അധികം പരിഗണനയൊന്നും കിട്ടാത്ത ഒരു പച്ചക്കറിയാണ് കാബേജ്. സദ്യവട്ടങ്ങള്‍ക്കിടയില്‍ ചെറിയ തോരനായോ മറ്റോ ശ്രദ്ധ കിട്ടാതെ പോകുന്ന കാബേജ് വളരെ ചെറിയ അളവിലാണ് പലരും കഴിക്കുന്നത്. എന്നാല്‍ കാബേജിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്. ഗവേഷണങ്ങള്‍ പറയുന്നത് ആന്റിഓക്‌സിന്റ് സമ്പുഷ്ടമായ പച്ചനിറത്തിലും ചുവന്ന നിറത്തിലുമുള്ള കാബേജിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹന വ്യവസ്ഥയെ നന്നായി പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്നാണ്.
കാബേജിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു
കാബേജില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രധാന ജീവകങ്ങളിലൊന്നാണിത്. മുറിവുകളുണ്ടാകുമ്പോള്‍ അമിതമായി രക്തസ്രാവം ഉണ്ടാകാതെ നോക്കുന്നതും വീഴുകയോ മറ്റും ചെയ്യുമ്പോള്‍ ചെറിയ മുഴയോ വീക്കമോ ഉണ്ടായി ചതവേല്‍ക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നത് വിറ്റാമിന്‍ കെ ആണ്. പ്രായമായവരില്‍ എല്ലുകളുടെ ആരോഗ്യത്തിനും ഈ വിറ്റാമിന്‍ ആവശ്യമാണ്.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറക്കുന്നു
കാബേജ് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറക്കുന്നു. പ്രമേഹ രോഗികള്‍ക്ക് പ്രകൃതി ചികിത്സയില്‍ കാബേജ് ഉപയോഗിക്കുന്നു. ആയുര്‍വേദ ചികിത്സയിലും പ്രമേഹരോഗികള്‍ക്ക് കാബേജ് സൂപ്പ് ഡയറ്റില്‍ നിര്‍ദ്ദേശിക്കുന്നു.
- ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു
വിറ്റാമിന്‍ സി ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുക മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് രോഗങ്ങളെ തടയുകയും പക്ഷാഘാത സാധ്യത കുറക്കുകയും ചെയ്യുന്നു. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഹോമോസൈസ്റ്റിന്‍ ഉണ്ടാകുന്നത് ഹൃദയരോഗങ്ങള്‍ക്കും അഥെറോസ്‌ക്ലിറോസിസിനും കാരണമാകും. വിറ്റാമിന്‍ സി തെറാപ്പി ഓക്‌സിഡേറ്റീവ് സ്ട്രസ് കുറച്ച് രക്തത്തില്‍ ഹോമോസൈസ്റ്റിന്റെ തോത് കുറക്കുന്നു. ഇളം കാബേജിലാണ് വിറ്റാമിന്‍ സി കൂടുതലുള്ളത്. അതിനാല്‍ ഭക്ഷണത്തില്‍ കാബേജ് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്.
- ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നു
പ്രമേഹം മുതല്‍ ഹൃദ്രോഗം, അര്‍ബുദം എന്നിവ വരെ പലവിധ രോഗങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഓക്‌സിഡേറ്റീവ് സ്ട്രസ്. പച്ചക്കറികളില്‍ ഏറ്റവുമധികം ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നത് ചുവന്ന കാബേജിലാണ് എന്ന് പഠനങ്ങള്‍ പറയുന്നു. കാബേജിലെ ഫിനോലിക് ഘടകങ്ങളാണ് ഇതിനു കാരണം.
- മുറിവുകള്‍ ഉണക്കുന്നു
തൊലിപ്പുറത്തെ മുറിവുകളുണക്കുന്നതിന് ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന പരമ്പരാഗത ഔഷധമാണ് കാബേജ്. കാബേജിലുള്ള ഷുഗറിന് തൊലിപ്പുറത്തെ മുറിവിനെ കൂട്ടിച്ചേര്‍ത്ത് പെട്ടെന്ന് ഉണക്കാന്‍ കഴിയുന്നു.
- മലബന്ധം സുഖപ്പെടുത്തുന്നു
ആരോഗ്യവാനായ ഒരു മനുഷ്യന് മലബന്ധമുണ്ടാകുന്നത് ഭക്ഷണത്തില്‍ ആവശ്യത്തിന് ഫൈബര്‍ ഇല്ലാതെ വരുമ്പോഴാണ്. മലബന്ധം ചെറുക്കുന്നതിന് ഇതിലെ ഘടകങ്ങള്‍ സഹായിക്കുന്നു. മറ്റു പല പച്ചക്കറികളും ക്യാരറ്റ്, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങളും മലബന്ധത്തെ സുഖപ്പെടുത്തുന്നതു പോലെ കാബേജും ദഹനം സുഗമമാക്കി മലബന്ധം തടയുന്നു.
- തലച്ചോറിന് പ്രായമാകുന്നത് തടയുന്നു
പ്രായം കൂടുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. ആധുനിക പഠനങ്ങള്‍ പറയുന്നത് ഇതിനു കാരണം ഓക്‌സിഡേറ്റീവ് സ്ട്രസ് ആണെന്നാണ്. ചുവന്ന കാബേജിലെ സത്ത ഓക്‌സിഡേഷന്‍ പിന്നോട്ടാക്കുകയും ഗ്ലൂട്ടാത്തിയോണ്‍ തോത് തിരിച്ചുപിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടകമാണ് ഗ്ലൂട്ടാത്തിയോണ്‍.