Lilin Mohan, Psycho Social Counsellor
ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് കൊറോണ ഭീതിയിലാണ്. ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച് ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ /കോവിഡ് 19 എന്ന വ്യാധി ഇന്ന് ലോകമെമ്പാടും വ്യാപിച്ച ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഭീതിയുടെ ഇടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്, കൊറോണ ഭീതി മനുഷ്യരിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം.
കൊറോണ വ്യാധിയെ നേരിടാൻ നമ്മൾ ശ്രദ്ധിക്കേണ്ടുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.
പനിയോ മറ്റ് രോഗങ്ങൾ വന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക, വിദേശത്തുനിന്ന് വന്നവർ സർക്കാർ സംവിധാനങ്ങളെ അറിയിക്കുക, കൈകൾ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചു വൃത്തിയായി കഴുകി സൂക്ഷിക്കുക. അതുപോലെതന്നെ പൊതുജനങ്ങൾ മാസ്കോ തൂവാലയോ കൊണ്ട് മറച്ചു പൊതു ഇടങ്ങളിൽ ഇറങ്ങുക തുടങ്ങിയവ.
ലോകം കൊറോണ ഭീതിയുടെ മൂര്ധന്യ അവസ്ഥയിൽ നിൽക്കുമ്പോഴും ചില ആളുകൾ ഈ ദുരിത അവസ്ഥയെ മുതലെടുക്കാൻ ശ്രമിക്കുന്നു. ഒരുപാട് തെറ്റായ വിവരങ്ങൾ അവർ പടച്ചുവിടുന്നു. ഇങ്ങനെയുള്ള വ്യാജ വിവരങ്ങളെ നമ്മൾ പാടെ അവഗണിക്കുക, സർക്കാർ, കളക്ടർ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രം മുഖവിലയ്ക്ക് എടുക്കുക.
സ്കൂൾ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. പലരും ഇതൊരു വെക്കേഷൻ ആയാണ് കരുതുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി എടുക്കുന്ന മുൻകരുതൽ ആണിതെന്ന് നാം മനസിലാക്കുകയും കുഞ്ഞുങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതു പോലെ തന്നെ ഉത്തരവാദിത്തത്തോടു കൂടിയും ജാഗ്രതയോട് കൂടിയും നമ്മൾ പെരുമാറേണ്ട സമയം കൂടി ആണിതെന്ന് ഓർക്കുക.
മാനസികാരോഗ്യം നിലനിർത്തുവാൻ നമ്മൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
മാനസികമോ ശാരീരികമോ സാമൂഹികമോ ആയ ഏത് ഭീഷണിയും ഉണ്ടാകുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സ്വാഭാവിക പ്രതികരണമാണ് പേടി. അതു നമ്മളെ സുരക്ഷിതമാക്കുക എന്നത് മാത്രമല്ല നമ്മുടെ നിലനിൽപ്പിന് സഹായിക്കുക കൂടിയാണ് ചെയ്യുന്നത്.
കൊറോണയെ സംബന്ധിച്ച് പറയുമ്പോൾ കൊറോണ ഒരു സാധാരണ പനിയല്ല . ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരുന്ന ഒരു അസുഖം കൂടിയാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെ അനിശ്ചിതത്വത്തിലാണ് ഇന്ന് നിലനിൽക്കുന്നത്. ഇനി എന്ത് സംഭവിക്കും, ലോകത്തിന്റെ അവസ്ഥ ഇനി എങ്ങനെ മുന്നോട്ടു പോകും എന്നതിനെ കുറിച്ചൊന്നും നമുക്കു വ്യക്തമായ ധാരണയില്ല. ഇത് നമ്മൾ ഓരോരുത്തരെയും ഭീതിയിൽ എത്തിക്കുന്നു. എന്നിരുന്നാലും രോഗ ബാധിതരെ അപേക്ഷിച്ചു മരണ നിരക്ക് കുറവാണ് എന്നത് നമുക്ക് ആശ്വാസകരമാണ്.
കൊറോണ ഭീതിയെ നേരിടാൻ നമ്മൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ….
1. ഒരിക്കലും അനാവശ്യ ഉത്കണ്ഠ വേണ്ട, ജാഗ്രതയോടെ കൂടി ഇരിക്കുക.
2. സർക്കാർ ,ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടും, ഉത്തരവാദിത്തത്തോടും കൂടി പാലിക്കുക. 3.പരമാവധി യാത്രകളും, മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കുക.
4. ആരോഗ്യമേഖലയോടും സർക്കാരിനോടും ഒരു പൗരൻ എന്ന നിലയിൽ ഉള്ള വിശ്വാസത്തിൽ നിലനിൽക്കുക
5. ഏത് സാഹചര്യവും നേരിടുവാൻ മനസ്സിനെയും ശരീരത്തെയും സജ്ജമാക്കുക.
6. നിയമങ്ങളും നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കുക. നിയന്ത്രണങ്ങൾ നമ്മളെ ബുദ്ധിമുട്ടിക്കാൻ അല്ല മറിച്ച് നമ്മുടെ സുരക്ഷയെ മുൻനിർത്തി ആണെന്ന് സ്വയം ബോധ്യപ്പെടുക.
7. നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടി ക്ഷമയോട് കൂടി നിലവിലെ സാഹചര്യങ്ങളെ നേരിടുക.
8. നല്ല ഭക്ഷണ രീതി ,ശുചിത്വം എന്നിവ പാലിക്കുക.
9. പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അതിന് വളരെ പോസിറ്റീവായി കണ്ട് നേരിടുക.
10. കുട്ടികളുണ്ടെങ്കിൽ അവരെ ശരിയായ വിവരങ്ങൾ അവരുടെ പ്രായത്തിനുതകുന്ന രീതിയിൽ പറഞ്ഞു ബോധ്യപ്പെടുത്തുക.
11. മറ്റുള്ളവരുമായുള്ള ബന്ധം നിലനിർത്തുക അതുവഴി വഴി കൊറോണയുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങളും നിർദേശങ്ങളും നമുക്ക് അറിയുന്നതിനു വേണ്ടി സാധിക്കും.
12. അതുപോലെ കൊറോണയുമായി ബന്ധപ്പെട്ട ഭീതി മറികടക്കാൻ സാധിക്കുന്നില്ല എന്ന് തോന്നുകയാണെങ്കിൽ, ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് കൗൺസിലർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധ സഹായം തേടുക.
**നിപ്പ , രണ്ടു പ്രളയംതുടങ്ങി പല പ്രതിസന്ധികളെയും നേരിട്ട ജനതയാണ് നമ്മൾ അതുപോലെ തന്നെ കൊറോണ എന്ന മഹാവ്യാധിയും നമുക്ക് നേരിടാൻ സാധിക്കും. വളരെ പോസിറ്റീവ് ആയി ഉത്തരവാദിത്വത്തോട് കൂടി ഈ മഹാമാരിക്കെതിരെയും പോരാടുവാൻ നാം ഓരോരുത്തരും തയ്യാറാവുക. നമ്മൾ അതിജീവിക്കും ഉറപ്പ്….
**