ഡിസംബര്‍ ഒന്നാണ് ലോക എയിഡ്സ് ദിനമായി ആചരിക്കുന്നത്. ‘Communities make the difference’ എന്നാണ് എയിഡ്സ് ദിനത്തിന്റെ ഈ വര്‍ഷത്തെ തീം. അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (Acquired Immuno Deficiency Syndrome- AIDS ) എന്നതിന്റെ ചുരുക്ക രൂപമാണ് എയിഡ്സ്. എച്ച്ഐവി കാരണമാണ് എയിഡ്സ് ഉണ്ടാകുന്നത്. എച്ച്.ഐ.വി. (ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. WHO യുടെ കണക്ക് പ്രകാരം 2018 ല്‍ ഏകദേശം 38 മില്യണ്‍ ആള്‍ക്കാര്‍ക്ക് ഈ രോഗമുണ്ട്. അത്രയും ഗൗരവകരമായ ഒരു രോഗമാണിത്. ഏകദേശം എട്ട് ലക്ഷം ആളുകള്‍ എയിഡ്സ് കാരണമായി മരിക്കുന്നു. ഇന്ത്യയിലിത് എഴുപതിനായിരമാണ്. വര്‍ഷങ്ങള്‍ കൊണ്ട് നരകിച്ചാണ് ഈ രോഗിയുടെ മരണം.
ലൈംഗിക ബന്ധത്തിലൂടെയാണ് പ്രധാനമായും എച്ച്ഐവി എയിഡ്സ് അണുബാധ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിലൂടെയും ഹോമോ സെക്സ്യുല് ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരാം. രക്തം സ്വീകരിക്കുന്നതിലൂടെ പകരാം. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. അമ്മയ്ക്ക് എയിഡ്സ് ഉണ്ടെങ്കില്‍ അത് കുട്ടിയിലേക്ക് പകരുന്നതിനും സാധ്യതയുണ്ട്. അതേസമയം, എച്ച്ഐവി ബാധിതയായ ആളോടൊപ്പം ഇരുന്നതു കൊണ്ടോ ഭക്ഷണം പങ്കുവെച്ച് കഴിച്ചതു കൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാളിലേക്ക് പകരില്ല.
ലൈംഗിക ബന്ധമാണ് എച്ച്ഐവി പകരാനുള്ള പ്രധാന കാരണം. എച്ച്ഐവി ബാധിതരായ എല്ലാവരും വഴിവിട്ട ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗത്തിന് അടിമയായതെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ഈ ചിന്ത സമൂഹത്തില്‍ നിന്ന് മാറേണ്ടതാണ്. അവരെ മാറ്റി നിര്‍ത്താതെ ഒപ്പം കൂട്ടുകയാണ് വേണ്ടത്. ഇന്ത്യയിലെ നാഷ്ണല്‍ എയ്ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (NACO) ഉണ്ട്. അതിന്റെ കേരള ബ്രാഞ്ച് കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുണ്ട് (KSACS). ഇതിന്റെ കീഴിലും ഗവണ്മെന്റ് തലത്തിലും അല്ലാതെയുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് എയ്ഡ്സ് രോഗികള്‍ക്കായ് നടത്തുന്നത്. ഇങ്ങനെ നമ്മുടെ സമൂഹത്തോട് അവരുടെ കൂട്ടായ്മയെയും ചേര്‍ത്ത് അവരെ മുമ്പോട്ടു കൊണ്ടു പോകാനാണ് ശ്രമിക്കേണ്ടത്. അതോടൊപ്പം രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം.
- അവിഹിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക
2. സ്വന്തം പങ്കാളിയോട് നീതി പുലര്‍ത്തുക
3. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുക
ഈ മൂന്ന് കാര്യങ്ങള്‍ എച്ച്ഐവി പകരുന്നത് തടയുന്നതിന് ഉപകരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി എയിഡ്സ് പകരാതിരിക്കാനും അതു മൂലമുള്ള മരണം കുറയ്ക്കാനും;
രോഗ ബാധിതരെ നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമായി കരുതാനും ഈ എയ്ഡ് ദിനത്തില്‍ നമുക്ക് ആശംസിക്കാം പ്രതീക്ഷിക്കാം പ്രതിജ്ഞയെടുക്കാം.