാനാകൂ.
ഇത് കൂടാതെ ലേസര്‍ ചികിത്സയും ഇതിനൊരു പരിഹാരമാണ്. അക്വസ് ഹ്യൂമര്‍ ദ്രാവകത്തിന്റെ ഒഴുക്ക് തുടരാനായി കണ്ണിന്റെ ഐറിസില്‍ വേദനാരഹിതമായ രശ്മികള്‍ കടത്തി വിട്ട് സുഷിരങ്ങളുണ്ടാക്കുന്നു. ഇത് രോഗത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.
തുള്ളി മരുന്ന്, ലേസര്‍ ചികിത്സകള്‍ ഫലപ്രദമായില്ലെങ്കില്‍ ശസ്ത്രക്രിയ ആണ് വഴി. അക്വസ് ഹ്യൂമര്‍ ദ്രാവകത്തിന്റെ ഒഴുക്ക് പഴയ പടിയാക്കുക എന്നതാണ് ശസ്ത്രക്രിയയുടെയും ഉദ്ദേശം. ഇതിനായി ഒരു ഡ്രെയിനേജ് ചാനല്‍ സൃഷ്ടിച്ച് കണ്ണിലെ മര്‍ദ്ദം കുറയ്ക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഓപ്പറേഷന് ശേഷവും കണ്ണില്‍ തുള്ളി മരുന്നുകള്‍ ഒഴിക്കുന്നത് തുടരണം. എങ്കിലേ ചികിത്സക്ക് ഫലമുണ്ടാകൂ.